വോട്ട് ബട്ടണ്‍ അമര്‍ത്താന്‍ തടിക്കഷ്ണങ്ങള്‍; മാറ്റങ്ങളുമായി ബിഹാര്‍ തെരഞ്ഞടുപ്പ്

Web Desk

പട്ന

Posted on July 04, 2020, 10:31 pm

കോവിഡ് ഭീതിക്കിടെ ഈ വർഷം സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ നിരവധി മാറ്റങ്ങളുമായി തെരഞ്ഞടുപ്പ് കമ്മിഷൻ. പോളിംഗ് ബൂത്തിലെത്തുന്നവർക്ക് തടിക്കഷ്ണങ്ങളും ഖാദിയുടെ മാസുകളും വിതരണം ചെയ്യുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകർക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ അമർത്തുന്നതിനായാണ് നീളമുളള ചെറിയ തടിക്കഷ്ണങ്ങൾ നൽകുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച് ആർ ശ്രീനിവാസ പറഞ്ഞു. അതേസമയം മാസ്കില്ലാതെ ബൂത്തിലെത്തുന്നവർക്ക് അവിടുന്നുതന്നെ സൗജന്യമായി മൂന്ന് പാളികളുള്ള ഖാദിയുടെ മാസ്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ബൂത്തിലും കൈകഴുകുന്നതിനും ബാക്ടീരിയ പ്രൂഫ് കൈയ്യുറകള്‍ ലഭ്യമാക്കാനും സൗകര്യമുണ്ടാകും. ഒരു ബൂത്തിൽ 1,000 വോട്ടർമാരെ മാത്രമേ അനുവദിക്കുകയുള്ളൂ.

അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവർ, കോവിഡ് രോഗ ബാധിതർ, നിരീക്ഷണത്തിലുള്ളവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം കമ്മിഷൻ അറിയിച്ചിരുന്നു. ബിഹാറിലെ മൊത്തം വോട്ടർമാരിൽ 1.98 കോടി 32–39 പ്രായപരിധിക്കുള്ളിലുള്ളവരും 8.70 ലക്ഷം 70 വയസിന് മുകളിലുള്ളവരുമാണ്. വോട്ടർ പട്ടികയിൽ പുതുതായി 7.43 ലക്ഷം വോട്ടർമാരെക്കൂടി ഉൾപ്പെടുത്തിയതായി കമ്മിഷൻ അറിയിച്ചു.

പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി വോട്ടർമാരെ സംഘടിതമായി രാഷ്ട്രീയമായ സ്വാധീനത്തിന് വിധേയമാക്കുകയും തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് പറയുന്നു.

Eng­lish sum­ma­ry: Wood­en Sticks to Touch EVM But­ton in bihar elec­tion

You may also like this video: