August 9, 2022 Tuesday

വിവാഹ സമ്മാനങ്ങളിൽ സ്ത്രീകൾക്കുകൂടി അവകാശം ലഭിക്കണം; വനിതാ കമ്മിഷൻ

Janayugom Webdesk
തിരുവനന്തപുരം
February 15, 2020 10:07 am

വിവാഹത്തിന് സ്ത്രീകൾക്ക് ലഭിക്കുന്ന സമ്മാനങ്ങളിലും സ്ത്രീധനത്തിലും സ്ത്രീകൾക്ക് അവകാശം ലഭിക്കുന്ന വിധം നിയമ നിർമ്മാണം നടത്തണമെന്ന് വനിതാ കമ്മിഷൻ. അതിന്റെ നിയമ വശങ്ങൾ ബന്ധപ്പെട്ടവർ ചർച്ച ചെയ്യാൻ തയ്യാറാകണം. മാതാപിതാക്കൾ വിവാഹത്തോടനുബന്ധിച്ച് നൽകുന്ന സമ്മാനങ്ങളും സ്ത്രീധനവും തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന പൊതു സാമൂഹ്യബോധം സ്ത്രീകൾക്കുണ്ടാവണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. സ്ത്രീധനം നിരോധിച്ചിട്ടും പല രൂപത്തിൽ അത് ഇപ്പോഴും തുടരുകയാണെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. ഇതിനെതിരെ കമ്മിഷൻ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്നും എം സി ജോസഫൈൻ പറഞ്ഞു. കമ്മിഷൻ തിരുവനന്തപുരത്ത് നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കമ്മിഷനു മുന്നിലെത്തുന്ന സ്ത്രീധന സംബന്ധമായ പരാതികളിൽ കൂടുതലും വിവാഹിതയായ സ്ത്രീകളുടെ സ്വർണ്ണവും പണവും ഭർത്താവിന്റെ വീട്ടുകാർ കൈവശം വയ്ക്കുന്നുവെന്നതാണ്. ഇത് പിന്നെ സ്ത്രീകൾക്ക് ഒരാവശ്യത്തിനും ലഭിക്കുന്നില്ല.

ഭർത്താവിന്റെ വീട് നിർമ്മാണത്തിനോ ഭർതൃകുടുംബത്തിലെ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുകയാണ്. വിവാഹജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകൾ മാത്രം സാമ്പത്തികമായും അല്ലാതെയും ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഇതിനെതിരെ സമൂഹത്തിൽ ഉയർന്ന തലത്തിലുള്ള ബോധവൽക്കരണം വേണം. വിവാഹിതയായ സ്ത്രീകൾക്ക് മാത്രം അവകാശപ്പെട്ടതാണ് അവർക്ക് ലഭിക്കുന്ന വിവാഹസമ്മാനങ്ങളെന്ന പൊതുബോധം ഉണ്ടാകണം. പുതു തലമുറയിലെ കുട്ടികൾ നിയമലംഘനം നടത്തുമ്പോൾ അത് പ്രോത്സാഹിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുകയാണെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എം എസ് താര പറഞ്ഞു. സമൂഹത്തിൽ പുതുതലമുറ നടത്തുന്ന അപചയങ്ങൾക്ക് മാതാപിതാക്കളും ഉത്തരവാദികളാണ്. മറ്റുളളവർക്ക് ബുദ്ധിമുട്ടാവുന്ന വിധം നടത്തുന്ന ഏതു പ്രവർത്തിയും നിയമലംഘനമാണെന്നും അത് ശരിയല്ലെന്നുമുള്ള ബോധം രക്ഷിതാക്കൾ കുട്ടികളിൽ വളർത്തണം.

രാത്രികാലങ്ങളിൽ തന്റെ വീടിനുസമീപം ബൈക്ക് റേസിംഗ് നടത്തിയ ഒരു സംഘം കൗമാരക്കാരെ ചോദ്യം ചെയ്തതിനാൽ തന്റെ ഭർത്താവിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സ്ത്രീ നൽകിയ പരാതിയിലാണ് കമ്മിഷൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദാമ്പത്യപ്രശ്നങ്ങൾ സംബന്ധിച്ച മൂന്ന് കേസുകൾ വന്നതിൽ ഒരെണ്ണത്തിൽ ദമ്പതികളെ യോജിപ്പിച്ച് വിടാൻ കഴിഞ്ഞതായി കമ്മിഷൻ അംഗം ഇ എം രാധ പറഞ്ഞു. ദമ്പതികളുടെ മാതാപിതാക്കളുടെ ഇടപെടലുകളാണ് മിക്ക ബന്ധങ്ങളിലും വില്ലനായി മാറുന്നത്. കൗൺസിലിംഗിലൂടെ ഇത് ശരിയാക്കാൻ ശ്രമം തുടരുകയാണെന്നും കമ്മിഷന് മുന്നിലെത്തിയ കേസുകൾ പരിഗണിച്ച ഇം എം രാധ പറഞ്ഞു. 210 കേസുകൾ പരിഗണിച്ചു. 47 എണ്ണം തീർപ്പാക്കി. കൗൺസിലിംഗിന് നാലും റിപ്പോർട്ടിനായി ആറും പരാതികൾ അയച്ചു. അടുത്ത അദാലത്തിലേക്ക് 153 കേസുകൾ മാറ്റിവെച്ചു. അദാലത്തിൽ ഡയറക്ടർ വി യു കുര്യാക്കോസ്, സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ, സബ് ഇൻസ്പെക്ടർ രമ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.