Web Desk

February 15, 2020, 8:49 pm

ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ത്രിമാന അനുഭവങ്ങളുമായി കൃതി

Janayugom Online

പുസ്തകങ്ങളെയൊന്നും തിരിഞ്ഞു നോക്കാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ മാത്രം നോക്കിയിരിക്കുന്ന കുട്ടികളാണ് പുതിയ തലമുറയിലേതെന്ന് പരാതിയുണ്ടോ? നാളെ അവസാനിക്കുന്ന കൃതി പുസ്തകമേള മൂന്നാം പതിപ്പിലെ രണ്ട് സ്റ്റാളുകളില്‍ അതിന് പ്രതിവിധിയുണ്ട്. പുസ്തകത്തിനോടൊപ്പം മൊബൈല്‍ ഫോണും ചേര്‍ത്താലുള്ള ത്രിമാന അനുഭവമാണ് ഇവിടെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ കൃതിയില്‍ ചെറുപ്പക്കാരുടെയും കുട്ടികളേയും ഈ സ്റ്റാളുകള്‍ ഏറെ ആകര്‍ഷിക്കുന്നു. സ്റ്റാള്‍ സി13ലുള്ള ഭാരത് പബ്ലിക്കേഷന്‍സില്‍ സൗരയൂഥം, ശരീരത്തിലെ ആന്തരികാവയവങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളാണ് ഓഗ്മെന്‍ഡ് റിയാലിറ്റിയിലൂടെ (എആര്‍) പുതിയ അനുഭവം സമ്മാനിക്കുന്നത്.

പുസ്തകം വാങ്ങി അതില്‍ പറഞ്ഞിരിക്കുന്ന ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് അതുപയോഗിച്ച് പുസ്തകം സ്‌കാന്‍ ചെയ്യുമ്പോള്‍ അവിശ്വസനീയമായ ത്രിമാന അനുഭവമാണ് കാഴ്ചക്കാര്‍ക്ക് ലഭിക്കുന്നത്. അതിനെ വായനാനുഭവം എന്നു മാത്രം എങ്ങനെ വിളിക്കും? സ്റ്റാള്‍ 38ലെ ഇന്‍കെമോയിലുള്ളത് കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാനുള്ള വിവിധ തീമുകളിലുള്ള 7 അടി നീളമുള്ള സവിശേഷ പേപ്പറാണ്. കുട്ടികള്‍ക്ക് സൗകര്യമായി നിലത്തു വിരിച്ച് രസിച്ചു വരയ്ക്കാവുന്നത്ര നീളം. ക്രയോണ്‍സ്, പെന്‍സില്‍, സ്‌കെച്ച് പെന്‍ തുടങ്ങി ഏത് ആര്‍ട് മെറ്റീരിയല്‍ ഉപയോഗിച്ചാലും വീണ്ടും മായ്ച്ച് ഉപയോഗിക്കാവുന്ന പേപ്പര്‍. ഇതില്‍ പറയുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലൂടെ ചിത്രത്തില്‍ നോക്കുമ്പോള്‍ കുട്ടികള്‍ക്ക് ഏത് നിറം കൊടുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും എആര്‍-ലൂടെ ലഭിക്കും. കൊച്ചി പഴയ കൊച്ചിയല്ലെങ്കില്‍ ഇവിടെ കിട്ടുന്ന പുസ്തകവും പഴയ പുസ്തകമല്ലെന്ന് ചുരുക്കം.

Eng­lish sum­ma­ry: Works with Three-dimen­sion­al Expe­ri­ences with Aug­ment­ed Reality

you may also like this video