Friday
22 Feb 2019

മിശ്ര വിവാഹിതരെ പീഡിപ്പിച്ച് തമ്മിൽ അകറ്റുന്ന യോഗി മുൻ‌കൂർ ജാമ്യം തേടി

By: Web Desk | Friday 29 September 2017 11:10 PM IST

മിശ്ര വിവാഹിതരാകുന്ന യുവതികളെ പീഡന മുറകളിലൂടെ ബന്ധം വിടർത്തിക്കുന്ന കേന്ദ്രത്തിന്റെ തലവൻ ഗുരുജി എന്ന മനോജ് ഒപ്പമുണ്ടായിരുന്ന നാല് യുവതീ യുവാക്കളോടൊപ്പം മുൻ‌കൂർ ജാമ്യം തേടി. ഇവർ ഇപ്പോൾ ഒളിവിലാണ്. തൃപ്പൂണിത്തുറ കണ്ടനാട് കവലയിലെ ശിവശക്തി യോഗ കേന്ദ്രത്തിൽ ഇയാളോടൊപ്പം ഒടുവിൽ ഉണ്ടായിരുന്ന കർണാടക സ്വദേശിനി സ്മിത ഭട്ട്, കണ്ണൂർ സ്വദേശിനി ലക്ഷ്മി, പെരുമ്പാവൂർ നിന്നുള്ള മനു, പെരുമ്പളം സുജിത് എന്നിവരും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇത് കോടതി ഒക്ടോബർ 5 ന് പരിഗണിക്കും.
യോഗ കേന്ദ്രത്തിൽ മുറികളിൽ പൂട്ടിയിട്ടും ശാരീരികമായി പീഡിപ്പിച്ചും യുവതികളെ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമിക്കുകയായിരുന്നുവെന്നു മൂന്നു യുവതികൾ കോടതികളിൽ പരാതിപെട്ടതിനെ തുടർന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസം കണ്ണൂർ മണ്ടൂർ സ്വദേശി ശ്രുതിയുടെ മൊഴി ഹൈകോടതി നേരിട്ട് രേഖപ്പെടുത്തി. ഭർത്താവ് കണ്ണൂർ പരിയാരം അനീസ് അഹമ്മദ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ശ്രുതി ഹാജരായി നേരിട്ട് മൊഴി നൽകിയത്. നിർബന്ധിച്ചു ഗർഭപരിശോധന നടത്തിയെന്നും വയറ്റിൽ ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും മൊഴിയിൽ പറഞ്ഞു.

ത്രിശൂരിലെ ആയുർവേദ ഡോക്ടർ ശ്വേതാ ഹരിദാസും സമാനമായ പരാതി നൽകിയിട്ടുണ്ട്. ക്രിസ്തുമതത്തിലെ ഒരു യുവാവിനെ സ്നേഹിച്ചതിനാണ് ശ്വേത ദ്രോഹിക്കപെട്ടത്.
അകപ്പെട്ട യുവതികളെ മുറിക്കുള്ളിൽ പൂട്ടിയിടുമ്പോൾ അവർ സ്വയം തല ഭിത്തിയിൽ അടിച്ചും ദേഹത്ത് മുറിവുകൾ വരുത്തിയും പ്രതിഷേധിക്കാറുണ്ടെന്നു ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞു.

അറുപതോളം പേരെ ഇവിടെ പാർപ്പിച്ചിരുന്നു. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മൂന്ന് വനിതാ പഞ്ചായത്ത് അംഗങ്ങൾ യോഗ സെന്ററിൽ ചെന്നപ്പോൾ അവിടെ 23 പേർ ഉണ്ടായിരുന്നു. യുവതീ യുവാക്കളെ അവിടെ ഒരുമിച്ചാണ് പാർപ്പിച്ചിരുന്നതെന്ന് അവർ പറഞ്ഞു.

ചിലരെ സ്നേഹബന്ധത്തിൽ നിന്ന് ഒഴിവാക്കാനായി ബന്ധുക്കൾ ഇവിടെ കൊണ്ടാക്കിയത്. ചിലർ മൂന്ന് – ആറ് മാസം ദൈർഘ്യമുള്ള യോഗ പഠനം ഉണ്ടെന്നു വെബ്‌സൈറ്റിൽ കണ്ട് വന്നവർ. ഒരാൾ പോലും സമീപ നാട്ടിൽ നിന്നില്ല. ഒക്കെയും കർണാടകം, അകലെയുള്ള ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ. പാതിരാവിലും വാഹനങ്ങൾ വന്നും പോയുമിരുന്നുവെന്നല്ലാതെ എന്താണ് അവിടെ നടന്നിരുന്നതെന്നു സമീപ വാസികൾ പോലും അറിഞ്ഞിരുന്നില്ല. മക്കൾ അന്യമതസ്ഥരുമായി വിവാഹം കഴിച്ചു പോകുന്നത് തടയാൻ ഇങ്ങനെ ഒരു കേന്ദ്രം ഉണ്ടെന്നു അത്തരം കുടുംബങ്ങൾ എങ്ങനെ അറിയുന്നുവെന്നു വ്യക്തമല്ല. ഇതിന്റെ ഒരു ശാഖ തൃപ്പുണിത്തുറ മാർക്കറ്റിനു അടുത്തും പ്രവർത്തിക്കുന്നു. പരാതി ഉന്നയിച്ചവരിൽ മുസ്ലിം യുവാവും ഉള്ളതിനാൽ മുസ്ലിം തീവ്രവാദികൾ ഇതിനെ ഉപയോഗിച്ച് പോസ്റ്റർ പ്രചാരണവും മറ്റും സംഘടിപ്പിക്കുന്നുണ്ട്.