ഒരു ദേശീയ ശാസ്ത്രദിനം കൂടി കടന്നുപോയിരിക്കുന്നു. പല പ്രമുഖ വനിതാ ശാസ്ത്രജ്ഞരും അതീവ സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലിംഗനീതിയും സമത്വവും മതിയായ പിന്തുണയും കിട്ടാത്തതാണ് ഇവരെ സമ്മർദ്ദത്തിലാക്കുന്നത്. നൊബേൽ സമ്മാനജേതാവായ സി വി രാമൻ 1928 ഫെബ്രുവരി 28ന് രാമൻപ്രഭാവം കണ്ടെത്തിയതിന്റെ സ്മരാണാർത്ഥമാണ് രാജ്യം എല്ലാക്കൊല്ലവും ഈ ദിനം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. രാമൻപ്രഭാവത്തിന് 1930ലാണ് നൊബേൽ ലഭിച്ചത്.
ആഗോളതലത്തിൽ സമർപ്പിക്കപ്പെട്ട 607 നൊബേൽ പുരസ്കാരങ്ങളിൽ വെറും 20 എണ്ണം മാത്രമാണ് സ്ത്രീകൾക്ക് ലഭിച്ചിട്ടുള്ളത്. ശാസ്ത്രമേഖലയിലെ സ്ത്രീകളുടെ ജോലി അതീവ ശ്രമകരമാണെന്നാണ് ഗ്രേറ്റർ നോയ്ഡയിലെ ശിവനാടാർ സർവകലാശാല വൈസ്ചാൻസിലർ രൂപ മഞ്ജരി ഘോഷ് അഭിപ്രായപ്പെടുന്നത്.
ദീർഘനേരം ജോലി ചെയ്യേണ്ടി വരുമ്പോൾ മതിയായ സുരക്ഷ ഇല്ലായ്മ അതിൽ പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ലിംഗപരമായ അസമത്വങ്ങളും ഈ മേഖലയിൽ ഏറെയുണ്ടെന്ന് പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാല ഗവേഷണ വികസന വകുപ്പ് മേധാവി ജി ഗീത ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ നേതൃത്വം നൽകുന്ന പല പദ്ധതികളും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ശാസ്ത്രസാങ്കേതിക രംഗത്തെ മികവിന് നൽകുന്ന ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരം ലഭിച്ച 560 പേരിൽ പതിനെട്ട് പേർ മാത്രമാണ് സ്ത്രീകളെന്നും അവർ പറഞ്ഞു.
രാജ്യത്തെ പരമോന്നത ബഹുവിഷയ ശാസ്ത്ര പുരസ്കാരമാണിത്. മുതിർന്ന ശാസ്ത്രജ്ഞരുടെ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങളിൽ അഞ്ചിലൊന്ന് മാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യം. 2018ൽ 54 ജേർണലുകളിലായി പ്രസിദ്ധീകരിക്കപ്പെട്ട 293,557 ഗവേഷണ ലേഖനങ്ങളിൽ 18.1ശതമാനം മാത്രമാണ് സ്ത്രീസാന്നിധ്യം. ഇതിനൊരു അറുതി ഉണ്ടാകണമെങ്കിലും സ്ത്രീകൾക്ക് സമത്വം ലഭിക്കണമെങ്കിലും സംസ്ഥാന കേന്ദ്രസർക്കാരുകൾ സ്ത്രീകൾക്ക് സ്റ്റാർട്ടപ്പുകൾക്കും ഗവേഷണത്തിനും യാത്രകൾക്കും മറ്റും ഗ്രാന്റുകൾ നൽകണമെന്ന് പ്രൊഫ.ഗീത അഭിപ്രായപ്പെടുന്നു. സർവകലാശാലകളും വനിതാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നയരൂപീകരണ സമിതി അംഗങ്ങളായോ അധ്യക്ഷകളായോ വനിതകൾ ഉണ്ടോയെന്നതിനെക്കുറിച്ച് ഒരു സർവെ നടത്തേണ്ടതുണ്ടെന്നും ഗീത അഭിപ്രായപ്പെടുന്നു.
രാജ്യത്ത് ശാസ്ത്രമേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വൻ കുതിച്ച് ചാട്ടമുണ്ടായെന്നാണ് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജിയിലെ മുഖ്യ ശാസ്ത്രജ്ഞ മഞ്ജുള റെഡ്ഡിയുടെ അഭിപ്രായം. എന്നാല്‍ അടിസ്ഥാനമേഖലയിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നാം ഏറെ പിന്നിലാണെന്നും 2019ലെ ഇൻഫോസിസ് പുരസ്കാര ജേതാവ് കൂടിയായ മഞ്ജുള പറയുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന ആവശ്യവും അവർ മുന്നോട്ട് വയ്ക്കുന്നു. കൃത്യമായി പണം നൽകിയും വിദ്യാഭ്യാസ‑ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയും ഇത് പരിഹരിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി. അടിസ്ഥാന ഗവേഷണം ഒരു വികസന പരിപാടിയാണ്. ഇതിന് ഉടനടി ഫലമുണ്ടാകണമെന്നില്ല.
എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് സുസ്ഥിരമായ സംഗതിയാണ്. ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ഇത് അടിസ്ഥാനശിലകളായിരിക്കുമെന്നും അവർ വിശദീകരിച്ചു. പലമേഖലകളിലും പല ശാസ്ത്രജ്ഞരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. എന്നാൽ ചില മേഖലകളിൽ നൈപുണ്യമില്ലായ്മ പ്രകടമാണ്. പല വിഷയങ്ങളിലും ഇന്ത്യയിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ നടക്കുന്നില്ലെന്ന് 2016ലെ ഇൻഫോസിസ് ശാസ്ത്രപുരസ്കാര ജേതാവായ ഗഗൻ ദീപ് കാങ് ചൂണ്ടിക്കാട്ടുന്നു.
English Summary: Women scientist in the country without gender equality and support
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.