Monday
25 Mar 2019

യുവകലാസാഹിതി: കണ്ണൂരിൽ സ്നേഹോഷ്മളമായ സ്വീകരണം

By: Web Desk | Friday 11 January 2019 6:59 PM IST


കണ്ണൂര്‍:  ദേശീയത, മാനവികത, ബഹുസ്വരത എന്നീ ആശയങ്ങള്‍ മുന്‍ നിര്‍ത്തി യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട്ട് ലീലാകൃഷ്ണന്‍ നയിക്കുന്ന സംസ്ഥാന സാസ്‌ക്കാരിക യാത്രയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കണ്ണൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വമ്പിച്ച സ്വീകരണം നല്‍കി. കാലത്ത് തൃക്കരിപ്പൂരില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പയ്യന്നൂരില്‍ എത്തിയ ജാഥക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

കണ്ണൂര്‍ പഴയബസ് സ്റ്റാന്റില്‍ നല്‍കിയ സ്വീകരണ പരിപാടി പ്രശസ്ത നാടക രചിയതാവ് സുരേഷ്ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ ഇ എം സതീശന്‍ ഗീതാനസീര്‍, ശാരദാമോഹന്‍ എ.പി അഹമ്മദ്, ടി യു ജോണ്‍സണ്‍, കെ ബിനു, വി വി പൗലോസ്, ഷീല രാഹുലന്‍, ബീന ചേലേരി, വി വി ശ്രീനിവാസന്‍, മലപ്പട്ടം ഗംഗാധരന്‍, ഗംഗന്‍ അഴീക്കോട് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ പി അജയകുമാര്‍ ജാഥാഅംഗങ്ങളെ പരിചയപ്പെടുത്തലും ഉപഹാരസമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്തു.

വര്‍ത്തമാന സാഹചര്യത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ തുറന്ന് കാട്ടിയുള്ള എം എം സജീന്ദ്രന്‍ രചിച്ച ഇന്നലെ സംഭവിച്ച അബദ്ധം എന്ന സംഗീത നാടക ശില്പവും അരങ്ങേറി. പയ്യന്നൂരിലെ സ്വീകരണപരിപാടിയില്‍ നാടകരചയിതാവ് എം എം സജീന്ദ്രന്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം രാമകൃഷ്ണന്‍ അധ്യക്ഷനായി. വിനാരായണന്‍ സ്വാഗതവും വി ടി മോഹനന്‍ നന്ദിയും പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളില്‍ വിവിധ യുവജന വിദ്യാര്‍ത്ഥി തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ജാഥാഅംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.