14 November 2025, Friday

വനിതകളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പബ്ലിക് ഹിയറിങ്ങുമായി വനിത കമ്മിഷൻ

സീരിയൽ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ 11 ന് ചർച്ച ചെയ്യും
Janayugom Webdesk
തിരുവനന്തപുരം
August 26, 2023 10:24 pm

സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ പ്രശ്നങ്ങളാണ് മനസിലാക്കാൻ ശ്രമിക്കുന്നത്. അൺ എയ്ഡഡ് സ്കൂളിലെ വനിത അധ്യാപകർ, ഹോം നഴ്സ്, വീട്ട്ജോലിക്കാർ, വനിത ഹോം ഗാർഡ്സ്, കരാർ ജീവനക്കാർ, സീരിയൽ മേഖലയിലെ വനിതകൾ, വനിത മാധ്യമ പ്രവർത്തകർ, മത്സ്യ സംസ്കരണ യൂണിറ്റുകളിലെ വനിതകൾ മത്സ്യകച്ചവടക്കാരായ സ്ത്രീകൾ, വനിത ലോട്ടറി വില്പനക്കാർ, വനിത ഹോട്ടൽ ജീവനക്കാർ, ഒറ്റപ്പെട്ട സ്ത്രീകൾ തുടങ്ങിയവരുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകൾ അനുഭവിക്കുന്ന തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അവരിൽ നിന്ന് നേരിട്ട് അറിയുകയാണ് പരിപാടിയുടെ ലക്ഷ്യം.

സെപ്റ്റംബറില്‍ അഞ്ച് പബ്ലിക് ഹിയറിങ്ങുകൾ നടത്തും. ഇതിൽ ആദ്യത്തെ പബ്ലിക് ഹിയറിങ് സീരിയൽ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 11 ന് തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ നടക്കും. 16ന് എറണാകുളത്ത് കരാർ ജീവനക്കാരുടെ പ്രശ്നങ്ങളും 19ന് പത്തനംതിട്ടയിൽ ഹോം നഴ്സുമാരുടെ പ്രശ്നങ്ങളും 21ന് കോട്ടയത്ത് മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ പ്രശ്നങ്ങളും 26 ന് കണ്ണൂരിൽ ലോട്ടറി വിൽക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളും പബ്ലിക് ഹിയറിങ്ങിൽ വിലയിരുത്തും. അതത് മേഖലകളിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രതിനിധികളെ പബ്ലിക് ഹിയറിങ്ങിൽ പങ്കെടുപ്പിക്കും. ഇതിനു പുറമേ അതത് മേഖലകളിലെ വനിതകൾക്ക് നേരിട്ടും പങ്കെടുത്ത് പ്രശ്നങ്ങൾ അവതരിപ്പിക്കാം. ഓരോ മേഖലയിലെയും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ഇതിനുള്ള പരിഹാര മാർഗങ്ങളും നിർദേശങ്ങളായി സർക്കാരിന് സമർപ്പിക്കുമെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

വനിതകളുടെ പ്രശ്നങ്ങൾ മേഖല തിരിച്ച് കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നതെന്നും ഇതിലൂടെ സ്ത്രീകളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ സാധിക്കുമെന്നും അവര്‍ പറഞ്ഞു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശാശ്വത പരിഹാരത്തിനായി പബ്ലിക് ഹിയറിങ് നടത്താൻ വനിത കമ്മിഷൻ തീരുമാനിച്ചത്.

ഓരോ മേഖലയിലെയും വനിതകൾക്ക് എത്തുന്നതിനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പബ്ലിക് ഹിയറിങ്ങിനുള്ള സ്ഥലങ്ങൾ നിശ്ചയിക്കുക. വിവിധ മേഖലകളിലെ ഏജൻസികളുടെ ചൂഷണം, ഇഎസ്ഐ ഉൾപ്പെടെ ആനുകൂല്യങ്ങളുടെ അഭാവം, മതിയായ ശമ്പളം നൽകാതിരിക്കുക, വിശ്രമത്തിന് സമയം നൽകാതിരിക്കുക, പ്ലേസ്‌മെന്റ് ഏജൻസികൾക്ക് നിയന്ത്രണം ഇല്ലാതിരിക്കുക, ട്രേഡ് യൂണിയനുകളുടെ സംരക്ഷണം ഇല്ലാത്ത സ്ഥിതി, ജോലി സുരക്ഷ ഇല്ലാതിരിക്കുക, തൊഴിൽ നിയമങ്ങൾ ബാധകമാകാതിരിക്കുക തുടങ്ങിയ വിവിധ പ്രശ്നങ്ങൾ പബ്ലിക് ഹിയറിങ്ങിൽ ചർച്ച ചെയ്യപ്പെടും.

Eng­lish sum­ma­ry; Wom­en’s Com­mis­sion with pub­lic hear­ing to under­stand wom­en’s problems

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.