Web Desk

മെൽബൺ

March 08, 2020, 8:38 am

വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന്; ചരിത്രംകുറിക്കാൻ പെൺപട

Janayugom Online

ചരിത്രത്തിൽ തിലകം ചാർത്താൻ ഇന്ത്യയുടെ പെൺപടകൾ ടി20 ലോകകപ്പിന്റെ കലാശപ്പോരിന് ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ കരുത്തുറ്റ ഓസ്ട്രേലിയയാണ് എതിരാളികൾ. ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്കു 12.30നാണ് ഫൈനൽ പോരാട്ടത്തിനു അരങ്ങുണരുന്നത്. ലോക വനിതാദിനത്തിലാണ് ഫൈനൽ മത്സരം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഒരു മത്സരത്തിൽപ്പോലും കൈവിട്ടുകളയാതെ എല്ലാ മത്സരവും വിജയിച്ചു കരുത്തുകാട്ടിയാണ് ഈ ലോകകപ്പിൽ ഇന്ത്യൻ ടീം ഫൈനൽ വരെ എത്തിയത്. പ്രാഥമിക റൗണ്ടിലെ ഒരു മത്സരത്തിൽ മാത്രമേ ടീം ഓസ്ട്രേലിയയും തോൽവി അറിഞ്ഞിട്ടുള്ളു. പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് എ യിലെ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ തന്നെയാണ് ടീമിനെ മുട്ടുക്കുത്തിച്ചത്.

കഴിഞ്ഞ മത്സരത്തിലെ തോൽവിയറിഞ്ഞ ഓസ്ട്രേലിയൻ ടീമിനു ഈ അവസരം മധുരപ്രതികാരം ചെയ്ത് കപ്പ് തന്റെ കൈപ്പിടിയിൽ തന്നെ നിർത്താനാവും ശ്രമിക്കുക. അതുകൊണ്ട് തന്നെ പൊടിപാറുന്ന ഒരു മത്സരം തന്നെയാവും കളിക്കളത്തിൽ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതുവരെ നടന്ന ആറു ലോകകപ്പുകളിൽ നാലിലും ഓസീസിനായിരുന്നു കിരീടം. വനിതകളുടെ ടി20 ലോകകപ്പ് ഓസ്ട്രേലിയ തന്റെ കുത്തകയാക്കി വച്ചിരിക്കുന്നത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഓരോ തവണ വീതം ജേതാക്കളായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രനേട്ടം തന്നെയാണ്. വനിത ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഫൈനലിൽ പ്രവേശനം നേടുന്നത്. നേരത്തേ സെമി ഫൈനലിന് അപ്പുറം കടക്കാൻ ഇന്ത്യക്കായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 21ന് ഓസീസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു ഇന്ത്യ ടൂർണമെന്റിലേക്ക് കാലെടുത്തുവച്ചത്.

17 റൺസിന്റെ വിജയമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 132 റൺസായിരുന്നു നേടിയത്. മറുപടിയിൽ ബൗളർമാർ അരങ്ങുവാണപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ 115 റൺസിന് ഓസീസ് പുറത്താവുകയായിരുന്നു. മഴമുടക്കിയ സെമി ഫൈനൽ മത്സരത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. സെമിയിൽ കരുത്തരായിരുന്ന ഇംഗ്ലണ്ട് ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ. മഴയെ തുടർന്ന് ടോസ് പോലും നടത്താതെ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ മഴ നിയമപ്രകാരം അഞ്ചു റൺസിന് ഓസീസ് മറികടന്നത്. താരതമ്യേന ചെറിയ സ്കോർ പോലും പ്രതിരോധിച്ചു ജയിക്കാൻ ഇന്ത്യയെ സഹായിച്ചത് സ്പിന്നർമാരായിരുന്നു. നാലു കളികളിൽ നിന്നു ഒമ്പത് വിക്കറ്റെടുത്ത പൂനം യാദവാണ് ഇന്ത്യൻ സ്പിൻ ബൗളിങിന്റെ കുന്തമുന. പതിനാറുകാരി ഷഫാലി വർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഓരോ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് നിരയുടെ മാനം കാത്തത്. ഓസ്ട്രേലിയക്കെതിരെ ദീപ്തി ശർമ നേടിയ 49 റൺസ് മാറ്റിനിർത്തിയാൽ ഇന്ത്യൻ മധ്യനിര ടൂർണമെന്റിൽ തികച്ചും പരാജയമായിരുന്നുവെന്ന് പറയാൻ സാധിക്കും.

ഓപ്പണർ സൂപ്പർ താരം സ്മൃതി മന്ദാനയ്ക്കും തിളങ്ങാനാകുന്നില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും ഒരിക്കൽ കൂടി ക്രീസിൽ നിലയുറപ്പിക്കുന്നതിൽ പരാജയപ്പെട്ട താരം നിരാശപ്പെടുത്തി. മൂന്നാം നമ്പരിൽ ജെമിമ റോഡ്രിഗസ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാൽ വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ താരവും പരാജയപ്പെടുന്നു. നായിക ഹർമൻപ്രീത് കൗറിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. ബോളിങ്ങിലാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാകുന്നത്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള പൂനം യാദവിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. നാല് മത്സരങ്ങളിലായി 89 റൺസ് വഴങ്ങിയാണ് താരം ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ പേസർ ശിഖ പാണ്ഡെയും എതിരാളികളെ വെള്ളംകുടിപ്പിക്കുന്ന ബോളറാണ്. ബോളിഗ് നിരയെപ്പോലെ കരുത്തുറ്റ ബാറ്റിങ് നിരകൂടി ഉയർന്നു വന്നാൽ ഓസ്ട്രേലിയക്ക് മുന്നിൽ കടുത്ത മത്സരം തന്നെ ഇന്ത്യക്ക് പുറത്തെടുക്കാനാവും.

Eng­lish Sum­ma­ry; Wom­en’s T20 World Cup final

YOU MAY ALSO LIKE THIS VIDEO