മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്‌തു. ഉത്തരവിറക്കാനിടയായ സാഹചര്യം, മറ്റുള്ളവർക്ക് പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങൾ ചീഫ് സെക്രട്ടറി അന്വേഷിക്കും.
നവംബർ അഞ്ചിനാണ് മരംമുറിക്കലിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഇന്നലത്തെ മന്ത്രിസഭായോഗ തീരുമാനം. ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭ്യമാകാതെയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.
തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മരങ്ങള്‍ മുറിച്ച് നീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ക്ലിയറന്‍സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളം സുപ്രീംകോടതി മുമ്പാകെ നല്‍കിയ റിട്ട് ഹര്‍ജിയില്‍ 2021 ജനുവരി 22 ന് ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ മരംമുറിക്കല്‍ അനുവദിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസില്‍ നിഷ്കര്‍ഷിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് ഉത്തരവ് റദ്ദാക്കിയത്.
English Summary: Wooden Room: Chief Wildlife Warden Suspension
You may like this video also