കിവികള്‍ പകരം വീട്ടുന്നു, ‘ഇന്ത്യ മത്സരിക്കുന്നു’ കൂടാരം കയറാന്‍

Web Desk
Posted on July 10, 2019, 5:45 pm

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍റ് ഉയര്‍ത്തിയ  240  റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്.

ഇന്ത്യന്‍ സ്കോര്‍ നാലില്‍ നില്‍കെ ഒരു റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും പിന്നാലെയെത്തി ഒരു റണ്‍സ് നേടിയ കോലിയുമാണ് പുറത്തായത്. ടീമിന് പ്രതീക്ഷ നല്‍കുമെന്ന് കരുതിയ കെ എല്‍ രാഹുലും പുറത്തായതോടെ ഇന്ത്യന്‍ സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അ‍ഞ്ച് റണ്‍സ് നേടിയിരുന്നു.

പിന്നീട് ചെറുത്ത് നില്‍പ്പിന് ശ്രമിച്ച കാര്‍ത്തികും കൂടാരം കയറി. ആറ് റണ്‍സ് മാത്രമാണ് കാര്‍ത്തികിന് നേടാനായത്.  രോഹിതിനെയും രാഹുലിനെയും പുറത്താക്കിയ മാറ്റ് ഹെന്‍റി തന്നെയാണ് കാര്‍ത്തികിനെയും തിരികെയയച്ചത്.

നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയും റൃഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ പതിയെ മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഇരുപത്തിമൂന്നാം ഓവറില്‍ റൃഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്. 56 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. നിലവില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ധോണിയുമാണ് ക്രീസില്‍.

നേരത്തെ 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സിന് ഇന്നിംഗ്സ് പുനരാരംഭിച്ച കിവീസിന് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

ടോസ്‌നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ തുടക്കം തന്നെ പതര്‍ച്ചയോടെയായിരുന്നു.ആദ്യ ഓവറില്‍ കോലി പന്തേല്‍പ്പിച്ചത് ഭുവനേശ്വര്‍ കുമാറിനെ. ഇന്ത്യയ്ക്ക് സ്വപ്‌ന തുടക്കം നല്‍കി തന്നെയാണ് ഭുവി ആ ഓവര്‍ അവസാനിച്ചത്. ആദ്യ ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കാനാകാഞ്ഞ കിവീസ് പിന്നാലെയെത്തിയ ബുംറയുടെ ഓവറിലും വെള്ളം കുടിച്ചു. ഒരു പക്ഷേ കിവീസ് കരുതലോടെ കളിച്ചതായിരിക്കാം. എന്നാല്‍ ആദ്യ രണ്ട് ഓവറില്‍ റണ്‍സൊന്നും എടുക്കാനാകാഞ്ഞത് തിരിച്ചടിയാണെന്ന തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും നാലാം ഓവറിലെ മൂന്നാം പന്തില്‍ ബുംറ മാര്‍ട്ടില്‍ ഗപ്ടിലിനെ കൂടാരം കയറ്റി. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ അവരുടെ സ്‌കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു.

പിന്നീട് ഇന്ത്യന്‍ ബോളറന്മാരെ കരുതലോടെ നേരിട്ട ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്മാര്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടു പോയെങ്കിലും വേഗത വളരെ കുറവായിരുന്നു. 18-ാം ഓവറില്‍ രവീന്ദ്ര ജഡേജ ഹെന്റി നിക്കോളാസിനെ പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് വീണ്ടും സമ്മര്‍ദ്ദത്തിലായി. 51 പന്തില്‍ നിന്നാണ് ഹെന്റി 28 റണ്‍സ് നേടിയത്. ഒടുവില്‍ 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് കിവീസിന് നേടാനായത്.

പിന്നീടുള്ള കാര്യങ്ങള്‍ പതിവുപോലെ തന്നെയായിരുന്നു. കിവീസിന്റെ രക്ഷകനായി കെയ്ന്‍ വില്യംസണ്‍ തന്നെ ജോലിയേറ്റെടുത്തു. വില്യംസണിനൊപ്പം റോസ് ടെയ്‌ലറും കൂടി ചേര്‍ന്നതോടെ സ്‌കോറിനും കുറച്ച് വേഗത കൂടി. അര്‍ധ സെഞ്ചുറിയും പിന്നിട്ട് വില്യംസണ്‍ മുന്നോട്ട് കുതിയ്ക്കുന്നതിനിടയിലാണ് വില്ലനായി ചാഹല്‍ എത്തിയത്. വില്ല്യംസണെ സുരക്ഷിതമായ കൈയ്യിലൊതുക്കിയ ജഡേജ കിവീസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 95 പന്തില്‍ നിന്ന് 67 റണ്‍സിനായിരുന്നു വില്യംസണ്‍ പുറത്തായത്. പിന്നീട് 41-ാം ഓവറിന്റെ അവാസന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ നീഷാമിനെ പുറത്താക്കുമ്പോള്‍ കിവീസ് 162 ന് നാലെന്ന നിലയിലായിരുന്നു.

വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായിട്ടും മികച്ച രീതിയില്‍ ബാറ്റ് വീശിയ റോസ് ടെയ്‌ലറാണ് സ്‌കോര്‍ ഭേതപ്പെട്ട നിലയിലെത്തിച്ചത്. 44-ാം ഓവറില്‍ ചാഹലിനെ ശിക്ഷിച്ച് സ്‌കോറിംഗിന്റെ വേഗത കൂട്ടിയ ഗ്രാന്‍ഡ്‌ഹോമിനെ തൊട്ടടുത്ത ഓവറില്‍ ഭുവനേശ്വര്‍ പുറത്താക്കി. മത്സരം ഇന്ന് പുനരാരംഭിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന  റോസ് ടെയ്‌ലറും ടോം ലതാമും സ്കോര്‍ പതിയെ മുന്നോട്ട് കൊണ്ട് പോയി. എന്നാല്‍ 48 ാം ഓവറിലെ അവസാന പന്തില്‍ ടെയ്ലറെ റൗണ്‍ ഔട്ടിന് മുന്നില്‍ കുടുക്കി ജഡേജ കിവീസിനെ പടുകുഴിയിലേക്ക് തള്ളിയിട്ടു. തൊട്ടടുത്ത ഓവര്‍ എറിയാന്‍ വന്ന ഭുവനേശ്വര്‍ കുമാര്‍ ആ ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ കൂടി നേടിയതോടെ അവരുടെ പതനം പൂര്‍ണ്ണമായിരുന്നു. അവസാന ഓവര്‍കൂടി ബുമ്ര റണ്‍ നല്‍കാന്‍ പിശുക്ക് കാണിച്ചതോടെ കിവീസിന്‍റെ സ്കോര്‍ 239 ല്‍ അവസാനിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.