അഭിവാദനങ്ങളുമായി ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Web Desk
Posted on April 26, 2018, 9:36 pm
പ്രതിനിധി സമ്മേളനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നേതാക്കള്‍ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു

കൊല്ലം: സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് ലോകരാഷ്ട്രങ്ങളില്‍ നിന്ന് 35 കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ സന്ദേശം. മഹാനായ ലെനിന്‍റെ ഓര്‍മ്മകളുമായി ചേര്‍ന്ന് സിപിഐയുമായി വര്‍ഷങ്ങളായി അടുത്തബന്ധം പുലര്‍ത്തുന്ന കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ കേന്ദ്ര കമ്മിറ്റി അയച്ച സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയില്‍ ശരിയായ ജനാധിപത്യം പുലരാന്‍ സിപിഐ നടത്തുന്ന ഇടപെടലുകളും പോരാട്ടങ്ങളും സന്ദേശത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചു.

സിപിഐയുമായുള്ള ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി തലത്തില്‍ ബന്ധം ദൃഢപ്പെടുത്തി ഇന്തോ-ചൈന ബന്ധത്തില്‍ മുന്നേറ്റത്തിന് വഴിയൊരുക്കാനാകും-സന്ദേശത്തില്‍ വിശദീകരിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനും ഇടത് ഐക്യവും സൗഹൃദവും വര്‍ധിപ്പിക്കാനും സമാധാനപരവും പുരോഗമനാത്മകവുമായ ഇന്ത്യ കെട്ടിപ്പടുക്കാനും സിപിഐക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്‌നാം കേന്ദ്ര കമ്മിറ്റി സന്ദേശത്തില്‍ പറഞ്ഞു.

ക്യൂബയ്‌ക്കെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ ഉപരോധത്തെയും കടന്നാക്രമണങ്ങളെയും ചെറുക്കാന്‍ സിപിഐ നല്‍കിയ സഹായങ്ങളെയും ഐക്യദാര്‍ഢ്യത്തെയും ഓര്‍മിപ്പിച്ചും നിലനില്‍ക്കുന്ന പരസ്പര സാഹോദര്യം വിളിച്ചറിയിച്ചുമാണ് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി സന്ദേശമയച്ചത്. സാമൂഹ്യനീതിക്കും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്നതിനും ലോക സാഹചര്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സിപിഐ നല്‍കുന്ന ഐക്യദാര്‍ഢ്യത്തെയും ഏകോപനത്തെയും ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം സന്ദേശത്തില്‍ പ്രകീര്‍ത്തിച്ചു.

സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും തുല്യതയ്ക്കും വേണ്ടി തൊഴിലാളിവര്‍ഗത്തെയും പാര്‍ശ്വവത്കരിക്കപ്പെടുന്ന മറ്റു ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് സിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) അഭിനന്ദിച്ചു. രാജ്യാന്തര തലങ്ങളില്‍ ഇടതുശക്തികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഐക്യത്തിനും സിപിഐയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) സന്ദേശത്തില്‍ വ്യക്തമാക്കി.
സോഷ്യലിസത്തിന്‍റെ വഴികളില്‍ ഒന്നിച്ചുള്ള പോരാട്ടത്തിന് വേദിയൊരുക്കാനാകുമെന്ന് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസ പകര്‍ന്ന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

ഇതിന് പുറമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബൊഹിമിയ ആന്‍ഡ് മൊറിവിയ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രസീല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യാനഡ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചിലി, എകെഇഎല്‍ ഓഫ് സൈപ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഡെന്‍മാര്‍ക്ക്, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസ്, ടൂഡെ പാര്‍ട്ടി ഓഫ് ഇറാന്‍, ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ജപ്പാന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്ഥാന്‍, പോര്‍ച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സ്‌പെയിന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പീപ്പിള്‍സ് ഓഫ് സ്‌പെയിന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക, ലാവോ പീപ്പിള്‍സ് റവല്യൂഷനറി പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യുഎസ്എ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേല, കമ്മ്യൂണിസ്റ്റ് ഓഫ് സ്വിന്റസര്‍ലന്റ്, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പലസ്തീന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ലക്‌സംബര്‍ഗ്, ഫിലിപ്പീന്‍സ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സൗത്ത് ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സിറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ സംഘടനകളാണ് അഭിവാദ്യ സന്ദേശം അയച്ചത്.