Janayugom Online
coconut

ഇന്ന് ലോക നാളികേരദിനം- ദാരിദ്ര്യ ലഘൂകരണത്തിന് കല്പക വൃക്ഷം

Web Desk
Posted on September 02, 2018, 9:16 am
Ad. Venugopalan Nair

അഡ്വ. ജെ വേണുഗോപാലന്‍ നായര്‍

ന്തോനേഷ്യന്‍ തലസ്ഥാനം ജക്കാര്‍ത്ത കേന്ദ്രമാക്കി ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച ‘ഏഷ്യ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (എപിസിസി)’ എന്ന സംഘടനയുടെ ആഹ്വാനപ്രകാരം ലോകമൊട്ടാകെ സെപ്റ്റംബര്‍ രണ്ട് ലോക നാളികേരദിനമായി ആചരിച്ചുവരുന്നു. ജനതയുടെ ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്നതില്‍ നാളികേരം വഹിക്കുന്ന സുസ്ഥിര പങ്ക് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. ലോകത്തിലെ ഒരു വലിയ ജനവിഭാഗം ഈ വിളകൊണ്ട് ഉപജീവനം നടത്തുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ ഈ വിളയെ ആശ്രയിച്ചു ദശലക്ഷക്കണക്കിനാളുകള്‍ ജീവിക്കുന്നു. ഭക്ഷണം, ഭക്ഷ്യസുരക്ഷിതത്വം, ഉപജീവന സുരക്ഷിതത്വം, കയറ്റുമതി, ചെറുകിട — വന്‍കിട നാളികേര തോട്ട ഉടമകളുടെ ഉന്നതി, നാളികേരവുമായി ബന്ധപ്പെട്ട അഗ്രി: ബിസിനസിന്റെയും അഗ്രിവ്യവസായത്തിന്റെയും പ്രൊമോഷന്‍ എന്നിവയാണ് എപിസിസി ലക്ഷ്യമിടുന്നത്. നാളികേര കൃഷിയേയും നാളികേര വ്യവസായത്തേയും സംബന്ധിച്ചതെല്ലാം ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
മലയാളി കല്‍പ്പവൃക്ഷമെന്ന് പേരിട്ടുവിളിക്കുന്ന ഈ വൃക്ഷത്തിനുമാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഗുണവിശേഷണങ്ങളുണ്ട്. ആഹാരത്തിനൊരു താങ്ങ്, പോഷകാഹാരം, പാനീയം, ആരോഗ്യദായകം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തു, ഭക്ഷ്യ എണ്ണ, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ചുരുക്കത്തില്‍ കല്‍പ്പവൃക്ഷമെന്നു വിളിക്കുമ്പോള്‍ ഒന്നും ഉപേക്ഷിക്കാനില്ലാത്ത വൃക്ഷം എന്ന് വിവക്ഷിക്കാം. ഇങ്ങനെ ഒരു വൃക്ഷം ലോകത്തുവേറെയില്ല. പേരുകൊണ്ടുതന്നെ കേരളം ഈ വൃക്ഷത്തിന്റെ പേറ്റന്റ് എടുത്തുകഴിഞ്ഞിരിക്കുന്നു.
പരമ്പരാഗത കേര ഉല്‍പ്പന്നങ്ങള്‍ക്കുപുറമെ, ഉല്‍പ്പാദന, മൂല്യവര്‍ധന, വിതരണം എന്ന സമവാക്യത്തില്‍ തെങ്ങില്‍ നിന്നും കണ്ടെത്തിയ ഏറ്റവും വിശിഷ്ടമായ ഒന്നാണ് നീര. അതുപയോഗിച്ചുണ്ടാക്കുന്ന മറ്റുല്‍പ്പന്നങ്ങളും ലോക മാര്‍ക്കറ്റ് കീഴടക്കാന്‍ തുടങ്ങുമ്പോള്‍ കേരളവും അതില്‍ പങ്കാളിയാകാന്‍ ശ്രമിക്കുകയാണ്. അതിനുവേണ്ടി നാളികേര വികസനബോര്‍ഡ് രൂപം നല്‍കിയ ഉല്‍പ്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും കര്‍ഷകന്റെ വരുമാനത്തിന് സുസ്ഥിരത ലഭിക്കാന്‍ വേറിട്ടൊരുപാധിയായി മാറും. എന്നാല്‍ കര്‍ഷകരിലേക്ക് നീരയെ കൊണ്ടെത്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഒരു പെര്‍ഫോമെന്‍സ് ഓഡിറ്റ് നടത്താന്‍ സമയമായിരിക്കുന്നു.
നാളികേരവും വെളിച്ചെണ്ണയും (വെളിച്ചം നല്‍കുന്ന എണ്ണ) ഇല്ലാതെ കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുകയില്ല. ലോക വ്യാപാര കരാറുകളുടെ നീരാളിപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉപജീവനത്തിന്റെ പ്രശ്‌നമാണ് നാം ഉയര്‍ത്തുന്നത്. അമേരിക്കപോലുള്ള കോടീശ്വര രാജ്യങ്ങള്‍ തങ്ങളുടെ കര്‍ഷകരെ രക്ഷിക്കാന്‍ കയറ്റുമതി, ഇറക്കുമതി വിഷയത്തില്‍ പല കുതന്ത്രങ്ങളും പ്രയോഗിച്ച് സൂര്യകാന്തി എണ്ണയുടെയും കനോള എണ്ണയുടെയും മാര്‍ക്കറ്റ് വെട്ടിപ്പിടിക്കാന്‍വേണ്ടി കഴിഞ്ഞ ദശാബ്ദങ്ങളില്‍ കൊണ്ടുപിടിച്ചു ശ്രമിച്ചതും വെളിച്ചെണ്ണയെന്നാല്‍ ഹൃദ്രോഹദായകം എന്ന് പ്രചരിപ്പിക്കാനാണ്. ഇന്ന് പല പഠനങ്ങളും വെളിച്ചെണ്ണക്കനുകൂലമായി വന്നുകഴിഞ്ഞു. നാളികേരത്തിന്റെ മറ്റൊരു ഉപോല്‍പ്പന്നമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഊര്‍ജ്ജോല്‍പ്പാദക സഹായിയും രോഗപ്രതിരോധശേഷിയുള്ളതുമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. അങ്ങാടിമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഹെയര്‍ ഓയിലുകളും ലോകമാകെ അംഗീകരിച്ചിട്ടുള്ള ആയൂര്‍വേദ തൈലങ്ങളും ഉണ്ടാക്കിയെടുക്കുന്നത് വെളിച്ചെണ്ണയിലാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം മുഖ്യ പാചക മാധ്യമമാണ് വെളിച്ചെണ്ണ. പരിശുദ്ധമായ വെളിച്ചെണ്ണ ലഭ്യമാക്കേണ്ടത് മലയാളിയുടെ ആരോഗ്യജീവിതത്തിന്റെ പ്രശ്‌നവും കൂടിയാണ്. കേരളത്തിന്റെ മാര്‍ക്കറ്റ് വെട്ടിപ്പിടിക്കാന്‍ കേരളത്തിനകത്തും പുറത്തും സ്വകാര്യ ഭക്ഷ്യഎണ്ണ കമ്പനിയുടെ മത്സരത്തില്‍ മായം ചേര്‍ത്ത് കൊള്ളലാഭം കൊയ്യുന്ന ബിസിനസുകാര്‍ അവരുടെ നല്ല മേച്ചില്‍പ്പുറമായി വെളിച്ചെണ്ണ മാര്‍ക്കറ്റിനെ മാറ്റുകയുണ്ടായി.
കേരളത്തില്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കേരഫെഡ്. ഫെയര്‍ ആവറേജ് ക്വാളിറ്റി (എഫ്എക്യു) ഉള്ള കൊപ്ര സംഭരിച്ചു നൂറുശതമാനം പരിശുദ്ധമായ വെളിച്ചെണ്ണ ‘കേര’ എന്ന ബ്രാന്‍ഡില്‍ വില്‍ക്കുമ്പോള്‍ കേരയുടെ വിശ്വാസ്യതയെ മുതലെടുത്ത് കേരയെന്ന കള്ള ഫോണ്ടുകളില്‍ വ്യാജന്മാര്‍ പ്രത്യക്ഷപ്പെട്ട് വെളിച്ചെണ്ണ മാര്‍ക്കറ്റ് അടക്കിവാഴുകയാണ്. വെളിച്ചെണ്ണയുടെ ഒരു ചെറിയ അളവുകഴിച്ചാല്‍ ലിക്വിഡ് പാരഫിന്‍, യു എസ് കെറോസിന്‍, മിനറല്‍ ഓയില്‍, വൈറ്റ് പാമോയില്‍ തുടങ്ങി വിഷദായകമായ പലതും ചേര്‍ത്ത് വ്യാജവെളിച്ചെണ്ണ തമിഴ്‌നാട്ടില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കേരളത്തില്‍ എത്തുകയാണ്. ആകര്‍ഷകമായ കമ്മിഷന്‍ കിട്ടുന്ന കച്ചവടക്കാര്‍ കേരഫെഡ് കേര ചോദിക്കുന്നവര്‍ക്ക് ഈ വ്യാജന്‍ നല്‍കി കൊള്ളലാഭമടിക്കുന്നു. വ്യാജനെ ശിക്ഷിക്കാന്‍ ഫുഡ് സേഫ്റ്റി ആക്ട് വകുപ്പു 51 പ്രയോഗിക്കാന്‍ അധികാരികള്‍ തയ്യാറായാല്‍ കേരളത്തില്‍ നിന്ന് വ്യാജന്മാരെ തുരത്താന്‍ സാധിക്കും. അത് മലയാളികളെ മാരകരോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹായകമാവും. അന്തര്‍ദേശീയ നാളികേര ദിനം ആചരിക്കുമ്പോള്‍ മുദ്രാവാക്യം ‘വ്യാജനെ തടയുക വെളിച്ചെണ്ണയെ രക്ഷിക്കുക’ എന്നാവണം.
നാളികേര കൃഷിയേയും കര്‍ഷകരെയും രക്ഷിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. തെങ്ങിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നിരവധി കര്‍മ്മപദ്ധതികള്‍ കൃഷിവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെ നാളികേര വര്‍ഷമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ നാളികേര ഉല്‍പ്പാദക കമ്പനികളെ പ്രോത്സാഹിപ്പിക്കുക, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്ലാന്റ് സ്ഥാപിക്കുക, നാളികേരാധിഷ്ഠിത ആഗ്രോ സൂപ്പര്‍ ബസാറുകള്‍ ആരംഭിക്കുക തുടങ്ങിയവ ഇവയില്‍ ചിലതാണ്. കേരഫെഡ് തന്നെ ഡെസിക്കേറ്റഡ് കോക്കനട്ടും കോക്കനട്ട് മില്‍ക് പൗഡറും ഉല്‍പ്പാദിപ്പിക്കുന്നത് കയറ്റുമതി ലക്ഷ്യമാക്കിയാണ്.
ദേശീയമായി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും നാളികേര കര്‍ഷകരും മോചിതരല്ല. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായ ലോകവ്യാപാര കരാറും അസിയാന്‍ കരാറും പാമോയിലിന്റെയും കൊപ്രയുടെയും ഇറക്കുമതി ഉദാരമാക്കിയിരിക്കുകയാണ്. കര്‍ഷകരെയും കൃഷിഭൂമിയെയും കാണാതെ ഈ ദിനം ആചരിച്ചുപോകാന്‍ കഴിയില്ല ‘അഡ്വാന്‍സ്ഡ് ഓതറൈസേഷന്‍ സ്‌കീം’ എന്ന ഓമനപ്പേരില്‍ ഡബ്ല്യുടിഒ മാനദണ്ഡങ്ങള്‍ പ്രകാരം ഇറക്കുമതി ചെയ്ത സാധനം മൂല്യവര്‍ധനവു വരുത്തി 90 ദിവസത്തിനകം കയറ്റി അയക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 1.50 മെട്രിക് ടണ്‍ കൊപ്ര ഇറക്കുമതി ചെയ്താല്‍ ഒരു മെട്രിക് ടണ്‍ വെളിച്ചെണ്ണ കയറ്റി അയക്കണം. ആയൂര്‍വേദ എണ്ണ ഉണ്ടാക്കുന്ന ചില സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ കുറഞ്ഞവിലയ്ക്ക് ഇന്തോനേഷ്യന്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നുണ്ട്. അവര്‍ കുറഞ്ഞ ചെലവില്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിച്ച് വിപണിയിലിറക്കുമ്പോള്‍ കേരളത്തിലെ കൊപ്ര വാങ്ങാന്‍ നിര്‍ബന്ധിതമായിട്ടുള്ള കേരഫെഡില്‍ കൂടിയവിലയ്ക്ക് കൊപ്ര വാങ്ങി വെളിച്ചെണ്ണയാക്കി കൂടിയ വിലയ്ക്ക് വില്‍ക്കേണ്ടിവരുന്നു. അതോടൊപ്പം വ്യാജ വെളിച്ചെണ്ണയുടെ വരവുംകൂടെയാകുമ്പോള്‍ ഈ വ്യവസായത്തെ കൈപ്പിടിയിലൊതുക്കാന്‍ സ്വകാര്യ എണ്ണ ബിസിനസുകാര്‍ക്ക് സാധിക്കുന്നു. കൊപ്രയുടെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കേണ്ടതാണ്.
നാളികേരത്തിന്റെ താങ്ങുവിലയെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്. കാര്‍ഷിക വിലനിര്‍ണയ കമ്മിഷന്‍ ഇപ്പോള്‍ പച്ചത്തേങ്ങക്കും താങ്ങുവില പ്രഖ്യാപിക്കുന്നുണ്ട്. നിലവില്‍ ഒരു കിലോക്ക് 29 രൂപ നിശ്ചയിച്ചിട്ടുള്ള കമ്മിഷന്‍ 2018–19 സീസണിലേക്ക് എത്ര രൂപ താങ്ങുവില നിശ്ചയിക്കണമെന്ന് കര്‍ഷക സംഘടനകളുടെ നിര്‍ദേശം കേള്‍ക്കാന്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ട്. ഉല്‍പ്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു കിലോ പച്ചത്തേങ്ങക്ക് സ്വാമിനാഥന്‍ കമ്മിഷന്‍ (ഉല്‍പ്പാദനചെലവും അതിന്റെ ഒരു ഇരട്ടിയും) വില ലഭ്യമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയുണ്ടായി. നാളികേരത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി കര്‍ഷകന്റെ ഉപജീവനുമായി ബന്ധപ്പെടുത്തി മാന്യമായ താങ്ങുവില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

(അഖിലേന്ത്യാ കിസാന്‍സഭ
സംസ്ഥാന പ്രസിഡന്റും കേരഫെഡ് ചെയര്‍മാനുമാണ് ലേഖകന്‍)