തൊഴിലാളികൾ വീണ്ടും ദേശീയ പണിമുടക്കിന്

Web Desk
Posted on October 02, 2019, 10:10 pm

ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒരുമിച്ച് വീണ്ടും ഒരു ദേശീയ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അടുത്ത വർഷം ജനുവരി എട്ടിന് പണിമുടക്കിന് ഡൽഹിയിൽ ചേർന്ന തൊഴിലാളി കൺവൻഷൻ ആഹ്വാനം നൽകിയിരിക്കുന്നത്. പണിമുടക്ക് പോലുള്ള സമരങ്ങളിലേയ്ക്ക് തൊഴിലാളികൾക്ക് ഇറങ്ങേണ്ടി വരുന്നത് അവർ നേരിടുന്ന ദുരിതം അത്രമേൽ കടുത്തതാണ് എന്നതുകൊണ്ടാണ്.

അ‍ഞ്ചുവർഷം കേന്ദ്ര ഭരണം പൂർത്തിയാക്കിയ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ രണ്ടാം ഭരണത്തിന് നൂറു ദിവസം മാത്രമേ പൂർത്തിയായുള്ളൂ എങ്കിലും അവലംബിച്ചിരിക്കുന്ന നയങ്ങൾ അഞ്ചുവർഷത്തേതിനെക്കാൾ കടുത്തവയാണ് എന്നതാണ് നമ്മുടെ അനുഭവം. ഈ നൂറ് ദിവസത്തിനകം തന്നെ സാധാരണക്കാരുടെ ജീവിതം ദുരിതം വർധിപ്പിക്കുന്ന സമീപനങ്ങൾ പലതും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത്രയും കുറച്ചു നാളുകൾക്കിടയിൽ ഇത്രയധികം ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ച മറ്റൊരു സർക്കാർ ഇന്ത്യയുടെയെന്നല്ല ലോകത്തിന്റെ തന്നെ ചരിത്രത്തിൽ ഉണ്ടാവുമോ എന്ന് സംശയമാണ്. രാജ്യത്തെ ഓർഡനന്‍സ് ഫാക്ടറികളിലെ ഒരുലക്ഷത്തിലധികം വരുന്ന തൊഴിലാളികളും ജീവനക്കാരും ഒരുമാസം നീണ്ട പണിമുടക്കിനാണ് തുനിഞ്ഞിറങ്ങിയത്.

മൂന്നാം ദിവസം കേ­ന്ദ്രസർക്കാർ നിലപാടുകളിൽ നിന്ന് പിറകോട്ട് പോ­­യതിനാൽ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വെടിക്കോപ്പുകളും യുദ്ധസാമഗ്രികളും നിർമ്മിക്കുന്ന ഓ­ർഡനൻസ് ഫാക്ടറികളുടെ സ്വകാര്യവൽക്കരണം എ­ന്ന അജണ്ടയിൽ നിന്ന് പി­ന്നോട്ടുപോകാൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്ന് തോന്നുന്നില്ല. മറ്റൊരു തൊ­­­­ഴിൽ മേഖലയായ ബാങ്കിംഗ് രംഗത്തും ജീവനക്കാരും ഓഫീസർമാരും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം നേ­രിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരമെന്ന നിലയിൽ വിവിധ ബാങ്കുകളെ സംയോജിപ്പിക്കുന്നതിനുള്ള തീരുമാനമാണ് ബാങ്കിംഗ് മേഖലയിലെ പണിമുടക്കിന് ആധാരമായിരിക്കുന്നത്.

നേരത്തേ ചില ബാങ്കുകൾ സംയോജിപ്പിച്ചതിന്റെ അനുഭവം മുന്നിലുള്ളതുകൊണ്ടാണ് അവർ പണിമുടക്കിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവുമധികം തൊഴിൽദായക മേഖലയായ കാർഷികരംഗവും അതീവ ഗുരുതരമായ പ്രതിസന്ധിയിലാണ്. ഇതേ തുടർന്ന് കർഷകത്തൊഴിലാളികളും തൊഴിൽ രഹിതരായി മറ്റ് മേഖലകൾ തേടേണ്ടിവന്നിരിക്കുന്നു. എന്നാൽ മറ്റ് തൊഴിൽമേഖലകളെല്ലാം താറുമാറായി നിൽക്കുന്നതിനാൽ എന്തെങ്കിലും തൊഴിൽ എന്നത് അവർക്കും സ്വപ്നം മാത്രമായി മാറി. രാജ്യത്തെ പ്രമുഖ തൊഴിൽ മേഖലകളായ വിവര സാങ്കേതിക, വാഹന നിർമ്മാണമേഖലകളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്.

സെപ്റ്റംബർ മാസത്തിലും വൻകിട നിർമ്മാതാക്കളുടെ വാഹന വിൽപനയിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. മാരുതി, ടാറ്റ കമ്പനികളുടെ വാഹനവിൽപനയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ മാരുതിയുടെ വിൽപനയിൽ 24. 4 ശതമാനം കുറവുണ്ടായി. ഒരുവർഷം മുമ്പ് ഇതേ കാലയളവിൽ 1. 62 ലക്ഷം വാഹനങ്ങൾ വിറ്റുപോയെങ്കിൽ ഈ വർഷം അത് 1. 22 ലക്ഷമായി. ടാറ്റ മോട്ടോഴ്സിൽ നിന്ന് 36, 376 വാഹനങ്ങളാണ് വിറ്റുപോയത്. മുൻവർഷം ഇതേമാസം 69, 991 വാഹനങ്ങൾ വിറ്റുപോയി. വിൽപനയിൽ 48 ശതമാനത്തിന്റെ കുറവ്. ഇതെല്ലാം രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന്റെ കൂടി പ്രതിഫലനമാണ്.

ധനകാര്യ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് മാന്ദ്യത്തിലേയ്ക്ക് നയിച്ചതെന്ന് ഇന്ത്യയിലെ മാത്രമല്ല ആഗോളതലത്തിലെ വിദഗ്ദ്ധർവരെ വിലയിരുത്തുന്ന സാഹചരമാണുള്ളത്. കേന്ദ്ര സർക്കാർ നേരത്തേ നടപ്പിലാക്കിയ നോട്ടുനിരോധനം, ചരക്കുസേവന നികുതി എന്നിവയും നികുതി പിരിവിൽ സംഭവിച്ച വൻ തോതിലുള്ള കുറവുമെല്ലാം കെടുകാര്യസ്ഥതയെയാണ് വിളിച്ചുപറയുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽ പ്രതീക്ഷയും അസ്തമിച്ചു. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് സർക്കാരിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതോടൊപ്പംതന്നെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള എല്ലാ തൊഴിൽ നിയമങ്ങളും ഉടമകൾക്കനുകൂലമായി ഭേദഗതി ചെയ്യുകയും പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. സംഘടിക്കാനുള്ള അവകാശം മാത്രമല്ല ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് പോലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ നഷ്ടമാകുന്ന വിധത്തിലാണ് നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. കുറ‍ഞ്ഞകൂലി ലഭ്യമാക്കണമെന്ന ലേബർ കോൺഫറൻസുകളുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തി. തുച്ഛമായ നിരക്ക് നിശ്ചയിച്ചുകൊണ്ട് സർക്കാർ തന്നെ ഉടമകളുടെ ചൂഷണത്തിന് കൂട്ടുനിൽക്കുകയാണ്.

സ്ഥിരം തൊഴിലിന് പകരം കരാർ തൊഴിലും താൽക്കാലിക തൊഴിലും വ്യാപകമായി നടപ്പിലാക്കുന്നതിന് സഹായകമായ നിലയിലുള്ള സമീപനങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നു. ഒരുവിധത്തിലുള്ള ആനുകൂല്യവും ലഭ്യമാകാതെ അസംഘടിത മേഖലയെന്നത് തൊഴിൽ ചൂഷണത്തിനുള്ള ഉപാധിയായി മാറുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിൽ രാജ്യത്തെ തൊഴിലെടുക്കുന്ന എല്ലാ വിഭാഗത്തിന്റെയും നിലനിൽപ് പോലും അസാധ്യമായ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഒരു ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്യാൻ കേന്ദ്ര തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചത്. രാജ്യം നേരിടുന്ന ഈ ദുരിതക്കയത്തിൽ നിന്ന് കരകയറുന്നതിനും ബദൽനയരൂപീകരണത്തിനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന് പണിമുടക്കിനൊരുങ്ങുന്ന തൊഴിലാളികൾക്കൊപ്പം ഇന്ത്യയൊന്നാകെ കൈകോർക്കുമെന്ന കാര്യത്തിൽ സംശയമില്ല.