16 April 2024, Tuesday

‘വസ്ത്രമില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികള്‍’; അധിക്ഷേപ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെ ബഹിഷ്കരിക്കണമെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 6:41 pm

സ്ത്രീ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തി പ്രസ്താവന നടത്തിയ യോഗ പരിശീലകനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറ്റമിത്രവുമായ ബാബ രാംദേവിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം.
‘സ്ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടുകളിലും സുന്ദരികളാണ്, തന്റെ കാഴ്ചപ്പാടിൽ, ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണ്’ എന്നായിരുന്നു പ്രസംഗം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ജീവിതപങ്കാളി അമൃത ഫഡ്നാവിസിന്റെ സമീപമിരുന്നായിരുന്നു ഇത്തരമൊരു പരാമർശം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ അടക്കമുള്ള പ്രമുഖരും വേദിയിലുണ്ടായിരുന്നു.

മുംബൈയിൽ ബാബ രാംദേവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ ദേശീയ മഹിളാ ഫെഡറേഷൻ (എന്‍എഫ്ഐഡബ്ല്യു) ഡൽഹി സംസ്ഥാന കമ്മിറ്റി അപലപിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന സ്ത്രീവിരുദ്ധത മാത്രമല്ല, സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ പുരുഷാധിപത്യ മനോഭാവത്തെ തികച്ചും പ്രതിഫലിപ്പിക്കുന്നുവെന്ന് ഫെഡറേഷന്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റി പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകയുമായ ഋതു പുരി, സെക്രട്ടറി അൽക്ക ശ്രീവാസ്തവ എന്നിവര്‍ പറഞ്ഞു.

സ്ത്രീകളുടെ അന്തസിനോടുള്ള ഏറ്റവും വലിയ അനാദരവാണ് രാംദേവിന്റെ പ്രസ്താവന. രാംദേവിനെതിരെ കേസെടുക്കണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എല്ലാ പുരുഷന്മാരോടും സ്ത്രീകളോടും അദ്ദേഹത്തെ ബഹിഷ്കരിക്കാനും ദേശീയ മഹിളാ ഫെഡറേഷന്‍ ആഹ്വാനം ചെയ്തു.
അതിനിടെ മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ റുപാലി ചകൻകർ പരാമർശത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് രാംദേവിന് നോട്ടീസയച്ചു. രാംദേവിന്റെ പരാമർശത്തെ വിമർശിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, അമൃത ഫഡ്നാവിസ് ഇത് കേട്ടുകൊണ്ട് പ്രതിഷേധിക്കാതെ വേദിയിലിരുന്നതിനെയും അപലപിച്ചു. ശിവജിക്കെതിരെ ഗവർണർ അപമാനകരമായ പരാമർശം നടത്തിയപ്പോഴും മഹാരാഷ്ട്രയിലെ ഗ്രാമങ്ങളെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കർണാടക മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയപ്പോഴും ബിജെപി പ്രചാരകൻ രാംദേവ് സ്ത്രീകളെ അപമാനിക്കുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ്. തങ്ങളുടെ നാവ് ഡൽഹിക്ക് പണയം വച്ചാണോ സർക്കാർ ഇരിക്കുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

മഹാരാഷ്ട്രയില്‍ എൻസിപി പ്രവർത്തകര്‍ രാംദേവിന്റെ ഫോട്ടോയിൽ ചെരിപ്പുമാല അണിയിച്ച് പ്രതിഷേധിച്ചു. സ്ത്രീകളെ അപമാനിച്ചുള്ള പരാമർശത്തിൽ ബാബാ രാംദേവ് മാപ്പ് പറയണമെന്നാണ് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൽ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ രാംദേവിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തെലങ്കാന മഹിളാ കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ രാംദേവിന്റെ കോലം കത്തിച്ചും പ്രതിഷേധം നടന്നു.

Eng­lish Sum­ma­ry: wom­ens asso­ci­a­tion against baba ramdev on hi sex­ist statement

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.