Web Desk

അഹമ്മദാബാദ്

April 03, 2020, 8:13 pm

തൊഴിലാളികളെ വായു സഞ്ചാരമില്ലാത്ത ടാങ്കർ ലോറികളിൽ കുത്തിനിറച്ചു

Janayugom Online

ഗുജറാത്തിൽ അതിർത്തി കടക്കാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളെ മർദ്ദിച്ചവശരാക്കി വായു കടക്കാത്ത ടാങ്കർ ലോറികളിൽ കുത്തിനിറച്ചുകൊണ്ടു പോയതായി ദ വയർ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ അതിർത്തി ജില്ലയായ വൽസദിലാണ് സംഭവം. തൊഴിലാളികളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് ടാങ്കർ ലോറികളിൽ കുത്തിനിറച്ച് കൊണ്ടുപോയത്. ടാങ്കറിൽ വായുസഞ്ചാരം പോലും ഉണ്ടായിരുന്നില്ല. ദ്രാവക രൂപത്തിലുള്ള ചരക്കുകൾ കൊണ്ടു പോകുന്ന ട്രക്കുകളിലെ ടാങ്കിൽ ഇവ നിറയ്ക്കുവാനായി തുറക്കുന്ന ചെറിയൊരു ദ്വാരം മാത്രമാണ് ആകെ ഉണ്ടായിരുന്നത്. ബംഗളൂരുവിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാപിയിലെത്തിയ തൊഴിലാളികളെയാണ് പൊലീസ് മർദ്ദിച്ച ശേഷം ടാങ്കറുകളിൽ കയറ്റിഅയച്ചത്.
ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 നാണ് 1,250 കിലോമീറ്ററുകൾ അകലെയുള്ള രാജസ്ഥാനിലെ സ്വന്തം നാടുകളിലേക്ക് ഇവർ യാത്ര തിരിച്ചത്. മാർച്ച് 31 ന് വൈകിട്ടാണ് തൊഴിലാളികൾ വാപിയിൽ എത്തിയത്. ആ സമയത്ത് പൊലീസ് ഇവർക്കു ഭക്ഷണവും വെള്ളവും നൽകി. എന്നാൽ രാത്രിയായതോടെ പൊലീസ് ഇവർക്കുനേരെ അക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. തുടര്‍ന്ന് രാജസ്ഥാൻ അതിർത്തിയിൽ വിടുമെന്നു പറ‍ഞ്ഞ് ഇവരെ ട്രക്കുകളിൽ കയറ്റി. എന്നാൽ നാൽപത് കിലോമീറ്ററുകളോളം സ‍ഞ്ചരിച്ച ട്രക്ക് തിരികെ മഹാരാഷ്ട്രയിലാണ് തൊഴിലാളികളെ എത്തിച്ചത്. വായുസഞ്ചാരമില്ലാത്തതിനാൽ ടാങ്കറിനുള്ളിൽ കുട്ടികൾ ശ്വാസം കിട്ടാതെ വീർപ്പുമുട്ടി. നിരവധി പേർ ബോധംകെട്ട് വീഴുകയും പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ഫോണിൽ രാജസ്ഥാനിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മഹാരാഷ്ട്ര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി തങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് തൊഴിലാളികൾ പറ‍ഞ്ഞു.
അതേസമയം ലോക്ഡൗണിനെ തുടർന്ന് വാഹനസൗകര്യം ലഭ്യമല്ലാത്തതിനാൽ ഹരിയാനയിലെ കുടിയേറ്റ തൊഴിലാളികൾ യുപിയിൽ എത്തിയത് 800 കിലോ മീറ്ററുകൾ താണ്ടി. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 നാണ് പത്തു പേരടങ്ങുന്ന സംഘം ഹരിയാനയിലെ ബല്ലഭ്ഗറിൽ നിന്നും യാത്ര തിരിച്ചത്. തുടർന്ന് കഴി‍ഞ്ഞ ഞായറാഴ്ച 60 മണിക്കൂർ നേരത്തെ യാത്രയ്ക്കുശേഷം അവർ യുപിയിലെ ഡിയോറയിലെ ബഘൗച്ച് ഘാട്ടിൽ എത്തി. 100 കിലോമീറ്റർ തുടർച്ചയായി ഇവർ നടന്നു. പിന്നീട് ട്രക്കുകൾ, ഓട്ടോറിക്ഷകൾ, വാട്ടർ ടാങ്കർ എന്നീ വാഹനങ്ങൾക്കും മറ്റും കൈകാണിച്ച് അതിൽ കയറി വീടുകളിൽ എത്തുകയായിരുന്നു. വീട്ടിൽ എത്തുവാൻ വേണ്ടി 1,200 രൂപ വീതം ഇവർ ഓരോരുത്തരും ചെലവാക്കി.

ഡ്രൈവർമാർക്കെതിരെ കേസെടുക്കാൻ ഡൽഹി സർക്കാർ
കുടിയേറ്റ തൊഴിലാളികളുമായി പോയ 44 സർക്കാർ ബസ് ജീവനക്കാർക്കെതിരെ കേസെടുക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. അവശ്യ സർവീസിൽ ഉൾപ്പെടുത്തി സർക്കാർ നിർദേശ പ്രകാരം ബസുമായി നിരത്തിലിറങ്ങിയ ജീവനക്കാർക്കെതിരെയാണ് കേസെടുക്കുന്നതെന്നതാണ് ഇതിൽ ഏറ്റവും വിചിത്രമായ കാര്യം. ലോക്ഡൗൺ പ്രഖ്യാപനത്തോടെ ഗതാഗതം സ്തംഭിച്ചപ്പോൾ നിരവധി കുടിയേറ്റ തൊഴിലാളികളാണ് കാൽനടയായി ഉത്തർപ്രദേശ്-ഡൽഹി അതിർത്തികളായ ഗാസിപുരിയിലും ആനന്ദ് വിവാഹിറിലും എത്തിയത്. ഇതിനു പിന്നാലെ ഡൽഹി സർക്കാരിന്റെ 100 ബസുകളും യുപി സർക്കാരിന്റെ 200 ബസുകളും ഈ തൊഴിലാളികളെ വീടുകളിൽ എത്തിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ കുടിയേറ്റ തൊഴിലാളികളെ ഒരു കാരണവശാലും സംസ്ഥാന അതിർത്തികൾ കടക്കാൻ അനുവദിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം വന്നതിനു പിന്നാലെ ഡൽഹി സർക്കാർ തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് മേലുദ്യോഗസ്ഥരുടെ ഉത്തരവിനെ തുടർന്ന് നിരത്തിലിറങ്ങിയ ബസ് ജീവനക്കാർക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനം.