November 28, 2023 Tuesday

Related news

November 6, 2023
October 26, 2023
September 22, 2023
September 21, 2023
September 20, 2023
September 20, 2023
September 19, 2023
August 2, 2023
July 26, 2023
May 28, 2023

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍: വിദൂര യാഥാര്‍ത്ഥ്യം

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 19, 2023 10:39 pm

ഏറെ പ്രതീക്ഷിച്ചിരുന്ന വനിതാ സംവരണ ബില്ലില്‍ രാജ്യത്തിന് നിരാശ മാത്രം. നിയമമായാലും ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടാല്‍ മാത്രം നടപ്പിലാകുന്ന വ്യവസ്ഥകളോടെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് വ്യക്തം. ഇതോടെ സര്‍ക്കാരിന്റെ വനിതാ സംവരണത്തിലെ ആത്മാര്‍ത്ഥത ചോദ്യംചെയ്യപ്പെടുന്നു.

ബില്‍ നിയമമായാല്‍ അതിന്റെ കാലപരിധി 15 വര്‍ഷമാണ്. ഈ സമയപരിധി നീട്ടാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. എന്നാല്‍ പുതിയ കാനേഷുമാരി കണക്കുകള്‍ പ്രകാരം മണ്ഡല പുനര്‍നിര്‍ണയം നടത്തിയ ശേഷമേ നിയമം പ്രാബല്യത്തിലാകൂ. അല്ലെങ്കില്‍ മണ്ഡല അതിര്‍ത്തികളില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷവും. കോവിഡ് ബാധമൂലം 2021ല്‍ മുടങ്ങിയ കാനേഷുമാരി കണക്കെടുപ്പ് 2027ലാകും ഇനി നടക്കുക. അത് പൂര്‍ത്തിയായി മണ്ഡല പുനര്‍നിര്‍ണയം നടത്തിക്കഴിയുമ്പോള്‍ 2029 എങ്കിലും ആകും. ഫലത്തില്‍ അതിനുശേഷം ശേഷം മാത്രമേ നിയമം നടപ്പിലാക്കപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ അടുത്ത രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും വനിതാസംവരണം നടക്കാനിടയില്ല.

ലോക്‌സഭ, നിയമസഭ, കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹി അസംബ്ലി എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് ഭരണഘടനയുടെ 128-ാം ഭേദഗതി ബില്‍. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിച്ചത്. ഓരോ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും.

രാജ്യസഭ, ലെജിസ്ലേറ്റീവ് കൗണ്‍സിലുകള്‍ എന്നിവയില്‍ വനിതാ സംവരണം ബാധകമല്ല. പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്ന സീറ്റുകളില്‍ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യണമെന്നും ആറുപേജുള്ള ബില്ലില്‍ വ്യവസ്ഥയുണ്ട്. ദേശീയ, സംസ്ഥാന തലങ്ങളിലെ നയരൂപീകരണത്തില്‍ വനിതകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമ നിര്‍മ്മാണമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം സംവരണ നിയമ പ്രകാരം ഒബിസി വിഭാഗങ്ങളിലെ വനിതാ സംവരണം ബില്ലില്‍ ഏര്‍പ്പെടുത്താത്തത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാനുള്ള സാധ്യത അവശേഷിപ്പിക്കുന്നു. ഇതോടെ വനിതാ സംവരണ ബില്‍ സര്‍ക്കാരിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പു കുതന്ത്രമായി മാറും എന്നത് വ്യക്തം. ഒബിസി സംവരണം നടപ്പ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞാല്‍ മാത്രമേ നിലവിലെ ബില്ലുകൊണ്ട് വനിതകള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കൂ. മറിച്ചെങ്കില്‍ ബില്‍ പുതിയ നിയമക്കുരുക്കിലേക്ക് നീങ്ങും.
2010ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭ പാസാക്കിയ ബില്ലില്‍ നിന്നും വിരുദ്ധമായി ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തെ പുതിയ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്. ബില്ലിനെ അനുകൂലിക്കുമ്പോഴും ബില്ലിന്റെ പകര്‍പ്പ് പോലും നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ ബില്ല് ഡിജിറ്റലായി എല്ലാ അംഗങ്ങള്‍ക്കു മുന്നിലും എത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. ബില്ലില്‍ നാളെ ചര്‍ച്ച നടക്കും.

eng­lish sum­ma­ry; Wom­en’s Reser­va­tion Bill in Lok Sab­ha: A Dis­tant Reality
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.