പി വസന്തം
ദേശീയ അടിസ്ഥാനത്തില്‍ എന്‍എഫ്ഐഡബ്ല്യു ഉള്‍പ്പെടെ ആറ് ഇടതു പുരോഗമന മഹിളാസംഘടനകള്‍ നാളെ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. കോവിഡ് മഹാമാരിയും അതിന്റെ ഫലമായി രാജ്യത്ത് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ലോക്ഡൗണും സൃഷ്ടിച്ച ദുരിതങ്ങളും അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നരേന്ദ്രമോഡി സർക്കാർ യാതൊന്നും ചെയ്യുന്നില്ല. ദേശീയ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം നല്‍കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇന്നുവരെ മുഖവിലയ്ക്കെടുക്കാതിരുന്നതിനെ തുടർന്നാണ് മഹിളാസംഘടനകളുടെ സമരവേദി ദേശീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണ് കേരളത്തിലുൾപ്പടെ പ്രക്ഷോഭസമരം ഓഗസ്റ്റ് 28ന് നടക്കുക.
ജീവിതം, ജീവനോപാധി, ജനാധിപത്യം എന്നീ മൂന്ന് ആവശ്യങ്ങളാണ് സ്ത്രീകള്‍ ഉയര്‍ത്തുന്നത്. ‘കൊറോണ വ്യാപനം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. ലോകരാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇത് തള്ളിവിടുന്നത്. പ്രതിസന്ധി നേരാംവണ്ണം കെെകാര്യം ചെയ്തില്ലെങ്കില്‍ ലോകം പട്ടിണിയുടെ പിടിയിലകപ്പെടും’. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് നല്കിയ ഈ മുന്നറിയിപ്പ് ശരിയാണെന്ന് കൊറോണാ കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പിരീയോഡിക് ലേബര്‍ സര്‍വേ (പിഎല്എസ്എസ്) പ്രസിദ്ധീകരിച്ചത് തൊഴിലെടുക്കുന്ന ഇന്ത്യക്കാരന്റെ ശരാശരി വാര്‍ഷിക വരുമാനം പതിനായിരം രൂപയാണെന്നാണ്. നമ്മുടെ രാജ്യത്താണെങ്കില്‍ തൊഴിലില്ലായ്മയും പട്ടിണിയും ബഹുഭൂരിപക്ഷവും അനുഭവിക്കുന്നുമുണ്ട്. രാജ്യത്ത് നാല്പത്തിയഞ്ച് കോടി ജനങ്ങള്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണെന്ന് സര്‍വേയില്‍ പറയുന്നു. അസ്ഥിരവും അസംഘടിതമേഖലയിലും പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ലോക്ഡൗണുമായി ബന്ധപ്പെട്ട് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ തൊഴില്‍/തൊഴിലില്ലായ്മ സര്‍വേ പ്രകാരം പന്ത്രണ്ട് കോടി ജനങ്ങള്‍ക്ക് കൊറോണാ മഹാമാരിയുടെ ഭാഗമായി തൊഴില്‍ നഷ്ടമായി. 2019–2020ല്‍ സ്ത്രീകളുടെ ശരാശരി തൊഴില്‍ 4.3 കോടിയായിരുന്നു. എന്നാല്‍ സ്ത്രീകളുടെ തൊഴിലവസരം ലോക്ഡൗണില്‍ 2.6 കോടി എന്ന നിലയില്‍ കുറഞ്ഞു. സ്ത്രീകളില്‍ തൊഴിലില്ലായ്മ മൂന്നിരട്ടിയായി വര്‍ധിച്ചു. പുരുഷന്മാര്ക്ക് കൊറോണ കാലത്ത് തൊഴിലിലുണ്ടായ ഇടിവിനെക്കാള്‍ വലിയ വര്‍ധനവാണ് സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടായത് എന്നത് പ്രൊഫസര്‍ അശ്വിനി പാണ്ഡെ സിഎംഐഇ ഡാറ്റ വിശകലനത്തിലും ചൂണ്ടിക്കാണിക്കുന്നു. ജോലി തേടി അന്യസംസ്ഥാനത്ത് നിന്ന് എത്തിയ തൊഴിലാളികളുടെ കൂട്ടപലായനത്തിന്റെ ചിത്രങ്ങള്‍ കോവിഡ് വെെറസിനോളം തന്നെ നമ്മെ ഭയപ്പെടുത്തുന്നു. വിശന്ന് കണ്ണുനട്ട് ഒരു തുള്ളി വെള്ളത്തിന് പോലും കൊതിക്കുന്ന കുഞ്ഞുങ്ങളെ ഒക്കത്തിലേറ്റി തങ്ങളുടെ കൂടപ്പിറപ്പുകളുമായി നോക്കെത്താദൂരത്തേക്ക് ഭാണ്ഡക്കെട്ടുകളുമായി നടന്നുനീങ്ങുന്ന സ്ത്രീകളുടെ തൊഴിലില്ലാപ്പട ആശങ്കയുളവാക്കുന്നതാണ്. അന്നന്ന് ജോലിചെയ്ത് കിട്ടുന്ന പണംകൊണ്ട് അന്നം തേടുന്നവരാണിവര്‍. കോവിഡ് പിടിപെടുംമുമ്പ് ദാരിദ്ര്യം കാരണം പട്ടിണികൊണ്ട് മരിക്കുമെന്നാണവര് പറയുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിലോ, കണക്കിലോ പെടുന്നവരും അല്ല.
ദിവസവേതനത്തിന് തൊഴിലെടുക്കുന്ന നിശബ്ദസേനയെന്ന് നമുക്ക് വിശേഷിപ്പിക്കാവുന്ന വീട്ടുജോലിക്കാരായ ഏകദേശം ഒമ്പത് കോടിയോളം സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. അടിസ്ഥാനവേതന നിയമം, ട്രേഡ് യൂണിയന് നിയമം, പേയ്മെന്റ് ഓഫ് വേജസ്നിയമം, പ്രസവാനുകൂല്യ നിയമം, തുല്യവേതന നിയമം, കരാര്‍ തൊഴിലാളി നിയമം ഇതിലൊന്നും ഉള്‍പ്പെടാത്ത ഒരു വിഭാഗമാണിവര്‍. ഈ കോവിഡ് കാലത്ത് മാസങ്ങളായി പൂര്‍ണമായി തൊഴിലില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍— ഇവരില്‍ പലരും പട്ടിണികൊണ്ടും മഹാമാരി പിടിപെട്ടും മരിച്ചുകഴിഞ്ഞു. അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്- ലോക്ഡൗണ്‍ കാരണം നഗരപ്രദേശങ്ങളിലെ തൊഴിലിലേര്‍പ്പെട്ട ഒരു കോടി എഴുപത് ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്മെന്റ് നടത്തിയ പഠനത്തില്‍ എണ്‍പത്തിരണ്ട് ശതമാനം താല്‍ക്കാലിക വനിതാ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പറയുന്നു. സ്ഥിരവേതനത്തില് ജോലി ചെയ്ത 76 ശതമാനം വനിതകള്‍ക്കും സ്വയം തൊഴില്‍ ചെയ്തിരുന്ന 89 ശതമാനം പേര്‍ക്കും ജോലി നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, തെലങ്കാന, രാജസ്ഥാന്, ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. പത്തില്‍ ഏഴ് തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടത് ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ്. നമ്മുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ 73 ശതമാനം വനിതകള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ പാവപ്പെട്ട സ്ത്രീകള്‍ ഇത്രമാത്രം സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. ഈ കോവിഡുകാലത്തും നരേന്ദ്രമോഡി സര്‍ക്കാര്‍ അത്രമാത്രം നരകയാതനകളാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇവരില്‍ 73 ശതമാനത്തിനു പോലും പ്രധാനമന്ത്രി പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി പ്രഖ്യാപിച്ച 500 രൂപ വീതമുള്ള മൂന്ന് മാസത്തെ സഹായത്തില്‍ ഒരു ഗഡുപോലും ലഭിച്ചിട്ടില്ല. പട്ടിണിയിലായ തൊഴിലാളികള്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ പോലും ലഭിക്കുന്നില്ല.
പ്രമുഖ സാമ്പത്തിക വിദഗ്ധരായ ജീന്‍ ഡ്രീംസ്, റീതഖേര തുടങ്ങിയവര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് സര്‍ക്കാരിന്റെ ഭക്ഷ്യധാന്യത്തിന്റെ ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത് നിയമപ്രകാരം 88 കോടി ജനങ്ങളാണ്. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് രാജ്യത്തെ ജനങ്ങളെ പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത് 2011ലെ സെന്‍സസ് പ്രകാരമാണ്. അന്നത്തെ കണക്കനുസരിച്ച് ജനസംഖ്യ 122 കോടിയാണ്- ആ കണക്കനുസരിച്ചുള്ള സംവിധാനമാണ് ഇന്നും തുടര്‍ന്നുവരുന്നത്. എന്നാല്‍ 2020 മാര്‍ച്ച് പതിനഞ്ചിന് മിനിസ്റ്ററി ഓഫ് സ്റ്റാറ്റിസ്റ്റിക്ക് ആന്റ് പ്രോഗ്രാം ഇംബ്ലിമെന്റേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ഇന്നത്തെ ജനസംഖ്യ 138 കോടിയാണ്. ഇതനുസരിച്ച് 68.86 ശതമാനം മനുഷ്യര്‍ ഗ്രാമങ്ങളിലും 31.14 ശതമാനം മനുഷ്യര്‍ നഗരങ്ങളിലുമാണ് കഴിയുന്നത്. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ആനുകൂല്യങ്ങളില്‍ നിന്ന് 2020 ആയപ്പോള്‍ പത്ത് കോടിയിലധികം വരുന്ന ജനങ്ങള്‍ പുറത്താണ്. അര്‍ഹതപ്പെട്ട പട്ടിണിപ്പാവങ്ങളില്‍ 33 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ ഉള്‍പ്പെടില്ല. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇതൊന്നും ലഭ്യമല്ല. ഗുജറാത്തിലെ വരാണസിയില്‍ ഭക്ഷണത്തിനായി അലമുറയിട്ട് വിശന്ന് കരഞ്ഞ അഞ്ച് മക്കള്‍ക്ക്, വിശപ്പകറ്റി കൊടുക്കാന്‍ യാതൊരു മാര്‍ഗവും കാണാതെ ഗംഗാനദിയുടെ ആഴക്കയങ്ങളിലേക്ക് കുഞ്ഞുങ്ങളെ എറിഞ്ഞുകൊന്ന്, ആത്മഹത്യക്ക് ശ്രമിച്ച മഞ്ജു എന്ന അമ്മയെ നമുക്ക് മറക്കാന്‍ കഴിയില്ല.
2020 മാര്‍ച്ച് മാസം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ 30.97 മില്യന്‍ മെട്രിക് ടണ്‍ അരിയും 27.52 മില്യന്‍ മെട്രിക് ടണ്‍ ഗോതമ്പും കൂടാതെ 28.70 മില്യന്‍ മെട്രിക് ടണ്‍ നെല്ലും സ്റ്റോക്കുണ്ടെന്നാണ് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. നിലവിലുള്ള മുഴുവന്‍ പട്ടിണിക്കാര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള സ്റ്റോക്കുണ്ട്. പക്ഷേ പാവങ്ങള്‍ക്ക് അത് നല്‍കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ ഭരണാധികാരികള്‍ക്ക് മനസില്ല. ഭക്ഷണം മനുഷ്യാവകാശമായി, നിയമപരമായി അംഗീകരിച്ച ഒരു രാജ്യത്താണ് ജനങ്ങള്‍ പട്ടിണികൊണ്ട് മരിച്ചുവീഴുന്നത്. അനേകലക്ഷം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവില്‍ മരിക്കുന്നുവെന്നാണ് യൂനിസഫ് പറയുന്നത്. ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രിഷ്യന്‍ ഇന്‍ ദി വേള്‍ഡ് 2020 സൂചികയനുസരിച്ച് ഇരുനൂറ് മില്യന്‍ മനുഷ്യര്‍, അതില്‍ എഴുപത് ശതമാനം സ്ത്രീകള്‍ പോഷകാഹാരക്കുറവുകൊണ്ട് ബുദ്ധിമുട്ടുന്നു. പട്ടിണികൊണ്ട് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്ത അവസ്ഥയുള്ള അമ്മമാര്‍. കോവിഡ് കാലത്ത് അമ്മമാരുടെ പ്രയാസങ്ങള്‍ ഇരട്ടിച്ചുവന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ ഒന്നും വേണ്ടത്ര ഫലപ്രദമല്ല എന്നാണ് വ്യക്തമായികൊണ്ടിരിക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്, പ്രശ്നപരിഹാരത്തിനുള്ള ഒരു പദ്ധതിയും നിലവില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല.
ഈ കോവിഡ് കാലത്ത് സാധാരണക്കാരായ ഗ്രാമീണര്‍ക്ക് തൊഴില്‍ നല്കാന് ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതിയായിരുന്നു ദേശീയ തൊഴിലുറപ്പ് പദ്ധതി. ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമനിര്‍മ്മാണം കൊണ്ടുവന്നത്. ഗ്രാമീണ മേഖലയില്‍ തൊഴില്‍രഹിതര്‍ക്ക് പ്രതിവര്‍ഷം നൂറുദിന തൊഴില്‍ ഉറപ്പാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഈ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നരേന്ദ്രമോഡി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന് (പിഎംകെആര്എ) എന്ന പേരില്‍ പുതിയ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ പദ്ധതിയിലേക്ക് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കൊന്നും തൊഴില്‍ നല്കാന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പു പദ്ധതി സാധാരണ ജനങ്ങളുടെ ഒരത്താണിയാണ്- സ്ത്രീകളാണ് ഈ പദ്ധതിയെ ആശ്രയിച്ച് തൊഴിലെടുക്കുന്നവരില്‍ തൊണ്ണൂറ് ശതമാനവും- കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും ഏറ്റെടുക്കാവുന്ന പദ്ധതികള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയും തൊഴിലവസരങ്ങള്‍ക്ക് സൃഷ്ടിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. 2019ല്‍ പദ്ധതിക്കായി 69 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെങ്കിലും 2020 ആയപ്പോള്‍ 60 കോടിയായി വെട്ടിച്ചുരുക്കി. ഇപ്പോള്‍ കോടികള്‍ കുടിശികയാണ്.
ലോകത്ത് തന്നെ കൊറോണാ വ്യാപനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പൊതുജനാരോഗ്യമേഖല സ്വകാര്യവല്ക്കരിക്കപ്പെട്ടതിനാല് പാവപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ അന്യമാകുന്ന സാഹചര്യമാണിന്ന്. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ചികിത്സ ലഭ്യമാകാത്തതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും മരണമടയുന്ന സംഭവങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
വര്‍ധിച്ചുവരുന്ന ഗാര്‍ഹിക അതിക്രമങ്ങള്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ ദുഷ്കരമാക്കിയിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ, പ്രതിഷേധിക്കുന്നവരെ കള്ള കേസുകളില്‍ കുടുക്കി പൊലീസ് നടപടിക്ക് വിധേയരാക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നുണ്ട്. എത്രയോ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരായ സ്ത്രീകളടക്കം അവരുടെ പ്രായമോ രോഗാവസ്ഥയോ ഒന്നും പരിഗണിക്കാതെ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം പരിതാപകരമായ ഒരു സാഹചര്യമാണ് 73 വര്‍ഷമായി സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ള ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്നത്. അതിനാലാണ് എന്‍എഫ്ഐഡബ്ല്യു ഉള്‍പ്പെടെയുള്ള വനിതാ സംഘടനകള്‍ തൊഴില്‍, സംരക്ഷണം, ഭക്ഷ്യസുരക്ഷ, സൗജന്യ ആരോഗ്യ പരിചരണം, തൊഴിലാളി സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരളത്തിലും ഇടതുപക്ഷ പുരോഗമന മഹിളാസംഘടനകള്‍ പ്രതിഷേധം നടത്തുന്നത്. എല്ലാ സ്ത്രീകളും പോരാട്ടത്തില്‍ പങ്കാളികളാവുക.