തൊഴിലാളികളെ കേൾക്കണം

Web Desk
Posted on November 05, 2019, 10:36 pm

രാജ്യത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ യോജിച്ച മുന്നേറ്റത്തിലാണ്. തൊഴിലിന്റെയും തൊഴിൽ നിയമങ്ങളുടെയും അവകാശങ്ങളുടെയും സുരക്ഷയാണ് കാതലായ ആവശ്യം. ശക്തമായ പണിമുടക്കുകളും പോരാട്ടങ്ങളും നിരവധിയുണ്ടായിട്ടും ഭരണകൂടം അവഗണന തുടരുന്നു. തൊഴിൽ നിയമങ്ങളെല്ലാം യാതൊരു ചർച്ചയും കൂടാതെ കോർപ്പറേറ്റുകൾക്കായി പൊളിച്ചെഴുതുകയാണ്. രണ്ടാം തവണ അധികാരത്തിൽ വന്നതോടെ നരേന്ദ്രമോഡി പതിന്മടങ്ങ് ശേഷിയോടെയാണ് തൊഴിലാളി ദ്രോഹം ചെയ്യുന്നത്. സമൂഹത്തെ ഒന്നടങ്കം പ്രതിസന്ധിയിലേക്കും അങ്കലാപ്പിലേക്കും തള്ളിവിടുന്നത് പതിവായി. തൊഴിലാളികളുടെ ഭാവിയും തലമുറയുടെ തൊഴിൽ സാധ്യതയും അതിന്റെ ഭദ്രതയും തകർത്ത് ആശ്വാസം നേടുകയാണ് മോഡിയും കൂട്ടരും. ഏറ്റവുമൊടുവിൽ കരട് വേജ് കോഡ് ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വരുത്താനുദ്ദേശിക്കുന്ന മാറ്റം വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തുന്നതാണ്. ഒമ്പത് മണിക്കൂർ സാധാരണ പ്രവൃത്തി ദിനം നിർദ്ദേശിച്ചിരിക്കുകയാണ് അതിൽ. എന്നാൽ ദേശീയ മിനിമം വേതനം നിശ്ചയിക്കുന്നതിൽ നിന്ന് നരേന്ദ്രമോഡി ഭരണകൂടം വിട്ടുനിൽക്കുകയും ചെയ്യുന്നു. ഭാവിയിൽ വേതനം നിർണ്ണയിക്കുന്നതിന് മൂന്ന് ഭൂമിശാസ്ത്രപരമായ തരംതിരിവുകൾ നിർദ്ദേശിക്കുന്നതൊഴിച്ചാൽ പഴയ നിയമങ്ങളിൽ ഭൂരിഭാഗവും കരടിലും ആവർത്തിക്കുകയാണ്. 40 ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശം, 10 ലക്ഷം മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ ഇതര പ്രദേശം, ഗ്രാമപ്രദേശങ്ങൾ എന്നിങ്ങനെയാണത്.

മിനിമം വേതനത്തിന്റെ 10 ശതമാനം ഭവന വാടകയായി നൽകണമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എല്ലാ മേഖലയിലും ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സാമ്പത്തിക കുടിയേറ്റം ഗ്രാമങ്ങൾ മുതൽ നഗരപ്രദേശങ്ങളിലേക്കും വ്യാപിച്ചുവരുന്നതിനാൽ, ഭക്ഷണ, വസ്ത്ര ചെലവുകളും ഭവന വാടകയും വേതനത്തിന്റെ 10 ശതമാനം തുകയുമായി പൊരുത്തപ്പെടുന്നില്ല. ഇന്ധനം, വൈദ്യുതി, മറ്റ് പല വസ്തുക്കൾ എന്നിവയ്ക്കുള്ള ചെലവ് മിനിമം വേതനത്തിന്റെ 20 ശതമാനത്തിലധികം വരും. കരടിലെ ചട്ടഭേദഗതികൾ അവ്യക്തത സൃഷ്ടിക്കുന്നുവെന്നാണ് തൊഴിലാളി പ്രസ്ഥാനങ്ങൾ പറയുന്നത്. പ്രവൃത്തിസമയം ഒമ്പതുമണിക്കൂർ ആക്കിയെങ്കിലും പ്രതിമാസ ശമ്പളം നിശ്ചയിക്കുന്നതിനായി ഒരു മാസത്തിൽ 26 ദിവസത്തെ ജോലികൾക്കായി എട്ട് മണിക്കൂർ കണക്കാക്കുമെന്നാണ് കരടിൽ പറയുന്നത്. ഈ വൈരുദ്ധ്യം തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വേതനത്തെക്കുറിച്ചുള്ള ലേബർ കോഡ് പോലെ, വേതനത്തെക്കുറിച്ചുള്ള കരട് ചട്ടം മിനിമം വേതനം വ്യക്തമാക്കുന്നതിൽ ഇ­പ്പോഴും നിശബ്ദമാണ്. ഇക്കാര്യത്തിൽ വിദഗ്ധ സമിതികൾ ഭാവിയിൽ കേന്ദ്ര സർക്കാരിന് നിർദ്ദേശം സമർപ്പിക്കുമെന്നാണ് അതിൽ പറയുന്നത്. കേന്ദ്രതൊ­ഴിൽ മന്ത്രാലയത്തിന്റെ ആഭ്യന്തര പാനൽ ജ­നു­വരിയിൽ നൽകിയ റിപ്പോർട്ടിൽ ഇന്ത്യയുടെ ദേശീയ മിനിമം വേതനത്തെക്കുറിച്ച് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

2018 ജൂലൈയിലെ അടിസ്ഥാനവേതനം പ്രതിദിനം 375 രൂപയാണ്. മിനിമം പ്രതിമാസ വേതനമായ 9,750 രൂപയും. നഗര അധിഷ്ഠിത തൊഴിലാളികൾക്ക് 1,430 രൂപ ഭവന അലവൻസ് നൽകണമെന്നും ഏഴ് അംഗ പാനൽ നിർദ്ദേശിച്ചിരുന്നു. അതേസമയം മിനിമം വേതനം, ന്യായമായ വേതനം, ജീവിത വേതനം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് നിശ്ചയിക്കണമെന്നാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്. വേജ് കോഡ് നിയമത്തിന് ഒരു പുതിയ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇല്ലെന്ന് ബിജെപിയുടെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കുന്ന ബിഎംഎസ് പോലും കുറ്റപ്പെടുത്തുകയാണ്. എട്ട് മണിക്കൂർ അല്ലെങ്കിൽ ഒമ്പത് മണിക്കൂർ പ്രവൃത്തി ദിവസത്തിന് പകരം ആറ് മണിക്കൂർ ജോലി ദിവസമാണ് വേണ്ടതെന്ന് ബിഎംഎസ് ദേശീയ നേതൃത്വം തന്നെ കേന്ദ്ര സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇങ്ങനെ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന തൊഴിൽ നിയമങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നതിൽ തർക്കമില്ല. പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ തൊഴിൽ നിയമങ്ങൾ ജൂലൈയിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ഇത് പാസാക്കുകയും ചെയ്തു. കൂലി, ഏകീകൃത വേതനം, ബോണസ്, കുറഞ്ഞ കൂലി എന്നിവ സംബന്ധിച്ച ഇവയൊന്നും പാർലമെന്റില്‍ വേണ്ടത്ര ചർച്ച നടത്തിയവയല്ല. പുതിയ നിയമങ്ങളെല്ലാം ഓഗസ്റ്റ് എട്ടിന് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുറത്ത് വിട്ട കരടിലാണ് ജോലി സമയം ഒമ്പതുമണിക്കൂറായി ക്രമീക­രി­ക്കു­ന്നതിനുള്ള നിര്‍ദ്ദേശമുള്ളത്. ഇതിൽ പൊതുജനാഭിപ്രായം അറിയി­ക്കാൻ ഒരു മാസം നൽ­കിയിട്ടുണ്ടെങ്കിലും കേന്ദ്ര തൊഴിൽ മന്ത്രാലയം അവയെ ഏതുവിധേന സ്വീകരിക്കുമെന്ന കാര്യത്തിലാണ് ആശങ്ക.