Wednesday
21 Aug 2019

മോഡി  സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റുമതി വര്‍ധിച്ചു

By: Web Desk | Tuesday 26 March 2019 6:35 PM IST


ദില്ലി : ബീഫ് നിരോധനമൊക്കെ ജനത്തെപ്പറ്റിക്കാൻ,  നരേന്ദ്ര മോഡി  സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റുമതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ അഗ്രികള്‍ച്ചറല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഈ അതോറിറ്റി. ഇന്ത്യയുടെ ആഭ്യന്തര രംഗം ആകെ കലാപകലുഷിതമാക്കിയ ബീഫ് ആണ് ഇന്ത്യയുടെ കയറ്റുമതിയില്‍ ഇക്കാലയളവില്‍ ശ്രദ്ധേയമായിമാറിയ ഇനം.

ബീഫ് കച്ചവടവും കയറ്റുമതിയും  മുഖ്യമായും  ചിലമതവിഭാഗങ്ങളിൽ  നിക്ഷിപ്‌തമാണ്. ബീ ഫിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷത്തിന് നേരെ ആക്രമണം നടത്തുന്ന വേളയില്‍ തന്നെയാണ് ബീഫ് കയറ്റുമതി രാജ്യത്ത് നിന്ന് വര്‍ധിച്ചുവെന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്.  2014ല്‍ മോഡി  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി ഓരോ വര്‍ഷവും വര്‍ധിച്ചുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.

2013-14 കാലയളവില്‍ 1365643 മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി. മോഡി  സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014-15 കാലയളവില്‍ ഇത് 1475540 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി ആയിരുന്നു ഇത്.  2018 ൽ ഇത് 1,900000മെട്രിക് ടണ്‍ആയിരുന്നു. ലോകത്തെ ബീഫ് കയറ്റുമതി വിഹിതത്തില്‍ ബ്രസീലിനുതൊട്ടുപിന്നിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയും യുഎസുമാണ് ഇന്ത്യക്കുപിന്നില്‍. ലോകത്തെ ബീഫ് കയറ്റുമതിയുടെ 66 ശതമാനം കയ്യേല്‍ക്കുന്നത് ഈ രാജ്യങ്ങള്‍ തന്നെയാണ്.

മോഡി  സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പശുസംരക്ഷണ വാദികളുടെ ആള്‍ക്കൂട്ട ആക്രമണം വ്യാപകമായത്. 2015 സപ്തംബറിലാണ് യുപിയിലെ ദാദ്രിയില്‍ അഖ്‌ലാഖ് എന്ന വൃദ്ധനെ ബീഫിന്റെ പേരില്‍ അടിച്ച് കൊന്നത്.

അഖ്‌ലാഖ് സംഭവത്തിന് ശേഷം കയറ്റുമതിയില്‍ അല്‍പ്പം കുറവുണ്ടായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വീണ്ടും വര്‍ധിക്കുകയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും കയറ്റുമതി വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. 2016-17 വര്‍ഷത്തേക്കാളും 1.3 ശതമാനം കയറ്റുമതി തൊട്ടടുത്ത സാമ്പത്തിക വര്‍ഷം വര്‍ധിച്ചു.

പശു സംരക്ഷണ വാദികളുടെ ആക്രമണവും പശു സംരക്ഷണ നിയമങ്ങളും ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി കുറയ്ക്കുമെന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.കയറ്റുമതി വര്‍ധിച്ചെങ്കിലും വില കുറഞ്ഞു. ആഗോള തലത്തില്‍ ബീഫ് വില കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി വര്‍ധിച്ചപ്പോള്‍ വില കുറഞ്ഞുവെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സിഇഒ അജയ് സഹായ് പറയുന്നു. എന്നാല്‍ വന്‍തോതിലുള്ള വില കുറവ് ഉണ്ടായിട്ടില്ല.

ആഭ്യന്തരമായി ബീഫ്  നിരോധനവും സംഘർഷവും മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയുമാണ് ബുദ്ധിമുട്ടിലാക്കുന്നത്. അതായത് ഇവര്‍ തന്നെ സാമ്പത്തികമായി ഏറെ പിന്നിലുള്ളവരാണ്. ഇവരുടെ ജീവസന്ധാരണത്തെത്തന്നെ നിരോധനവും നടപടികളും ആള്‍ക്കൂട്ടഹത്യകളും താറുമാറിലാക്കി. അതേ സമയം കയറ്റുമതി നിയന്ത്രിക്കുന്നത് മുന്‍നിരക്കാരാണ്. അതില്‍ത്തന്നെ പലമതവിഭാഗക്കാരുമുണ്ട്. മോഡിസര്‍ക്കാരിന്റെ നയവൈകല്യം വ്യക്തമാക്കുന്നതാണ് ഈ വ്യാപാരത്തിലെപുരോഗതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വന്‍കിടക്കാരന് ലാഭവും പാവപ്പെട്ടവന് കണ്ണീരും എന്നനിലയില്‍ കാര്‍ഷിക മേഖലയോടുകാട്ടുന്ന അതേ നയവൈകല്യം തന്നെയാണ് ഇതിലും വ്യക്തമാകുന്നത്.