11 December 2024, Wednesday
KSFE Galaxy Chits Banner 2

കടന്നു പോയ വനിതാദിനം

Janayugom Webdesk
March 13, 2022 5:00 am

ഒരു വനിതാദിനം കൂടി കടന്നുപോയി. ജീവന്റെ നല്ലപാതിയെ ആഘോഷിക്കുന്നതാണീ ദിവസം. അധ്വാനം, ഭാഷ എന്നീ അടിസ്ഥാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മാനവരാശിയുടെ പരിണാമം എന്ന് ചരിത്രാധിഷ്ഠിതമായ ഭൗതികവാദം പഠിപ്പിക്കുന്നു. വര്‍ഗാധിഷ്ഠിതമായ സമൂഹത്തില്‍ സ്ത്രീകളെ സംബന്ധിച്ച് സാധാരണഗതിയിലുള്ള ധാരണ കരുത്തരായ പുരുഷന്മാരുടെ പിന്‍ബലത്തില്‍ നില്‍ക്കണമെന്നാണ്. എന്നാൽ അടിച്ചമർത്തപ്പെട്ടവർ വാപൂട്ടി നിൽക്കുന്നില്ല. അവർ തെരുവിലിറങ്ങിയ അവസരങ്ങളേറെയാണ്. കേവലം മിന്നുന്ന ജ്വാലയായല്ല, ബാരിക്കേഡുകളെ ചാരമാക്കിയ സ്ഫോടനങ്ങളായും മാറി. അരനൂറ്റാണ്ടു മുമ്പ് ന്യൂജേഴ്സിയിൽ ഇത് സംഭവിച്ചു. വ്യാവസായിക വിപ്ലവവും ആവിയന്ത്രങ്ങളുടെ കണ്ടെത്തലും ഉണ്ടായതിനെ തുടര്‍ന്ന് ഫാക്ടറികൾ വ്യാപിച്ചപ്പോൾ, ഒരു പുതിയ തൊഴിലാളിവർഗം ഉയർന്നുവന്നു. അവർ കർഷകരായിരുന്നില്ല. തുച്ഛമായ പ്രതിഫലത്തിൽ പതിനാറു മുതൽ പതിനെട്ട് മണിക്കൂർ വരെ അവർ ജോലിചെയ്തു. ജോലിയിൽ ചൂഷണം ഒളിഞ്ഞിരുന്നു. പക്ഷെ, മർദ്ദിതർ നിശബ്ദരായി തുടർന്നില്ല. 1823‑ൽ സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളോടും പുരുഷന്മാരോടും ഒപ്പം തെരുവിലിറങ്ങി. അത് ഫ്യൂഡലിസമായിരുന്നില്ല. മിച്ചവും ലാഭവും ഉണ്ടായിരുന്നു, മിച്ചവും ലാഭവും മുതലാളിമാരായ യജമാനന്മാർക്ക് മാത്രമായിരുന്നു. ജീവിതം മുന്നോട്ടുനീക്കാൻ കഠിനാധ്വാനം അനിവാര്യമായിരുന്നു. സ്ത്രീകളും ഫാക്ടറി തൊഴിലിലേയ്ക്ക് ആകർഷിക്കപ്പെട്ടു. നൂൽ നൂൽക്കലും നെയ്ത്തും സ്ത്രീകൾക്ക് വീട്ടുജോലിയുടെ ഭാഗമായിരുന്നു. എന്നാൽ ഫാക്ടറി ജോലി ചൂഷണത്തിന്റെ ആധിക്യം ബോധ്യപ്പെടുത്തി. അനീതിക്കെതിരെ പോരാടാൻ അവർ പുരുഷന്മാർക്കൊപ്പം നിരന്നു. ആഴമേറിയ പ്രത്യാഘാതങ്ങളുടെ പ്രതിഷേധങ്ങൾക്ക് കരുത്തായി. 1836 മുതൽ 1844 വരെ ഇംഗ്ലണ്ടിൽ നടന്ന കലാപങ്ങൾ ദൂരവ്യാപകമായ സ്വാധീനം ചെലുത്തി. ചാറ്റസ്റ്റ് പ്രസ്ഥാനത്തിലും സ്ത്രീകൾ സജീവമായിരുന്നു. 1917‑ൽ റഷ്യൻ വിപ്ലവത്തിന്റെ വർഷം, സെന്റ് പീറ്റേഴ്സ്ബർഗിലെ ടെക്സ്റ്റൈൽ, സ്പിന്നിങ് മില്ലുകളിൽ സമരം ആരംഭിച്ചതാണ് സ്ത്രീകൾ നടത്തിയ പ്രധാനപ്പെട്ട നീക്കങ്ങളിൽ ഒന്ന്. ക്രമേണ അത് മോസ്കോയിലേക്ക് വ്യാപിച്ചു. രാജ്യം മുഴുവൻ സമരങ്ങളുടെ പിടിയിലായി. ബാലവേലക്കാർക്കൊപ്പം സ്ത്രീകളും കൂടുതൽ കൂലി ആവശ്യപ്പെടുകയും സ്വന്തമായി സ്വതന്ത്ര യൂണിയനുകൾ രൂപീകരിക്കുകയും ചെയ്തു. 1881‑ൽ അവർ ‘ഓർഡർ ഓഫ് നൈറ്റ്സ് ഓഫ് ലേബർ’ സംഘടനയിൽ അഫിലിയേറ്റ് ചെയ്തു. ഇവിടെ സ്ത്രീകൾ രാഷ്ട്രീയമായും സജീവമായിരുന്നു. 1896‑ൽ, ലണ്ടൻ കോൺഗ്രസിന്റെ രണ്ടാം ഇന്റർനാഷണലിൽ മുപ്പത് സോഷ്യലിസ്റ്റ് വനിതാ പ്രതിനിധികൾ അവരുടെ ആദ്യത്തെ സോഷ്യലിസ്റ്റ് വനിതാ സമ്മേളനം നടത്തി.


ഇതുകൂടി വായിക്കാം; പൊട്ടിച്ചെറിയാൻ ചങ്ങലകൾ ബാക്കി


മുതലാളിത്ത വ്യവസ്ഥിതിയും ബൂർഷ്വാ-തൊഴിലാളി ബന്ധങ്ങളും അതിന്റെ മാനങ്ങളും അവർ ചർച്ച ചെയ്തു. 1917 ഫെബ്രുവരിയിൽ, സാറിസ്റ്റ് ഭരണകൂടത്തിനെതിരായ ആദ്യ കലാപം ആരംഭിച്ചു. അത് അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിനായിരുന്നു. റൊട്ടി ക്ഷാമത്തിനെതിരെയുള്ള സ്ത്രീകളുടെ സമരം രാജ്യം പ്രക്ഷുബ്ധമാക്കി. വൈകാതെ ഈ മുന്നേറ്റം സാറിനെ സിംഹാസന ഭ്രഷ്ടനാക്കാനുള്ള പോരാട്ടമായി. സ്ത്രീകൾ ഫാക്ടറി കവാടത്തിലേക്ക് മാർച്ച് ചെയ്തു. തൊഴിലാളികൾ അവർക്കൊപ്പം ചേരാൻ പുറത്തിറങ്ങി. മാർച്ച് 10 ഓടെ പണിമുടക്ക് കരുത്താർജ്ജിച്ചു. മാർച്ച് 12 ന് മന്ത്രിമാർ സ്ഥാനങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്തു. മാർച്ച് 14‑ന് ഫെബ്രുവരിയിൽ വിപ്ലവം വിജയം കാണുകയും താൽക്കാലിക സർക്കാർ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ശാസ്ത്രീയ മനോഭാവം സ്ത്രീകൾക്ക് അതിജീവനത്തിന് അനിവാര്യമാണ്. തുടക്കത്തിൽ ചെറിയ ശിലായുധങ്ങൾ ഉപയോഗിച്ച് അവൾ ചെടികളും മരങ്ങളും വളർത്തി, പാർപ്പിടത്തിനായി ചെറിയ കൂരകൾ തീർത്തു, എന്നാൽ ഭാരമേറിയ ഉപകരണങ്ങൾ കണ്ടെത്തിയതോടെ സ്ത്രീ ഉപജീവനമാർഗ സമ്പാദന വഴിയിൽ അന്യയായി. സമൂഹം സമ്പന്നമായി, അനന്തരാവകാശം കൊണ്ടുവന്നു, സ്ത്രീ അടിമയായി. ഇത് അനീതിയായി അവൾ തിരിച്ചറിഞ്ഞു, ചിലപ്പോൾ ലംഘിച്ചു. അവളുടെ ശാസ്ത്രീയ മനോഭാവം സാഹചര്യം മനസിലാക്കാൻ അവളെ സഹായിച്ചു, പക്ഷേ പലപ്പോഴും അതിന് ശിക്ഷിക്കപ്പെട്ടു. അവൾ സമൂഹത്തിന് കുട്ടികളെയും അനന്തരാവകാശികളെയും സംസ്കാരത്തെയും നൽകി, പക്ഷേ സ്വയം പിന്നിൽ നിന്നു. പുരുഷാധിപത്യത്തിൽ അവൾ കേവലം ചരക്കായി പരിഗണിക്കപ്പെട്ടു. കീഴ്‌വഴക്കത്തിന്റെ ബോധം സമൂഹത്തിൽ ആഴത്തിൽ വേരൂന്നി. തൊഴിലാളികളുടെ അധ്വാനശക്തിക്ക് അതിന്റെ യഥാർത്ഥ മൂല്യം ഒരിക്കലും കൈമാറിയിട്ടില്ല. സമാനമായി വീട്ടിലെ കഠിനാധ്വാനവും തിരിച്ചറിയുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തില്ല. ദിവസ വേതനക്കാരായ സ്ത്രീ തൊഴിലാളികൾക്കുപോലും ഒരേ ജോലിക്ക്, ഒരേ സമയത്തിന് ലഭിക്കുന്നത് കുറഞ്ഞ വേതനമാണ്. മഹാമാരിക്കു ശേഷം സ്ത്രീകൾ അവരുടെ ജോലിയിലേക്ക് മടങ്ങിയെത്തിയപ്പോൾ അവിടെ പുരുഷന്മാർ‍ ഇടംപിടിച്ച അവസ്ഥയുമുണ്ട്. സമത്വം ഒരു വിദൂര സ്വപ്നമായിരിക്കുന്നു. പൊതുസമൂഹത്തിന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുക മാത്രമല്ല, പ്രത്യയശാസ്ത്രപരമായും വെല്ലുവിളികളും നേരിടേണ്ടിവരുന്നു. ഇത്തരം പ്രക്രിയകളിൽ, സ്ത്രീ എല്ലാ വിധത്തിലും ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുന്നു. രാജ്യത്ത് ഈ യാഥാർത്ഥ്യം ജനതയെ ഉറ്റുനോക്കുന്നു. ഇത്തരം വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി ഉൾക്കൊള്ളുക തന്നെ വേണം.

You may also like this video;

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.