Web Desk

January 10, 2020, 3:20 pm

മക്കളുടെ വിശപ്പകറ്റാൻ മുടി മുറിച്ച് വിറ്റ് ഒരമ്മ, ദൂരെയെങ്ങുമല്ല നമ്മുടെ തൊട്ടടുത്ത് തന്നെ!

Janayugom Online

സേലം: മക്കളുടെ വിശപ്പ് അകറ്റാൻ തലമുടി മുറിച്ച് വിറ്റ് അമ്മ. തമിഴ്നാട് സേലം സ്വദേശിയായ പ്രേമയാണ് സ്വന്തം മക്കളുടെ വിശപ്പ് അകറ്റാൻ 150 രൂപയ്ക്ക് തലമുടി മുറിച്ച് വിറ്റത്. കടബാധ്യതയെത്തുടർന്ന് ഭർത്താവ് സെൽവൻ ആത്മഹത്യ ചെയ്തിരുന്നു. കടബാധ്യതയും പട്ടിണിയും മൂലം കുടുംബം കഷ്ടപ്പെടുകയായിരുന്നു. പണമാവശ്യപ്പെട്ട് ബന്ധുക്കളയേയും അയൽക്കാരേയും സമീപിച്ചിരുന്നെങ്കിലും ആരും തയ്യാറല്ലായിരുന്നു. ഇതോടെയാണ് തലമുടി മുറിച്ച് പണം വാങ്ങാൻ പ്രേമ തീരുമാനിച്ചത്. വി​ഗ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു പ്രേമ മുടി മുറിച്ചു നൽകിയത്.

തലമുടി കൊടുത്താൽ പണം കിട്ടുമെന്നതറിഞ്ഞതോടെ പ്രേമ മറ്റൊന്നും ചിന്തിച്ചില്ല. മുടി വിറ്റ് കിട്ടിയ 150 രൂപയിൽ 100 രൂപ കൊണ്ട് ഭക്ഷണസാധനങ്ങൾ വാങ്ങിച്ചു. ബാക്കി പണം കൊണ്ട് കീടനാശിനി വാങ്ങിച്ച് ആത്‍മഹത്യ ചെയ്യാൻ ആയിരുന്നു തീരുമാനം. എന്നാൽ, കടക്കാരൻ കീടനാശിനി നൽകിയില്ല. ഇതേ തുടർന്ന്, അരളി വിത്ത് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രേമ ശ്രമിച്ചിരുന്നത്. എന്നാൽ, തക്കസമയത്ത് സഹോദരി കണ്ടതോടെ പ്രേമ മരണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

ജി ബാല എന്ന വ്യക്തിയാണ് പ്രേമയുടെ ജീവിതകഥ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നൊമ്പരപ്പെടുത്തുന്ന കഥ കേട്ടറിഞ്ഞ് നിരവധി പേരാണ് പ്രേമയെയും മക്കളെയും സഹായിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Eng­lish sum­ma­ry: Women sells her hair to feeds her children

YOU MAY ALSO LIKE THIS VIDEO