Janayugom Online
ഫാഫ് ഡുപ്ലെസിസ് , ഇയോന്‍ മോര്‍ഗന്‍

ലോകകപ്പ് ഇന്ന് തുടങ്ങുന്നു; കൊമ്പന്‍മാര്‍ ആദ്യം ഏറ്റുമുട്ടും

Web Desk
Posted on May 30, 2019, 9:41 am

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇതുവരെ നടന്ന മല്‍സരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ടീമിനും വ്യക്തമായ മുന്‍തൂക്കമില്ലെന്നു കാണാം. ഏകദിനത്തില്‍ 59 തവണയാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും
ഏറ്റുമുട്ടിയത്. ഇതില്‍ 29 മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ 26
ജയങ്ങളുമായി ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒന്ന് ടൈയില്‍ കലാശിച്ചു. അതേസമയം, ലോകകപ്പില്‍ ആറു തവണ ശക്തി പരീക്ഷിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മൂന്നു വീതം
ജയങ്ങള്‍ പങ്കിടുകയായിരുന്നു.

ലോകകപ്പില്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക
മത്സരം: 6 ഇംഗ്ലണ്ട് — 3, ദക്ഷിണാഫ്രിക്ക — 3

ഇംഗ്ലണ്ട്

ഇത്തവണത്തെ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നിര്‍ത്തുന്ന ടീമാണ് ഇംഗ്ലണ്ട്. 500 റണ്‍സ് വരെയടിക്കാന്‍ പ്രാപ്തരായ ടീമാണെന്ന് അടുത്തിടെയുളള ഇംഗ്ലണ്ടിന്റെ പ്രകടനങ്ങളില്‍ നിന്ന് മനസിലാക്കാം. നിര്‍ഭാഗ്യവശാല്‍ ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷ്പടയ്ക്ക് ഇതുവരെയും ഏകദിനലോകകപ്പ് കിരീടം സ്വന്തം നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഇപ്പോഴും ഒരു നാണക്കേടായി അവശേഷിക്കുന്നു.
എന്നാല്‍ ഇത്തവണ കഥമാറും. ഏറ്റവും മികച്ച ടീമുമായാണ് ഇംഗ്ലണ്ട് ലോകകപ്പിലെത്തുന്നത്. ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തിലിറങ്ങുന്ന ഇംഗ്ലണ്ട് അസാധ്യ ഫോമിലാണ് കളിക്കുന്നത്. ബാറ്റിങ്ങിലാണ് ടീമിന്റെ കരുത്തെങ്കിലും എല്ലാ മേഖലകളിലും മികവ് തെളിയിച്ചവരാണ് ഇംഗ്ലീഷ് പട. മൂന്ന് വട്ടം ഫൈനിലെത്തിയിട്ടും കിരീടം നേടാനാകാതെ പോയവരാണ് ഇംഗ്ലണ്ട്. കന്നി കീരീടം എന്ന വര്‍ഷങ്ങളുടെ മോഹം ഇക്കൊല്ലം കൈയ്യെത്തിപ്പിടിക്കാന്‍ ആവുമെന്നാണ് ഇംഗ്ലണ്ട് വിശ്വസിക്കുന്നത്. ആ വിശ്വാസത്തിന് കരുത്ത് പകരുന്ന പ്രധാന ഘടകം ബാറ്റിങ് നിരയുടെ മിന്നും ഫോമാണ്. ഇത്ര നാള്‍ ഇത്ര സ്ഥിരതയോടെ ബാറ്റ് വീശുന്നൊരു മുന്‍നിര ലോകകപ്പിനെത്തുന്ന മറ്റൊരു ടീമിനും അവകാശപ്പെടാനുണ്ടാകില്ല. ജോണി ബെയര്‍സ്‌റ്റോ, ജെയ്‌സണ്‍ റോയ്, ജോ റൂട്ട്, ജോസ് ബട്‌ലര്‍, ഇയാന്‍ മോര്‍ഗന്‍. ഇതുപോലാരു അഗ്രസീവായ ബാറ്റിങ് നിര ഏതൊരു ടീമിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നതാണ്.ക്യാപ്റ്റനെന്ന നിലയില്‍ മോര്‍ഗന് കഴിഞ്ഞ തവണത്തെ പിഴവിന് ഇത്തവണ കിരീടം കൊണ്ട് മറുപടി പറയേണ്ടതുണ്ട്.
ബാറ്റിങ് കരുത്തില്‍ ഏകദിനത്തില്‍ ഏറ്റവും വലിയ സ്‌കോര്‍ കണ്ടെത്തിയിരിക്കുന്നത് ഇംഗ്ലണ്ടാണ്. ഇത് തകര്‍ക്കാന്‍ മറ്റൊരു ടീമിനും സാധിച്ചിട്ടില്ലെന്നത് ഇംഗ്ലണ്ടിന്റെ കരുത്ത് എടുത്ത്കാണിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് കഴിഞ്ഞ ജൂണില്‍ ഇംഗ്ലണ്ട് കുറിച്ച 481 റണ്‍സ് ആണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍. വമ്പനടിക്കാര്‍ പലര്‍ ഒരു ടീമിലുണ്ടാകുമ്പോഴാണ് കൂറ്റന്‍ സ്‌കോറുകള്‍ ഏറെയും പിറക്കുന്നത്. പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലിഷ് കീപ്പര്‍ ജോസ് ബട്‌ലര്‍ ട്വന്റി20 ശൈലിയിലാണ് കത്തിക്കയറിയത്. 55 പന്തില്‍ 110 റണ്‍സ്. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ ആ റോള്‍ ഏറ്റെടുത്തു. 93 പന്തില്‍ 128 റണ്‍സ്. കഴിഞ്ഞ ലോകകപ്പിന് ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ തന്നെ ഇംഗ്ലണ്ടിന്റെ വളര്‍ച്ച മനസിലാകും.
കളിച്ച 80 കളികളില്‍ 34 എണ്ണത്തിലും 300 ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതില്‍ തന്നെ 51.6 ശതമാനം ബൗണ്ടറികളും. ബെയര്‍സ്‌റ്റോയും ബട്‌ലറും അമ്പരപ്പിക്കുന്ന ഫോമിലാണ് ബാറ്റ് വീശുന്നത്. ഒന്നു മിന്നിയ ശേഷം കെട്ടുപോകുന്നതിന് പകരം നിന്ന് കത്താന്‍ സാധിക്കുന്നുവെന്നതാണ് ഇരുവരുടേയും ഇന്നിങ്‌സുകളുടെ പ്രത്യേകത. ബെയര്‍സ്‌റ്റോയും റോയിയുമാണ് ഓപ്പണര്‍മര്‍. രണ്ടു പേരും ചേര്‍ന്ന് തുടങ്ങി വെക്കുകയും പിന്നാലെ വരുന്ന റൂട്ടും മോര്‍ഗനും ബട്‌ലറും മോയിന്‍ അലിയും അതേറ്റെടുക്കുകയും ചെയ്യുന്നതാണ് രീതി. ബെയര്‍സ്‌റ്റോയും ബട്‌ലറും ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ആവേശത്തിലാണ് ലോകകപ്പിനെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകകപ്പിന് തൊട്ടു മുമ്പ് നടക്കുന്ന പാക്കിസ്ഥാനെതിരായ പരമ്പരയില്‍ അടിച്ചു തകര്‍ത്താണ് ലോക ഒന്നാം നമ്പറുകാര്‍ അവസാന തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കുന്നത്.
ലോകകപ്പിനു മുന്നോടിയായുളള ആദ്യ സന്നാഹത്തില്‍ മുഖ്യ എതിരാളികളായ ഓസ്‌ട്രേലിയയോടു തോറ്റെങ്കിലും രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മാര്‍ക്ക് വുഡ്, ജെയിംസ് വിന്‍സ്, ലിയാം ഡോസന്‍, ലിയാം പ്ലങ്കെറ്റ്, ടോം കറെന്‍ എന്നിവര്‍ക്കു ആദ്യ കളിയില്‍ പുറത്തിരിക്കേണ്ടി വന്നേക്കും.
മറുഭാഗത്ത് പരിക്കേറ്റു വിശ്രമിക്കുന്ന സ്‌റ്റെയ്‌നിനു പകരം ക്രിസ് മോറി, ഡ്വയ്ന്‍ പ്രെട്ടോറിയസ് എന്നിവരിലൊരാള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയേക്കും.

ദക്ഷിണാഫ്രിക്ക

ലോകകപ്പ് നേടിയിട്ടില്ലെങ്കിലും പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും വളരെ ഉയരത്തിലുളള ടീമാണ് ദക്ഷിണാഫ്രിക്ക. പടിക്കല്‍ കൊണ്ട് കലമുടയ്ക്കുന്ന രീതിയാണ് ആദ്യ കാലം മുതല്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രകടത്തിലൂടെ സെമിഫൈനലിലെത്തിയിട്ടും നിര്‍ഭാഗ്യവശാല്‍ പുറത്താകേണ്ടി വരുന്ന അവസ്ഥായാണ് ദക്ഷിണാഫ്രിക്കയ്ക്കുളളത്. . 1992 ല്‍ ലോകകപ്പില്‍ അരങ്ങേറിയ ദക്ഷിണാഫ്രിക്ക ഇതുവരെ നാല് ലോകകപ്പുകളുടെ സെമി ഫൈനലുകളില്‍ കാലു തട്ടി വീണു. സെമി ഫൈനലെന്ന് കേള്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടേയും ആരാധകരുടേയും മനസിലേക്ക് കടന്നു വരുന്നൊരു ചിത്രമുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സെമി ഫൈനല്‍. ഇന്നും ഒരു സെമി ഫൈനലിനായി ഇറങ്ങുമ്പോള്‍ ആ ഓര്‍മ്മകള്‍ ദക്ഷിണാഫ്രിക്കയുടെ മനസിലൂടെ മിന്നിമറയും.
ദക്ഷിണാഫ്രിക്കന്‍ ടീം എല്ലാ കാലത്തും ശരാശരിക്കും താഴെ പോയിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലും മികച്ച ടീമിനെയാണ് ഇറക്കുന്നത്. ഫഫ് ഡുപ്ലെയിസാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക. പരിക്കു മൂലം പ്രമുഖ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഇംഗ്ലണ്ടിനെതിരായ കളിയില്‍ നിന്നും പിന്‍മാറിയത് ദക്ഷിണാഫ്രിക്കയ്ക്കു ക്ഷീണമായേക്കും. എങ്കിലും പുതിയ പേസ് കണ്ടുപിടുത്തങ്ങളായ കാഗിസോ റബാദ, ലുംഗി എന്‍ഡിഗി എന്നിവര്‍ സ്‌റ്റെയ്‌നിന്റെ അഭാവം നികത്താന്‍ ശേഷിയുള്ളവരാണ്. ബാറ്റിങില്‍ ഡുപ്ലെസിയെക്കൂടാതെ ക്വിന്റണ്‍ ഡികോക്ക്, ഹാഷിം അംല, ഡേവിഡ് മില്ലര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മിന്നും താരങ്ങള്‍.
എന്നാല്‍ ടീം പ്രഖ്യാപിച്ചിട്ടും ബൗളര്‍മാരുടെ പരിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ 12 കളിയില്‍ 25 വിക്കറ്റുമായി ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള കാഗിസോ റബാഡ പരിക്കുമൂലം കഴിഞ്ഞയാഴ്ച മടങ്ങിയിരുന്നു. സമീപകാലത്ത് ദക്ഷിണാഫ്രിക്കയുടെ മാച്ച് വിന്നര്‍മാരിലൊരാളായിരുന്നു റബാഡ ഐപിഎല്ലില്‍ 12 കളിയില്‍ റബാഡയുടെ വിക്കറ്റ് നേട്ടം ഇതുവരെ ആരും മറികടന്നിട്ടില്ല എന്നതില്‍നിന്നറിയാം 24കാരനായ പേസ് ബൗളറുടെ പ്രാധാന്യം. ദക്ഷിണാഫ്രിക്കയുടെ നിലവിലുളളതില്‍ ഏറ്റവും മികച്ച ബൗളറാണ് റബാഡ. ഐസിസി ഏകദിന റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് റബാഡുളളത്. ടീമിലെ മറ്റു മൂന്നു ഫാസ്റ്റ്‌ബോളര്‍മാരായ ഡെയ്ല്‍ സ്‌റ്റെയ്ന്‍, ലുംഗി എങ്ഗിഡി, ആന്റിച്ച ് നോര്‍ജെ എന്നിവര്‍ നേരത്തേ തന്നെ ചികിത്സയിലാണ്. ഇവര്‍ നാലു പേരും തിരിച്ചെത്തിയില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്‌നം തുടകത്തില്‍ത്തന്നെ പൊലിഞ്ഞു പോകും. ഡെയ്ന്‍ സ്‌റ്റെയ്ന്‍ ഐപിഎല്ലില്‍ രണ്ടുമത്സരങ്ങളില്‍ നാലുവിക്കറ്റെടുത്തെങ്കിലും പരിക്കുമൂലം മടങ്ങി. ലോകകപ്പുകൂടി മുന്നില്‍ക്കണ്ടാണ് പെട്ടെന്ന് മടങ്ങിയത്. ചുമല്‍വേദന കാരണം കളംവിട്ട സ്‌റ്റെയ്ന്‍ ഇതുവരെ പൂര്‍ണമായി സുഖംപ്രാപിച്ചില്ല. മറ്റൊരു പേസര്‍ ആര്‍നിച്ച് നോര്‍ജെ പരിക്കുമൂലം ടീമില്‍നിന്ന് പിന്‍മാറി. വലതുകൈയിലെ വിരലിനു പരിക്കേറ്റ് നോര്‍ജെ ടീം വിട്ടതോടെ പേസ്ബൗളര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ പകരക്കാരനായി ടീമിലെടുത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലുണ്ടായിരുന്ന നോര്‍ജെയക്ക് പരുക്കുമൂലം ഈ സീസണ്‍ ഐപിഎല്‍ പൂര്‍ണമായും നഷ്ടമായി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പന്തെറിയുന്നിടെയാണു വലതു ചുമലില്‍ പരുക്കേറ്റത്. ലുംഗി എങ്ഗിഡി ഇടതു വാരിയെല്ലിനോടു ചേര്‍ന്ന പേശികള്‍ക്കുണ്ടായ വലിവു മൂലം ഐപിഎല്ലില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം നേരത്തേ പിന്‍വാങ്ങിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിനിടെ പരുക്കു രൂക്ഷമവുകയായിരുന്നു. പൂര്‍ണതോതില്‍ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെങ്കിലും പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു.
എല്ലാ തവണയും ശക്തമായ താരങ്ങളുയമായി കളത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പരിക്കിന്റെ പിടിയിലായ താരങ്ങള്‍ക്ക് പകരക്കാരനായെത്തുന്ന ചില താരങ്ങളെ വച്ച് കളത്തിലിറങ്ങേണ്ടി വരും. എന്നാല്‍ ആ അവസ്ഥയും അവര്‍ പിന്നിട്ടെന്നു വേണം ഇപ്പോള്‍ പറയാന്‍.

YOU MAY LIKE THIS VIDEO