October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 27, 2022

തൊഴിലാളികളും കര്‍ഷകരും ദേശീയ പ്രക്ഷോഭത്തിലേക്ക്

Janayugom Webdesk
May 20, 2020 2:30 am

ദേശവ്യാപകമായി മെയ് 22ന് തൊഴിലാളികള്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. കൂടുതല്‍ ശക്തമായ പ്രക്ഷോഭണങ്ങള്‍ക്കുള്ള തയ്യാറെടുപ്പായാണ് കേന്ദ്രട്രേഡ് യൂണിയനുകള്‍ ഈ പണിമുടക്കു സമരത്തെ നോക്കിക്കാണുന്നത്. മഹാമാരിയെത്തുടര്‍ന്നുള്ള അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ദിഷ്ട പണിമുടക്ക് സമരം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. തൊഴില്‍നിയമങ്ങള്‍ ഒന്നാകെ അസാധുവാക്കി തൊഴിലാളികളുടെ ജീവിതം അടിമസമാനമാക്കി മാറ്റാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭത്തിന് ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ഭാരതീയ മസ്‍ദൂര്‍സംഘ് (ബിഎംഎസ്) ഒഴികെയുള്ള പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും ബാങ്ക് ജീവനക്കാരുടെയും സ്വതന്ത്ര അസോസിയേഷനുകളും ഫെഡറേഷനുകളും നേരത്തെതന്നെ തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു.

അടച്ചുപൂട്ടലിന്റെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അപ്പാടെ അട്ടിമറിച്ചുകൊണ്ടുള്ള നീക്കങ്ങളും ദേശീയ പണിമുടക്കിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. തൊഴിലാളികളുടെ ദേശീയ പണിമുടക്കിനു പിന്നാലെ രാജ്യത്തെ കര്‍ഷകതൊഴിലാളികള്‍, നാമമാത്ര കര്‍ഷകര്‍, പാട്ടകൃഷിക്കാര്‍, പങ്കുകൃഷിക്കാര്‍ തുടങ്ങി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഗ്രാമീണ ജനതയും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. മെയ് 27ന് രാജ്യത്തുടനീളം ബ്ലോക്ക്തലത്തില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക, ഗ്രാമീണ ജനവിഭാഗങ്ങളുടെ ഇരുന്നൂറില്‍പരം സംഘടനകളുടെ സംയുക്തവേദി ആഹ്വാനം ചെയ്തിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആവലാതികള്‍ ഉന്നയിച്ച് ഒതുങ്ങിക്കൂടാന്‍ പറ്റാത്തവിധം ഗുരുതരമായ പ്രതിസന്ധിയിലാണ് ഗ്രാമീണ സമ്പദ്ഘടന. അതുകൊണ്ടുതന്നെ അടച്ചുപൂട്ടല്‍ നിയമങ്ങള്‍ ലംഘിച്ച് പൊതുഇടങ്ങളില്‍ പ്രതിഷേധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിക്കുന്നു. സമ്പദ്ഘടനയെ ആകെ പിടിച്ചുലച്ച അടച്ചുപൂട്ടല്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും നഗര, ഗ്രാമ വ്യത്യാസം കൂടാതെ പാവപ്പെട്ട ജനസാമാന്യത്തിന്റെയും ജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു.

സംഘടിതവ്യവസായ മേഖലകളിലും അസംഘടിത മേഖലകളിലും പണിയെടുക്കുന്ന ജനകോടികള്‍ ഒന്നാകെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണ്. നിരാലംബരായ ജനങ്ങള്‍ക്ക് കേന്ദ്രഭരണകൂടത്തില്‍ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. വ്യവസായത്തിലും കൃഷിയിലും സേവനതുറകളിലും പണിയെടുക്കുന്നവര്‍ ഒന്നുപോലെ നിരാലംബരായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുപകരം മഹാമാരിയുടെയും അടച്ചുപൂട്ടലിന്റെയും മറവില്‍ ദേശീയ ആസ്തികള്‍ ഒന്നാകെ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്ക് അടിയറവയ്ക്കുന്നതു സംബന്ധിച്ച കര്‍മ്മപദ്ധതിയാണ് സമാശ്വാസ പാക്കേജിന്റെ പേരില്‍ മോഡി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ കോര്‍പ്പറേറ്റ് വിടുപണി സുഗമമാക്കുന്നതിന് രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ ഒന്നാകെ അസാധുവാക്കാനും ഭരണകൂടം മുതിര്‍ന്നിരിക്കുന്നു.

നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം സുദീര്‍ഘങ്ങളായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന 44 തൊഴില്‍നിയമങ്ങള്‍ ക്രോഡീകരണത്തിന്റെ പേരില്‍ നിരാകരിക്കാനുള്ള നിയമനിര്‍മ്മാണം പാര്‍ലമെന്ററി ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ നടപ്പാക്കിയിരിക്കുന്നു. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ മൗലിക അധികാരം തന്നെ നിരോധിക്കാനാണ് ഭരണകൂടം മുതിര്‍ന്നിരിക്കുന്നത്. ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗുജറാത്തും ഹിമാചലുമടക്കം ആറ് സംസ്ഥാനങ്ങള്‍ പ്രതിലോമ, തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ലമെന്ററി മര്യാദകള്‍പോലും കാറ്റില്‍പറത്തിക്കൊണ്ടാണ് ആ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. നിയമത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും മുന്നില്‍ അവയ്ക്ക് നിലനില്പ് ഇല്ലെന്ന് തൊഴില്‍സമയം എട്ടില്‍ നിന്ന് 12 മണിക്കൂറാക്കിയ നിയമം പിന്‍വലിക്കുക വഴി യുപി സര്‍ക്കാര്‍ തെളിയിക്കുകയുണ്ടായി.

അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ നാളിതുവരെ നടന്ന ചെറുതും പ്രാദേശികവുമായ സമരങ്ങളുടെ സ്ഥാനത്ത് സാമൂഹിക അകലം പാലിച്ചു കൊണ്ടുതന്നെ വലിയ തൊഴിലാളി മുന്നേറ്റമാണ് സംയുക്ത ട്രേഡ് യൂണിയന്‍ വേദി വിഭാവനം ചെയ്യുന്നത്. ആരോഗ്യ അടിയന്തരാവസ്ഥയുടെ മറവില്‍ തൊഴില്‍നിയമങ്ങള്‍ നിഷേധിക്കാനും അതുവഴി രാഷ്ട്രസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് എതിര്‍പ്പുകള്‍ കൂടാതെ അടിയറവയ്ക്കാനുമുള്ള മോഡി ഭരണകൂടത്തിന്റെ നീക്കത്തിനെതിരായ ശക്തമായ താക്കീതായിരിക്കും മെയ് 22ന്റെ ദേശീയ പണിമുടക്ക്. അടച്ചുപൂട്ടലിന്റെ കെടുതികള്‍ക്ക് ഇരകളായി മാറിയ പട്ടിണിപ്പാവങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സമാശ്വാസം നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം മാത്രമെ തൊഴിലാളി വര്‍ഗത്തിനു മുന്നില്‍ അവശേഷിക്കുന്നുള്ളു എന്ന തിരിച്ചറിവ് കൂടിയാണ് ദേശീയ പണിമുടക്കിലേക്ക് നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.