26 March 2024, Tuesday

സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്; സായുധസേനയില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി
August 18, 2021 10:30 pm

നാഷണല്‍ ഡിഫന്‍സ് അക്കാഡമിയുടെ (എന്‍ഡിഎ) പ്രവേശന പരീക്ഷയില്‍ വനിതകള്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹൃഷികേശ് റോയി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് പരീക്ഷ. സായുധ സേനയിൽ കൂടുതൽ സ്ത്രീകളുടെ പ്രവേശനത്തിന് വഴിതുറക്കുന്ന സുപ്രധാന ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

സായുധസേനയിലെ വനിതാപ്രാതിനിധ്യത്തിന്റെ കാര്യത്തിലെ ഇടുങ്ങിയ മനഃസ്ഥിതിയെ കോടതി വിമര്‍ശിച്ചു. മാനസികാവസ്ഥയുടെ പ്രശ്നമാണിത്​. ലിംഗ വിവേചനത്തിന്റെ പ്രശ്നമാണിത്. ഉത്തരവിറക്കാൻ നിർബന്ധിക്കരുത്​. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് സേനാവിഭാഗങ്ങള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വനിതകള്‍ക്കും എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതിന് വേണ്ട പ്രചാരണം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായാകും പരീക്ഷാ ഫലമെന്നും ഉത്തരവില്‍ പറയുന്നു. റിക്രൂട്ട്മെന്റ് നയം വിവേചനപരമല്ലെന്നും സ്ത്രീകൾക്ക് അപേക്ഷിക്കാൻ ധാരാളം അവസരങ്ങളുണ്ടെന്നും സർക്കാർ വാദിച്ചു. വ്യത്യസ്തമായ പരിശീലനമുറകളാണ്. ആത്യന്തികമായി ദേശീയ സുരക്ഷയുടെ കാര്യമാണെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. എന്നാൽ സർക്കാരിന്റെ വാദങ്ങള്‍ വിവേചനപരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.

എൻ‌ഡി‌എ പ്രവേശന പരീക്ഷയെഴുതാന്‍ സ്ത്രീകളെ അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധമാണെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സെപ്റ്റംബര്‍ എട്ടിന് ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

സേനയില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു.

Eng­lish Sum­ma­ry: Women should not be denied oppor­tu­ni­ty; The Supreme Court has ruled that women can also join the Armed Forces

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.