ദുരിതബാധിത പ്രദേശങ്ങളില്‍ ലോകബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശനം തുടങ്ങി

Web Desk
Posted on September 14, 2018, 10:41 am

പാലക്കാട്: ജില്ലയിലെ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം തുടങ്ങി.
രാവിലെ 9ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പ്രളയദിനത്തിലെ കാഴ്ചകളെ  കുറിച്ച് കണ്ടും കേട്ടും അറിഞ്ഞ ശേഷമാണ് അവര്‍ സന്ദര്‍ശനത്തിനിറങ്ങിയത്.
ആദ്യ സന്ദര്‍ശനം ശംഖുവാരത്തോട്ടിലേക്കും പിന്നീട് ശംഖുവാരമേട്ടിലേക്കുമായിരുന്നു. വിവിധമേഖലകളില്‍ വിദഗ്ദ്ധരായ 10 അംഗ സംഘമാണ് മൂന്ന് ടീമുകളായി തിരിഞ്ഞ് ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിന് എത്തിച്ചേര്‍ന്നത്്.
പാലക്കാട് നഗരത്തിലെ ശംഖുവാരത്തോട് മേഖലയില്‍ പ്രളയം വിഴുങ്ങിയ വീടുകളില്‍ ആയിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് കുമാരസ്വാമി- സുന്ദരം കോളനികള്‍, പറളി ചെക്ക്ഡാം, അകത്തേത്തറ പഞ്ചായത്ത് എന്നിവ സന്ദര്‍ശിച്ചു. ഉച്ചഭക്ഷണ ശേഷം അവര്‍ കഞ്ചിക്കോട് അപ്നാഘര്‍, ചുള്ളിമട, അട്ടപ്പള്ളം, ചെല്ലങ്കാവ് എന്നിവയും സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
റോഡുകള്‍,പാലങ്ങള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവയാണ് സംഘം പരിശോധിക്കുന്നത്. കൃഷി, ഉപജീവനം, ടൂറിസം, കാലാവസ്ഥ, നഗര പശ്ചാത്തല സൗകര്യങ്ങള്‍, ഗതാഗതം, ദുരന്തനിവാരണം, കുടിവെളളം, പൊതുശുചിത്വം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.
രണ്ടാമത്തെ സംഘം നെന്മാറ മേഖലയില്‍ സന്ദര്‍ശനം ആരംഭിച്ചു. പോത്തുണ്ടി കനാല്‍, നെന്മാറ ഇറിഗേഷന്‍ ഡിവിഷന്‍, മലമ്പുഴ കനാല്‍ ബീച്ച് എന്നിവ സന്ദര്‍ശിച്ച ശേഷം  ഉച്ചകഴിഞ്ഞ് വിത്തനശ്ശേരി, കിഴക്കഞ്ചേരി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
മൂന്നാമത്തെസംഘം തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍,തൃത്താല സബ്‌സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം ഉച്ചകഴിഞ്ഞ് പട്ടാമ്പി, കരിമ്പുഴ, മണ്ണാര്‍ ക്കാട് കരടിയോട്, കോട്ടോപ്പാടം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ടി. വിജയന്‍, ആര്‍ ടി ഒ  കാവേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ ജില്ലാ കളക്ടര്‍ ഡി ബാലമുരളിക്കൊപ്പം ജില്ലനേരിട്ട ദുരിതങ്ങള്‍ പങ്കുവെച്ചു.