June 6, 2023 Tuesday

സ്ത്രീശക്തി വിളിച്ചോതി തൊഴില്‍ സംരക്ഷണസംഗമം

Janayugom Webdesk
കൊല്ലം
January 11, 2020 10:56 pm

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ക്യുഎസി മൈതാനിയിലെ ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍ സംഘടിപ്പിച്ച തൊഴില്‍ സംരക്ഷണ സംഗമം സ്ത്രീശക്തിയുടെ വിളംബരമായി മാറി. ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ ആവേശപൂര്‍വ്വം സമ്മേളനത്തില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നതിനുള്ള തീരുമാനങ്ങളാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് പ്രകാശ്ബാബു പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1084 കോടി രൂപയുടെ കുറവാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ വരുത്തിയിരിക്കുന്നത്. പദ്ധതി തുകയില്‍ കുറവ് വരുത്തിയെന്ന് മാത്രമല്ല, അഞ്ച് മാസമായി, ജോലി ചെയ്യുന്നവര്‍ക്ക് കൂലി കൊടുക്കുന്നുമില്ല. കേരളത്തില്‍ മാത്രം 1200 കോടി രൂപയോളം കൂലിയിനത്തില്‍ കിട്ടാനുണ്ട്. അത് നേടിയെടുക്കുകയാണ് പ്രധാന കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

സിപിഐ നേതാക്കളായ കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്നാകരന്‍, ജെ ചിഞ്ചുറാണി, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ പിഎസ് സുപാല്‍, അഡ്വ. ജി ലാലു, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, ജിഎസ് ജയലാല്‍ എംഎല്‍എ, ആര്‍ ലതാദേവി, കെഎസ് ഇന്ദുശേഖരന്‍നായര്‍, മേയര്‍ ഹണി, എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു, ഫെഡറേഷന്‍ നേതാക്കളായ കെ അനിമോന്‍, അഡ്വ. എസ് വേണുഗോപാല്‍, അഡ്വ. എ അജികുമാര്‍, എലിസബത്ത് അസീസി, എസ് ലൈല, മായാ സുരേഷ് എന്നിവര്‍ സംസാരിച്ചു. എന്‍ പങ്കജരാജന്‍ സ്വാഗതം പറഞ്ഞു. കുളക്കട അബുവും സംഘവും സ്വാഗതഗാനം ആലപിച്ചു. ഏറ്റവും കൂടുതല്‍ തൊഴിലുറപ്പ്ദിനങ്ങള്‍ സംഭാവന ചെയ്ത ചിതറ ഗ്രാമപഞ്ചായത്ത്, ഈ മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ദേശീയ അവാര്‍ഡ് നേടുകയും ചെയ്ത ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികളെയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫെഡറേഷന്‍ പ്രതിനിധി അഡ്വ. എ അജികുമാറിനെയും ചടങ്ങില്‍ ആദരിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 11ന് സോപാനം ആഡിറ്റോറിയത്തില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

ചിത്രങ്ങൾ: സുരേഷ് ചൈത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.