കരീബിയന്‍ കാറ്റ് ‘ആഞ്ഞടിച്ചു’; പാകിസ്ഥാന് നാണംകെട്ട തോല്‍വി

Web Desk
Posted on May 31, 2019, 6:31 pm

ട്രെന്‍റ്ബ്രിഡ്ജ്:  ജയത്തോടെ ലോകകപ്പ് തുടങ്ങാമെന്നാഗ്രഹിച്ച് മൈതാനത്തെത്തിയ പാകിസ്ഥാന് നാണംകെട്ട തോല്‍വി. ട്രെന്റ്ബ്രിഡ്ജില്‍ വീശിയടിച്ച കരീബിയന്‍ കാറ്റില്‍ പാകിസ്ഥാന്‍ തരിപ്പണം. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാനുയര്‍ത്തിയ 106 റണ്‍സെന്ന വിജയ ലക്ഷ്യം 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു. ഇതോടെ 218 പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിന് വിന്‍ഡീസ് ജയത്തിലെത്തി.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനെ ബാറ്റിംഗിനയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹോള്‍ഡറുടെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ തന്നെയായിരുന്നു കരീബിയന്‍ താരങ്ങള്‍ പന്തെറിഞ്ഞതും. മൂന്നാം ഓവറിലെ അവസാന പന്തില്‍ ഷെല്‍ഡോണ്‍ കോട്രേല്‍ പാകിസ്ഥാന്റെ ഓപ്പണറായ ഇമാം ഉള്‍ ഹക്കിനെ കൂടാരം കയറ്റി. 11 പന്ത് നേരിട്ട താരത്തിന് നേടാനായതാകട്ടെ രണ്ട് റണ്‍സും. അതും പാകിസ്ഥാന്‍ സ്‌കോര്‍ 17 റണ്‍സില്‍ നില്‍ക്കെ. പിന്നാലെ എത്തിയ ഓരോര്‍ത്തരെയായി മൈതാനത്ത് നിലയുറപ്പിക്കാന്‍ അനുവദിക്കാതെ കരീബിയന്‍ ബൗളറന്മാര്‍ കൂടാരം കയറ്റി. 22 റണ്‍സ് വീതം നേടി ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവര്‍ പാക് നിരയിലെ ടോപ് സ്‌കോറേഴ്‌സായി. ഈ നിരയില്‍ ആറ് ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായതും.

World Cup 2019: Pakistan batsmen were struggling against West Indies pacers in their opening match in Nottingham (AP Photo)

ഒടുവില്‍ ഇരുപത്തിരണ്ടാം ഓവറില്‍ വഹാവ് റിയാസിനെ ഒഷെയ്ന്‍ തോമസ് കൂടാരം കയറ്റിയതോടെ എല്ലാം പൂര്‍ണം. 21. 4 ഓവറില്‍ 105 റണ്‍സിന് പാകിസ്ഥാന്‍ തരിപ്പണം. വെസ്റ്റ് ഇന്‍ഡീസിനായി ഒഷെയ്ന്‍ തോമസ് നാല് ഹോള്‍ഡര്‍ മൂന്ന് റസല്‍ രണ്ട് ഷെല്‍ഡോണ്‍ കോട്രേല്‍ ഒരു വിക്കറ്റും നേടി.

Gayle World Cup

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീിന്റെ് ബാറ്റിംഗ് നേരെ വിപരീതമായിരുന്നു. ട്വന്റി 20 ഫോര്‍മാറ്റില്‍ ബാറ്റ് വീശിയ വിന്‍ഡീസ് 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടി. 34 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 50 റണ്‍സെടുത്ത ഗെയിലാണ് ഈ നിരയിലെ ടോപ് സ്‌കോറര്‍. ഇതോടെ 38 സിക്സറുകളുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ഗെയില്‍ സ്വന്തമാക്കി. മുഹമ്മദ് അമീര്‍ ആണ് പാക്സ്ഥാനായി മൂന്ന് വിക്കറ്റ് നേടിയത്.