Web Desk

February 04, 2021, 4:29 pm

കരുതലോടെ നമ്മുക്ക് നേരിടാം

Janayugom Online

എല്ലാ വർഷവും ഫെബ്രുവരി 4 ലോക അർബുദ ദിനം ആയി ആചരിച്ചുവരുന്നു. അർബുദരോഗത്തെ പറ്റി പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അർബുദത്തെ തടയുന്നതിനുള്ള പ്രതിരോധനടപടികൾ ശക്തിപ്പെടുത്തുക, കൃത്യസമയത്ത് രോഗനിർണയം നടത്തുക, അർബുദം ഫലപ്രദമായി ചികിത്സിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് ഈ അവസരത്തിൽ മുന്നോട്ടുവയ്ക്കുന്നത്.

നമുക്കറിയാം, ലോകമെമ്പാടുമുള്ള ജനങ്ങളുടെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസർ അഥവാ അർബുദം.

കാൻസറിനെ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓങ്കോളജി.

രോഗ നിർണയ ഉപാധികളിൽ ഉണ്ടായ സാങ്കേതിക മുന്നേറ്റവും ക്യാൻസർ ചികിത്സാരീതികളിൽ സാധ്യമായി കൊണ്ടിരിക്കുന്ന പുരോഗതിയും കണക്കിലെടുക്കുമ്പോൾ Med­ical Imag­ing അഥവാ റേഡിയോളജി യുടെ പങ്കും അതിൽ വൈദഗ്ധ്യം നേടിയവരുടെ സേവനങ്ങളും ക്യാൻസർ പരിചരണത്തിൽ ഒഴിവാക്കാനാവാത്തതാണ്.

അർബുദരോഗ പരിചരണത്തിൽ റേഡിയോളജി യുടെ പങ്ക് പ്രധാനമായും അഞ്ച് ഘട്ടങ്ങളിലാണ്.

1.സ്ക്രീനിങ്ങും രോഗപ്രതിരോധവും (Screen­ing and Prevention)

അർബുദത്തിന് എതിരായ പോരാട്ടത്തിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും നിർണായകമായ സ്ഥാനമാണ് ഉള്ളത്. ഇത്തരത്തിൽ നേരത്തെ രോഗ നിർണയം നടത്തിയാൽ മിക്ക അർബുദങ്ങളും വളരെ ഫലപ്രദമായി ചികിത്സിക്കുവാൻ വൈദ്യശാസ്ത്രത്തിന് ഇന്ന് സാധിക്കും. അർബുദ രോഗം മാരകം ആകുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിനും വളരെ മുൻപ് തന്നെ അവ കണ്ടെത്തുന്നതിന് പല റേഡിയോളജി പരിശോധനകളും ഇന്ന് സഹായകമാണ്.

ഉദാഹരണത്തിന്:

A. സ്തനാർബുദം വളരെ നേരത്തെ കണ്ടെത്താൻ 40 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകളിൽ വർഷംതോറും നടത്തുന്ന സ്ക്രീനിങ് മാമോഗ്രാഫി പരിശോധന.

B. കുടലിലെ യും മലാശയത്തിലെയും അർബുദം കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന CT സ്കാൻ പരിശോധന, പ്രത്യേകിച്ചും പാരമ്പര്യമായി കുടലിൽ polyps ഉള്ളവരിൽ.

C. ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള low dose spi­ral CT സ്കാൻ, പ്രത്യേകിച്ചും ഉയർന്ന അർബുദ സാധ്യതയുള്ള പുകവലിക്കാരിൽ.

D. പാരമ്പര്യമായി അണ്ഡാശയഅർബുദ സാധ്യതയുള്ളവരിൽ നടത്തുന്ന അൾട്രാസൗണ്ട് പരിശോധന.

E. കരളിൽ സിറോസിസ് രോഗം ബാധിച്ചവരിൽ അർബുദ നിർണയത്തിന് ആറു മാസത്തിലോ വർഷത്തിലൊരിക്കലോ നടത്തുന്ന അൾട്രാസൗണ്ട് പരിശോധന.

2.രോഗനിർണയം ( Diagnosis)

അർബുദ രോഗ നിർണയത്തിന് വൈദ്യശാസ്ത്രം ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത് റേഡിയോളജി പരിശോധനകളെയാണ്. രോഗം നിർണ്ണയിക്കുന്നതിന് മാത്രമല്ല അതിൻറെ വ്യാപ്തി കണ്ടെത്തുന്നതിനും ഇവ സഹായകമാകുന്നു. എക്സ്-റേ, അൾട്രാ സോണോഗ്രാഫി, മാമോഗ്രാഫി, CT സ്കാൻ, MRI സ്കാൻ, PET-CT തുടങ്ങിയ പരിശോധനകൾ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. രോഗം ബാധിച്ച അവയവം, രോഗത്തിൻറെ തരം എന്നിവയൊക്കെ അനുസരിച്ചാണ് ഈ പരിശോധനകൾ തിരഞ്ഞെടുക്കുന്നത്. എക്സ്-റേ, അൾട്രാ സൗണ്ട് പരിശോധന, CT സ്കാൻ എന്നിവ താരതമ്യേന ചെലവ് കുറഞ്ഞ പരിശോധനകളാണ്. അൾട്രാസൗണ്ട് പരിശോധന, MRI സ്കാൻ എന്നിവ അണുവികിരണ അപകട സാധ്യത ഇല്ലാത്ത പരിശോധനകളാണ്. അർബുദത്തെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാൻ പലപ്പോഴും ശരീരത്തിൽ ഡൈ ( Con­trast media) കുത്തിവെച്ച ശേഷം ഉള്ള പരിശോധനകൾ ആവശ്യമായി വന്നേക്കാം. അർബുദത്തെ പറ്റിയുള്ള മികച്ച ധാരണ ലഭിക്കുവാനും അവയുടെ തന്മാത്ര തലത്തിൽ ഉള്ള സൂക്ഷ്മ വിവരങ്ങൾ കണ്ടെത്തുവാനും സഹായിക്കുന്ന പരിശോധനയാണ് PET-CT സ്കാൻ.

രോഗനിർണ്ണയത്തിന് ശേഷം അർബുദം സ്ഥിരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന ബയോപ്സി അല്ലെങ്കിൽ കുത്തി പരിശോധന { FNAC) ചെയ്യുവാനും റേഡിയോളജി ടെസ്റ്റുകൾ വളരെ വ്യാപകമായും ഫലപ്രദമായും ഉപയോഗിച്ചുവരുന്നു.

3.രോഗത്തിൻറെ ഘട്ടം നിർണയിക്കുക (Tumor staging)

രോഗനിർണയം നടത്തുമ്പോൾ അർബുദം ഏത് ഘട്ടത്തിലാണ് എന്നതാണ് ചികിത്സയുടെ ഫലപ്രാപ്തി നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. മാത്രമല്ല അർബുദത്തിൻ്റെ ഘട്ടം അനുസരിച്ചാണ് ചികിത്സാരീതികൾ നിർണയിക്കുന്നതും. അർബുദം ബാധിച്ച അവയവത്തിൽ നിന്നും അടുത്തുള്ള മറ്റ് അവയവങ്ങളിലേക്കോ ( Local extent) ശരീരത്തിലെ ദൂരെയുള്ള മറ്റ് ഭാഗങ്ങളിലേക്കോ ( Dis­tant metas­tases) പകർന്നിട്ടുണ്ടോ എന്ന് അറിയുവാൻ ആണ് പ്രധാനമായും റേഡിയോളജി പരിശോധനകൾ ഉപയോഗിക്കുന്നത്. അർബുദം ബാധിച്ച അവയവം, അത് പകരാൻ സാധ്യതയുള്ള അവയവങ്ങൾ ഏതൊക്കെ എന്നിവയൊക്കെ കണക്കിലെടുത്ത് അൾട്രാസൗണ്ട്, CT സ്കാൻ, MRI സ്കാൻ, PET- CT തുടങ്ങിയ ടെസ്റ്റുകളിൽ നിന്നും അനുയോജ്യമായവ ഡോക്ടർ തിരഞ്ഞെടുക്കുന്നു.

4.ചികിത്സ ( Therapy)

മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, പത്തോളജി ഡോക്ടർ, റേഡിയോളജി ഡോക്ടർ, ശസ്ത്രക്രിയ വിദഗ്ധൻ, പാലിയേറ്റീവ് പരിചരണ വിഭാഗം ഡോക്ടർ, നഴ്സുമാർ എന്നിവർ അടങ്ങിയ ഒരു ഒരു മൾട്ടി ഡിസിപ്ലിനറി സംഘമാണ് അർബുദ രോഗത്തിനുള്ള ചികിത്സ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും.

ശസ്ത്രക്രിയ, കീമോചികിത്സ, റേഡിയേഷൻ ചികിത്സ തുടങ്ങിയ ചികിത്സാ രീതികളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ട് എന്നറിയുവാനും അർബുദം ഈ ചികിത്സാ മാർഗങ്ങളോട് എത്രമാത്രം പ്രതികരിച്ചു എന്നറിയുന്നതിനും മാത്രമല്ല ചികിത്സയുടെ ഭാഗമായി ഉണ്ടാവാൻ സാധ്യതയുള്ള സങ്കീർണതകളും പാർശ്വഫലങ്ങളും തിരിച്ചറിയുന്നതിനും റേഡിയോളജി പരിശോധനകൾ ഉപയോഗിച്ചുവരുന്നു.

ചുറ്റുമുള്ള മറ്റ് അവയവങ്ങൾക്ക് ദോഷം വരാത്ത രീതിയിൽ അർബുദം ബാധിച്ച അവയവത്തിന് മാത്രം റേഡിയേഷൻ ചികിത്സ ക്രമീകരിക്കുന്നതിന് വേണ്ടിയും റേഡിയോളജി ഉപയോഗിക്കുന്നുണ്ട്. ഇതുവഴി റേഡിയേഷൻ ചികിത്സയുടെ പാർശ്വഫലങ്ങൾ പരമാവധി കുറച്ചു കൊണ്ടുവരുവാൻ നമുക്ക് സാധിക്കുന്നു.

തലച്ചോറിലെ ട്യൂമറുകൾ കൃത്യതയോടെ നീക്കം ചെയ്യുവാൻ അർബുദത്തിൻ്റെ 3D CT / MRI ചിത്രങ്ങൾ വളരെയധികം സഹായിക്കുന്നു.

ഇൻ്റർവൻഷനൽ റേഡിയോളജി ( IR) യുടെ സഹായത്തോടെ ഒരു ചെറിയ സൂചിയോ കുഴലോ ( Cathether) ഉപയോഗിച്ച്ഉയർന്ന താപം (Ther­mal, Microwave, Radiofre­quen­cy abla­tion) കിമോ മരുന്നുകൾ (Chemo emboliza­tion), റേഡിയേഷൻ മരുന്നുകൾ (Radioem­boli­sa­tion) എന്നിവ ട്യൂമറിന് ഉള്ളിലേക്ക് നേരിട്ട് എത്തിക്കുവാനും അതുവഴി ശസ്ത്രക്രിയ കൂടാതെ തന്നെ രോഗം ഭേദമാക്കുവാനും സാധിക്കും. കരൾ, വൃക്ക, ശ്വാസകോശം, എല്ലുകൾ തുടങ്ങിയ അവയവങ്ങളിലെ ട്യൂമറുകളുടെ ചികിത്സയ്ക്കായി ആണ് ഇത്തരം ചികിത്സാരീതി കൂടുതലായി ഉപയോഗിച്ചുവരുന്നത്.

5.തുടർ പരിശോധന ( Fol­low up)

കൃത്യമായ ഇടവേളകളിൽ ഉള്ള തുടർ പരിശോധനകൾ അർബുദരോഗ പരിചരണത്തിൽ ചികിത്സയോളം തന്നെ പ്രധാനപ്പെട്ട ഒന്നാണ്.

തലച്ചോറിലെ ചില ട്യൂമറുകൾ, അണ്ഡാശയ അർബുദം, മൂത്രാശയത്തിലെ അർബുദം,ലിംഫോമ, സർക്കോമ തുടങ്ങിയവ ചികിത്സ പൂർത്തീകരിച്ചതിനുശേഷവും വീണ്ടും ബാധിക്കുവാൻ ഉള്ള സാധ്യത കൂടുതലാണ്. ഇത്തരം അർബുദങ്ങളുടെ ആവർത്തനം എത്രയും നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുന്നുവോ അത്രയും ഫലപ്രദമായി അവയെ ചികിത്സിക്കുവാനും കഴിയും. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും വളരെ മുൻപ് തന്നെ ഇവയുടെ സാനിദ്ധ്യം കണ്ടുപിടിക്കാൻ റേഡിയോളജി ടെസ്റ്റുകൾ വളരെ ഫലപ്രദമാണ്.

ചുരുക്കിപ്പറഞ്ഞാൽ അർബുദരോഗ പരിചരണത്തിൽ രോഗപ്രതിരോധത്തിൽ തുടങ്ങി ചികിത്സാനന്തര പരിചരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും റേഡിയോളജിയുടെ പങ്ക് ഒഴിവാക്കാനാവാത്തതാണ്.

Dr Arun Mohan. M

Con­sul­tant in Dept of Radiodiagnosis

SUT HOSPITAL Pattom

ENGLISH SUMMARY: WORLD CANCER DAY

YOU MAY ALSO LIKE THIS VIDEO