കാശ്മീരില്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളിയെ ഭീകരര്‍ കൊലപ്പെടുത്തി

Web Desk
Posted on October 16, 2019, 5:11 pm

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളിയെ വെടിവച്ച് കൊലപ്പെടുത്തി. ബെസോലി സ്വദേശിയായ സെതി കുമാര്‍ സാഗറാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലായിരുന്നു ആക്രമണം ഉണ്ടായത്.

ചെങ്കല്‍ചൂള തൊഴിലാളിയായ സാഗര്‍ മറ്റൊരാള്‍ക്കൊപ്പം നടന്നുപോകവേയാണ് രണ്ടു ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളില്‍ ഒരാള്‍ പാകിസ്താന്‍ പൗരനാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഭീകരരെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.

കാശ്മീരിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഭീകരര്‍ ലക്ഷ്യംവയ്ക്കുന്നു എന്നതിന്റെ സൂചനയാണ് കൊലപാതകങ്ങളെന്നും വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്നും വിലയിരുത്തപ്പെടുന്നു. രാജസ്ഥാനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നാലെയാണിത്.