വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഓഗസ്റ്റ് 1 ന് കൊച്ചിയില്‍

Web Desk

കൊച്ചി

Posted on July 08, 2019, 5:06 pm

വനിതാ സംരംഭങ്ങളുടെ വിപുലമായ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) കൊച്ചിയില്‍ രാജ്യത്തെ ഏറ്റവും വലിയ വനിതാ സ്റ്റാര്‍ട്ടപ് ഉച്ചകോടിയായ ‘വിമന്‍ സ്റ്റാര്‍ട്ടപ് സമ്മിറ്റ് 2019’ സംഘടിപ്പിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനു (സിഐഐ) കീഴിലുള്ള ഇന്ത്യന്‍ വിമന്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ച് ഓഗസ്റ്റ് ഒന്നിന് കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലാണ് ഉച്ചകോടി നടത്തുന്നത്.  കേരളത്തിലെ സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തില്‍ 13 ശതമാനം വനിതാ പങ്കാളിത്തമുണ്ട്. ഈ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ കൈക്കൊണ്ടിരുന്നു. വനിതാ സംരംഭങ്ങളെ സഹായിക്കുന്നതിനായി വിവിധ നയങ്ങളും പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വനിതകള്‍ക്കായി വനിതകളാല്‍ നടത്തപ്പെടുന്ന സംരംഭങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രയോജനപ്പെടുത്താം. സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഉച്ചകോടിയില്‍ പങ്കുവയ്ക്കും.

സംരംഭകരാകാന്‍ താല്പര്യമുള്ള വനിതകളെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സംരംഭക അന്തരീക്ഷം വളര്‍ത്തിയെടുക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം. നേതൃനിരയിലുള്ള വിജയികളും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും നയകര്‍ത്താക്കളുമടക്കമുള്ളവര്‍ തങ്ങളുടെ അനുഭവങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കുന്ന ഏകദിന സമ്മേളനത്തില്‍ ‘എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സംരംഭക അന്തരീക്ഷ വികസനം’ എന്നതാണ് മുഖ്യവിഷയം. വനിതാ ഉദ്യോഗസ്ഥര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വന്‍കിട സ്ഥാപനങ്ങളുടെ നേതൃനിരയിലുള്ളവര്‍ക്കും സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ക്കും ഇതില്‍ പങ്കെടുക്കാം.

ചൈനയില്‍ നടക്കുന്ന ആഗോള വനിതാ സാങ്കേതിക സ്റ്റാര്‍ട്ടപ് മേളയായ ‘ഷി ലവ്‌സ് ടെക്ക്2019’ന്റെ ദേശീയ ഗ്രാന്റ് ചലഞ്ചിലെ ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്ന ഇരുപതോളം വനിതാ സംരംഭങ്ങളെ ഇതില്‍ അവതരിപ്പിക്കും. വനിതാ സംരംഭകര്‍ക്കും വനിതാകേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായുള്ള ആഗോള വേദിയാണ് ‘ഷി ലൗവ്‌സ് ടെക് 2019’ എന്ന ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 30. വിശദവിവരങ്ങള്‍ക്ക് https://startupmission.in/womensummit/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ ശാലിനി വിആര്‍ 9633245595.