8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 24, 2024
July 13, 2024
November 10, 2023
January 28, 2023
November 21, 2022
November 9, 2022
May 10, 2022
January 9, 2022

വനിതാ പ്രൊഫഷണലുകളുടെ ജോലിസമയം 56.5 മണിക്കൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2024 10:49 pm

ഇന്ത്യയിലെ യുവ വനിതാ പ്രൊഫഷണലുകള്‍ ആഴ്ചയില്‍ 56.5 മണിക്കൂര്‍ ജോലി ചെയ്യുന്നതായി അന്താരാഷ്ട്ര തൊഴിലാളി സംഘടന. ഐടി, കമ്മ്യൂണിക്കേഷന്‍, സാങ്കേതിക മേഖലയിലുള്ള സ്ത്രീകളുടെ ജോലി സമയത്തെക്കുറിച്ച് ഐഎല്‍ഒയുടെ കണക്കുകള്‍ ക്രോഡീകരിച്ച് ദ ഹിന്ദുവാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഐടി, മാധ്യമ മേഖലയിലുള്ള സ്ത്രീകള്‍ ആഴ്ചയില്‍ ശരാശരി 56.5 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. ഇത് അഞ്ച് പ്രവൃത്തി ദിവസങ്ങളില്‍ 11 മണിക്കൂര്‍ വീതമോ, ആറ് പ്രവൃത്തി ദിവസങ്ങളില്‍ ഒമ്പത് മണിക്കൂര്‍ വീതമോ ആണ്. സാങ്കേതിക, പ്രൊഫണല്‍ മേഖലയില്‍ ആഴ്ചയില്‍ 53.2 മണിക്കൂറും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മലയാളിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയലിന്റെ മരണത്തിന് പിന്നാലെയാണ് പ്രൊഫഷണലുകളുടെ ജോലി സമ്മര്‍ദവും അധിക ജോലിയും കൂടുതല്‍ ചര്‍ച്ചയാകുന്നത്. അമിത ജോലിഭാരത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് അന്നയുടെ മാതാവ് അനിതാ അഗസ്റ്റിന്‍ ആരോപിച്ചിരുന്നു.

രാജ്യത്തെ 24 വരെ പ്രായമുള്ള ഐടി, മാധ്യമ മേഖലകളിലുള്ള സ്ത്രീകളുടെ ജോലി സമയം ആഴ്ചയില്‍ 57 മണിക്കൂറാണ്. സാങ്കേതിക മേഖലയില്‍ ഇത് 55 ഉം. ഈ പ്രായത്തിലുള്ളവരെക്കൊണ്ടാണ് ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കുന്നത്. ഇത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ജര്‍മ്മനിയിലെ ഐടി, മാധ്യമ മേഖലകളിലെ ശരാശരി ജോലി സമയം ആഴ്ചയില്‍ 32 മണിക്കൂര്‍ മാത്രമാണ്. റഷ്യയില്‍ ഇത് 40 മണിക്കൂറാണ്. 

അമിത ജോലിഭാരം കൊണ്ടുതന്നെ ഇത്തരം മേഖലകളില്‍ നിന്ന് സ്ത്രീകള്‍ പരമാവധി വിട്ടുനില്‍ക്കുകയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ പ്രൊഫഷണല്‍, ശാസ്ത്ര, സാങ്കേതിക മേഖലയില്‍ ആകെ ജോലി ചെയ്യുന്നവരില്‍ 8.5 ശതമാനം മാത്രമാണ് സ്ത്രീകള്‍. ഐടി, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 20 ശതമാനം സ്ത്രീകളുണ്ട്. മറ്റ് പല രാജ്യങ്ങളിലും ഈ മേഖലകളില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കാളിത്തമുണ്ട്. സാങ്കേതിക മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തില്‍ 145 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 130 ആണ്.
ഏണസ്റ്റ് ആന്റ് യങ് കമ്പനിയിലാണ് 24കാരിയായ അന്ന ജോലി ചെയ്തിരുന്നത്. മതിയായ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന അന്ന ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. മകളുടെ അന്ത്യകര്‍മ്മങ്ങളില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്നും ജീവനക്കാരുടോടുള്ള ഉത്തരവാദിത്തവും ക്ഷേമവും ഉറപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും അന്നയുടെ അമ്മയുടെ കത്തില്‍ പറയുന്നു. കമ്പനി മേധാവി രാജീവ് മേമാനി വീഴ്ചയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.