കളിക്കളത്തിലെ പെണ്‍കരുത്ത്

Web Desk
Posted on May 22, 2019, 2:11 pm
athulya

അതുല്യ എന്‍ വി

തിരുവനന്തപുരം: ”ഒരു നാള്‍ ഞങ്ങളണിയും ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്‌സി”…ഇത് വെറും സ്വപ്‌നമല്ല.. ഉറച്ച തീരുമാനത്തിന്‍ കരുത്തുള്ള അവരുടെ വാക്കുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസത്തിന്‍ നേരുണ്ട്. കളിക്കളവും കളിയാരവങ്ങളും ഹരമാണ്..അതിലുപരി ജീവിതമാണ് ഈ പെണ്‍നാമ്പുകള്‍ക്ക്. കളിയെ കാര്യമായിക്കണ്ട് കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ട്രാവന്‍കൂര്‍ വനിതാക്രിക്കറ്റ് ടീമിലെ ചുണക്കുട്ടികള്‍.

പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചത് ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ്. ട്രാവന്‍കൂര്‍ വനിതാ ക്രിക്കറ്റ് ക്ലബ് …
വനിതകളോടും കുഞ്ഞുങ്ങളോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത കര്‍ത്തവ്യമികവിനാല്‍ വരച്ചുകാട്ടിയ മന്ത്രി കെ കെ ശൈലജയാണ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തതും ഇത്തരത്തിലൊരു മഹത്തായ ഉദ്യമത്തിന് തുടക്കം കുറിച്ചതും. ക്രിക്കറ്റ് കളിയില്‍ പെണ്‍ഗാഥ രചിക്കാനിറങ്ങിയ കുട്ടികളെ നാളെയുടെ വാഗ്ദാനമാക്കിമാറ്റാന്‍ എല്ലാവിധ പിന്തുണയും ക്ലബ്ബ് നല്‍കിവരികയാണ്. ”ആണ്‍കുട്ടികള്‍ക്ക് വേണ്ടി നിരവധി ക്ലബ്ബുകളും അക്കാഡമികളും കേരളത്തിലുണ്ടെങ്കിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായൊരു ക്ലബ്ബ് നിലവിലില്ല.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാഡമികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ലബ്ബ് തല മത്സരങ്ങളുള്‍പ്പെടെ കൂടുതല്‍ അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്കൊരുക്കാന്‍ ക്ലബ്ബ് അനിവാര്യമാണെന്ന തോന്നലാണ് തിരുവനന്തപുരത്ത് ട്രാവന്‍കൂര്‍ വനിതാ ക്രിക്കറ്റ് ക്ലബ്ബ് പിറവിയെടുക്കാനിടയായത്. പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ സമൂഹം സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ ഭേദിച്ച് വീറും വാശിയുമുള്ള കളിക്കാരെ സൃഷ്ടിക്കാന്‍…അതിലൂടെ കരുത്തുറ്റൊരു വനിതാസമൂഹത്തെ വാര്‍ത്തെടുക്കാന്‍” ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് ശ്രീധര്‍ പറയുന്നു. ക്രിക്കറ്റിനോട് അഭിനിവേശമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ചേര്‍ന്നാണ് ക്ലബ്ബ് രൂപീകരിച്ചത്. തങ്ങളുടെ പെണ്‍കരുത്തുകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍.. കുറഞ്ഞത് ജില്ലാതല മത്സരങ്ങളിലെങ്കിലും പങ്കെടുത്തിട്ടുള്ള മുപ്പതോളം കുട്ടികളാണ് ക്ലബ്ബിന് കീഴില്‍ പരിശീലനം ചെയ്യുന്നത്. ഒന്‍പതിനും ഇരുപത്തിയഞ്ചിനും ഇടയിലുള്ളവര്‍..കളിക്കളത്തിലും പെണ്‍കരുത്ത് അറിയിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍…
”ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം. മിതാലിരാജിനെപോലെ ..അതിന് വേണ്ടി മാത്രമാണ് സ്‌കൂള്‍ ലൈഫ് വരെ ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്യുന്നത്” ടീം ക്യാപ്റ്റന്‍ ദിയാ ഗിരീഷിന്റെ വാക്കുകളില്‍ വ്യക്തമാണ് അവളുടെ ആഗ്രഹത്തിന്റെ, ലക്ഷ്യത്തിന്റെ ആഴം.

പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ഹോം സ്‌കൂളിംഗ് ആണ് കുട്ടികളില്‍ പലരും തെരഞ്ഞെടുത്തിരിക്കുന്നത്. ക്ലാസും, കൂട്ടുകാരും, ഫ്രീ പീരിയഡും ആഘോഷമാക്കേണ്ട ദിനങ്ങള്‍… അതിന്റെ വില അറിഞ്ഞുകൊണ്ട് തന്നെ അവരത് മാറ്റി വച്ചത് ആഗ്രഹങ്ങളോരോന്നായി സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ്. ”ക്രിക്കറ്റില്‍ ഒരു നല്ല കരിയര്‍ ഉണ്ടാവണം എന്നാണ് ആഗ്രഹം. ഇന്ത്യന്‍ ജെഴ്‌സിയണിയണം. അതിനായി ഞങ്ങള്‍ മാത്രമല്ല രക്ഷിതാക്കള്‍, കോച്ച്, ക്ലബ്ബിലുള്ളവര്‍ അങ്ങനൊത്തിരിപേര്‍ പ്രയത്‌നിക്കുന്നുണ്ട്” ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെസിയ സബിന്‍ പറയുന്നു. കോച്ചിനെ പറ്റി പറയുമ്പോള്‍ വാചാലയാവുകയാണ് ആ പതിനഞ്ചുകാരി. ”കഠിനാധ്വാനിയാണദ്ദേഹം. പരിശീലകന്‍ മാത്രമല്ല ഞങ്ങളുടെ നല്ലൊരു സുഹൃത്തും കൂടിയാണ്. ഞങ്ങള്‍ക്കുവേണ്ടി ഒത്തിരി പ്രയത്‌നിക്കുന്നതിനോടൊപ്പം ഒത്തിരി പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്”.
ക്ലബ്ബിന്റെ പരിശീലകനായ മനു എം പത്ത് വര്‍ഷത്തോളമായി ഈ രംഗത്തുണ്ട്. ആണ്‍ പെണ്‍ ഭേദമില്ലാതെ ക്രിക്കറ്റ് പരിശീലിപ്പിക്കുന്ന മനുവിന് ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ മുന്നേറാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. ചെറിയ പോരായ്മകള്‍ മാറ്റിയെടുക്കുവാന്‍ ആണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ”പുരുഷന്മാരെ മുന്‍നിര്‍ത്തിയാണ് എല്ലാ കാലത്തും സ്ത്രീകളെ സമൂഹം താരതമ്യം ചെയ്യുന്നത്. കാര്യക്ഷമതയുടെ കാര്യത്തിലും മറിച്ചല്ല സ്ഥിതിഗതി. എന്നാല്‍ ഇതുപോലുള്ള ക്ലബ്ബുകളുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ മുന്‍ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലുണ്ടെങ്കില്‍ ലിംഗവിവേചനത്തിന് യാതൊരുവിധ പ്രസക്തിയും സമൂഹത്തില്‍ നിലനില്‍ക്കില്ലെന്നും ക്ലബ്ബിലെ പെണ്‍കരുത്ത് അവര്‍ കൈവരിച്ച നേട്ടങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുക തന്നെ ചെയ്യും” മനു പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും പരിശീലനം നടക്കുന്നുണ്ട്. കൂടാതെ മോട്ടിവേഷന്‍ ക്ലാസ്, മുതിര്‍ന്ന കളിക്കാരുടെ ക്ലാസുകള്‍, ഭാഷാ പരിജ്ഞാന ക്ലാസുകള്‍, ഫിറ്റ്‌നെസ് ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കാന്‍ ക്ലബ്ബ് തയ്യാറെടുക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റേയും തിരുവനന്തപുരം ജില്ലാ അസോസിയേഷന്റേയും സഹകരണത്തോട് കൂടിയാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയവും സെന്റ്‌സേവിയേര്‍സ് കോളജ് ഗ്രൗണ്ടുമാണ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്.

ക്ലബ്ബ് രൂപീകരിച്ചതിന് ശേഷം രണ്ട് ടൂര്‍ണമെന്റുകളില്‍ ടീം പങ്കെടുത്തു. കൊല്ലം ഹരിപ്പാടില്‍ നടന്ന മനേഷ് മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ കൊയിലോണ്‍ ഗേള്‍സ് ഇലവനെ പിന്നിലാക്കി ട്രാവന്‍കോര്‍ ഗേള്‍സ് ക്രിക്കറ്റ് ടീം വിജയിച്ചു. അതിന് ശേഷം നടന്ന മാര്‍ഷാല്‍സ് ടൂര്‍ണമെന്റിലും മിന്നും പ്രകടനമാണ് ടീം കാഴ്ചവച്ചത്. അതില്‍ അണ്ടര്‍ 14 ബോയ്‌സുമായുള്ള മത്സരത്തില്‍ ഗേള്‍സ് ടീം വിജയക്കൊടി പാറിച്ചു.

”ക്രിക്കറ്റ് എന്ന മാധ്യമത്തിലൂടെ പെണ്‍കുട്ടികളെ കൂടുതല്‍ കരുത്തരാക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നത്” എന്ന് ക്ലബ്ബ് സെക്രട്ടറി സബിന്‍ ഇക്ബാല്‍ പറയുന്നു. പിച്ച വച്ചു തുടങ്ങിയ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ഒരു വര്‍ഷത്തിനുളളില്‍ പെണ്‍കുട്ടികള്‍ക്കായി അക്കാഡമി ആരംഭിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് എന്ന കളിയിലും കായികാധ്വാനത്തിന്റെ പങ്ക് ചെറുതല്ല. തീര്‍ച്ചയായും ആണ്‍കോയ്മ അടക്കിവാഴുന്ന ഒരു കളിയാണിത്. വെല്ലുവിളികളേറെയുള്ള വഴിയില്‍ കടമ്പകള്‍ മറികടന്ന് മുന്നേറാനുള്ള ഈ പെണ്‍പടയുടെ നിശ്ചയദാര്‍ഢ്യത്തെ നമ്മള്‍ കാണാതെ പോകരുത്. ഒരു സ്‌പോണ്‍സറിനായുള്ള കാത്തിരിപ്പിലാണ് ഈ ചുണപ്പെണ്‍കൂട്ടം. തീര്‍ച്ചയായും പരിശീലനത്തിനും മറ്റും നല്ല സാമ്പത്തിക ശ്രോതസ് ഒരു ആവശ്യകത തന്നെയാണ്. കളിയിലൂടെ കരുത്താര്‍ജിച്ച് സമൂഹത്തില്‍ നല്ലൊരു പെണ്‍തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രയത്‌നിക്കുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെങ്കില്‍ കളിയെ സ്‌നേഹിക്കുന്ന സന്മനസുകളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ.