Saturday
24 Aug 2019

ശബരിമലയും സ്ത്രീകളും

By: Web Desk | Wednesday 17 October 2018 9:05 PM IST


sabarimala woman entry

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള അനുകൂല കോടതിവിധിക്കെതിരെ ഭക്തര്‍ ഒന്നാകെ എതിര്‍പ്പ് പ്രകടിപ്പിച്ച് നീങ്ങുന്നതാണ് കേരളത്തിലെ ഇന്നിന്റെ കാഴ്ച.
ശബരിമലയിലേയ്ക്ക് കെട്ടുമുറുക്കി അയ്യപ്പദര്‍ശനത്തിന് 41 ദിവസത്തെ വ്രതം ആവശ്യമെന്നും ആ വ്രതം നോക്കാന്‍ സ്ത്രീകളുടെ മാസമുറ അവരെ അനുവദിക്കില്ലെന്നും ആയതിനാല്‍ അങ്ങനെയുള്ള സ്ത്രീകള്‍ മലചവിട്ടാന്‍ പാടില്ലെന്നുമാണ് ഭക്തര്‍ ഒരേസ്വരത്തില്‍ പറയുന്ന കാരണങ്ങളിലൊന്ന്. 41 ദിവസത്തെ വ്രതം പത്തായും ഏഴായും ചുരുക്കി മലചവിട്ടുന്ന പുരുഷഭക്തരെ നേരിട്ടറിയാവുന്ന വ്യക്തി എന്നനിലയില്‍ ചോദിച്ചുകൊള്ളട്ടെ. വ്രതനിഷ്ഠ എല്ലാഭക്തര്‍ക്കും ഒരുപോലെ ബാധകമല്ലേ? ആണെങ്കില്‍ എന്തുകൊണ്ട് 41 ദിവസത്തെ വ്രതം പത്തോ, ഏഴോ ആയി ചുരുക്കി മാലയിട്ട് സ്ത്രീകള്‍ക്ക് മലചവിട്ടിക്കൂടാ? അപ്പോള്‍ പിന്നെ മാസമുറ തടസമാവില്ലല്ലോ?
അയ്യപ്പന്‍ ബ്രഹ്മചാരി ആയതിനാല്‍ സ്ത്രീകള്‍ മലചവിട്ടിയാല്‍ അത് അയ്യപ്പബ്രഹ്മചര്യത്തെ ബാധിക്കുമെന്നാണ് ഭക്തര്‍ ഉന്നയിച്ച മറ്റൊരുകാരണം. ബ്രഹ്മചാരി എന്നാല്‍ സ്ത്രീകളെ കാണുന്നത് വെറുപ്പുള്ളവ്യക്തി എന്നാണോ? ‘ജ്ഞാനം, വേദം എന്നിവയെ ആചരിക്കുന്നവനും ചാരിത്ര്യ നിഷ്ഠയുള്ളവനും ഗാര്‍ഹസ്ഥ്യത്തിലേക്ക് പ്രവേശിക്കാത്തവനും’ ബ്രഹ്മചര്യത്തിന് അര്‍ഥമായി ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ മലചവിട്ടി ഭക്തിയോടെ തൊഴുതുമടങ്ങിയാല്‍ അതെങ്ങനെയാണ് ബ്രഹ്മചര്യത്തെ ബാധിക്കുക, ചാരിത്ര്യനിഷ്ഠയുള്ള വ്യക്തിയുടെ മുന്നില്‍ സ്ത്രീകള്‍ ഭക്തിയോടെ തൊഴുതുവണങ്ങിയാല്‍ എങ്ങനെയാണ് ചാരിത്ര്യം നഷ്ടപ്പെടുക? സ്ത്രീകള്‍ തൊഴുത് വണങ്ങിയാല്‍ നഷ്ടപ്പെടുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യം? പുരുഷന്മാര്‍ക്കൊപ്പം ക്ലേശങ്ങള്‍ സഹിച്ച് മലകള്‍ താണ്ടി സന്നിധാനത്ത് എത്തുക എന്നത് സ്ത്രീകള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കും എന്നതാണ് മറ്റൊരു കാരണമായി ഉന്നയിക്കുന്നത്. 10 വയസില്‍ താഴെയുള്ള പെണ്‍കുഞ്ഞുങ്ങളേക്കാളും 50 ന് മുകളില്‍ പ്രായമുള്ള വൃദ്ധകളെക്കാളും എന്തുകൊണ്ടും ആരോഗ്യവതികളായിരിക്കും ഇതിനിടയില്‍ പ്രായംവരുന്ന സ്ത്രീകള്‍. അവര്‍ക്ക് പുരുഷന്മാരേക്കാള്‍ സഹനശക്തി സൃഷ്ടിയില്‍ ദൈവം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് മലകയറണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അയ്യപ്പന്‍ അവര്‍ക്ക് അത് നല്‍കിക്കൊള്ളും.
‘ഭക്തികൊണ്ടല്ല, മറിച്ച് ഫെമിനിസം നടപ്പാക്കാനും പ്രതിഷേധം അറിയിക്കാനും വേണ്ടിയാണ് സ്ത്രീകള്‍ മല ചവിട്ടുന്നത്. അവര്‍ അവിടെ ടൂറിസ്റ്റ് കേന്ദ്രമായി കണ്ടുകൊണ്ടാണ് പോകുന്നത്’ എന്നു പറയുന്നവരെ, ഈ പോകുന്ന പുരുഷന്മാരെല്ലാം പൂര്‍ണഭക്തിയോടാണ് മല ചവിട്ടുന്നതെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും? മലചവിട്ടാന്‍ പോകുന്ന സ്ത്രീകള്‍ക്ക് ഭക്തിയില്ലെന്നും എങ്ങനെ പറയാന്‍ സാധിക്കും? സന്നിധാനത്തെത്തി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നതാണോ പൂര്‍ണഭക്തിയോടെ പോകുന്നവര്‍ എന്ന് പറയുന്നത്? അതോ അതും ഭക്തിയുടെ ഭാഗമാണോ? ശബരിമല ഒഴികെയുള്ള അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പോകാം എന്നു പറയുന്നല്ലോ? ആ പ്രതിഷ്ഠയിലും അയ്യപ്പചൈതന്യമല്ലേ കുടികൊള്ളുന്നത്? ശബരിമല ഒഴികെയുള്ള അയ്യപ്പക്ഷേത്രങ്ങളില്‍ കുടികൊള്ളുന്നത് ബ്രഹ്മചാരിയായ അയ്യപ്പന്റെ ചൈതന്യമാണെങ്കില്‍ അവിടെയും സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിക്കേണ്ടതല്ലേ? നൈഷ്ടിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്റെ ഇടതുഭാഗത്ത് ഇരിക്കുന്നതു സാക്ഷാല്‍ സ്ത്രീയായ മാളികപ്പുറം എന്നതും മറന്നുകൂടാ.
ഈ പറയുന്ന ന്യായങ്ങളൊന്നും സ്ത്രീപ്രവേശനത്തെ വിലക്കാന്‍ ഉതകുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. ആഗ്രഹമുള്ള സ്ത്രീകള്‍ മലചവിട്ടി തൊഴുതുമടങ്ങട്ടെ എന്തിന് തടയണം?

നിഷാദ അനീഷ്
വള്ളിക്കുന്നം

Related News