28 March 2024, Thursday

Related news

December 28, 2023
December 3, 2023
November 21, 2023
November 9, 2023
October 26, 2023
October 5, 2023
August 19, 2023
January 22, 2023
December 19, 2022
December 19, 2022

ലോകകപ്പ് 2022: ഖത്തറില്‍ സിക്സറടിച്ച് ഇംഗ്ലണ്ട്

Janayugom Webdesk
ദോഹ
November 21, 2022 11:11 pm

ഖത്തര്‍ ലോകകപ്പിലെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് കളംനിറഞ്ഞു കളിച്ചപ്പോള്‍ ഗോള്‍ മഴ പെയ്തത് ഇറാന്റെ ഗോള്‍വലയില്‍. ബുക്കായോ സാക്ക ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. കളി മറന്നു കളിച്ച ഇറാന് വേണ്ടി മെഹ്ദി തെറാമിയാണ് ഇരട്ട ഗോള്‍ നേടിയത്.
ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ ഏറിയ പങ്ക് ബോള്‍ പൊസിഷനും നേടി കളത്തില്‍ ഇംഗ്ലണ്ട് മേധാവിത്വം ഉറപ്പിക്കുന്ന കാഴ്ചയായിരുന്നു. രണ്ടാം മിനിറ്റില്‍ ട്രിപ്പിയറിന്റെ വലത് ഭാഗത്ത് നിന്നുള്ള ക്രോസ് ഇറാനിയന്‍ ബോക്സില്‍ പരിഭ്രാന്തി പരത്തി. റഹീം സ്റ്റെര്‍ലിങ്ങിന്റെ തലപ്പാകത്തിന് പന്ത് എത്താത്തതിനാല്‍ അപകടം ഒഴിവായി. പിന്നില്‍ നിന്ന് കുറിയ പാസുകള്‍ വഴി ഇരു വിങ്ങുകളിലേക്കും പന്ത് എത്തിച്ച് ക്രോസുകള്‍ നല്‍കാനാണ് ഇംഗ്ലീഷ് പട ശ്രമിച്ചുകൊണ്ടിരുന്നത്. 35-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ജഴ്സിയിൽ തന്റെ ആദ്യ ഗോൾ കണ്ടെത്തിയ യുവതാരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഇടതുവിങ്ങിൽനിന്ന് ലൂക്ക് ഷാ ഉയർത്തി നൽകിയ പന്ത് ബോക്സിൽ പറന്നിറങ്ങുമ്പോൾ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു ബെല്ലിങ്ഹാം. ഉയർന്നു ചാടിയ താരം അനായാസം പന്തു ചെത്തി വലയിലിട്ടു. പിന്നാലെ 43-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് രണ്ടായി ഉയര്‍ത്തി. ഇത്തവണ യുവതാരം സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പ് സൂപ്പര്‍താരം റഹിം സ്റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. ഹാരി കെയ്‌നിന്റെ പാസില്‍ നിന്നാണ് സ്റ്റെര്‍ലിങ് ലക്ഷ്യം കണ്ടത്. ഇതോടെ ഇറാന്‍ പ്രതിരോധം തളര്‍ന്നു. തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട ത്രീലയണ്‍സ് ഏഷ്യന്‍ ശക്തികളെ വെള്ളം കുടിപ്പിച്ചു.

രണ്ടാം പകുതി 62‑മിനിറ്റില്‍ സാക്ക തന്റെ രണ്ടാം ഗോള്‍ പേരിലെഴുതി. ഇറാന്‍ ഗോള്‍ കീപ്പര്‍ ഹൊസൈനിയുടെ ഒരു മോശം ക്ലിയറന്‍സാണ് ഏഷ്യന്‍ സംഘത്തിന് വിനയായത്. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തെറാമിയിലൂടെ ഇറാന്‍ ഒരു ഗോള്‍ മടക്കി. ഇരട്ടഗോൾ നേടിയ ബുകായോ സാക്കയുടെ പകരക്കാരനായി 71–ാം മിനിറ്റിൽ കളത്തിലിറങ്ങിയ മാർക്കസ് റാഷ്ഫോർഡിന്റെ ഊഴമായിരുന്നു അടുത്തത്. വന്ന ആദ്യ മിനിറ്റിൽത്തന്നെ റാഷ്ഫോർഡ് ലക്ഷ്യം കണ്ടു. ചെറിയ ഇടവേളയ്ക്കു ശേഷം ഗ്യാലറിയിലെ ഇംഗ്ലിഷ് ആരാധകരിൽ ആവേശം നിറച്ച് ഇംഗ്ലണ്ട് ആറാം ഗോൾ നേടിയത് 90–ാം മിനിറ്റിൽ. ഇത്തവണ റഹിം സ്റ്റെർലിങ്ങിന്റെ പകരക്കാരനായി ഇറങ്ങിയ ജാക്ക് ഗ്രീലിഷിന്റെ ഊഴമായിരുന്നു. 10 മിനിറ്റാണ് മത്സരത്തില്‍ അധികസമയമായി ലഭിച്ചത്. ഇന്‍ജുറി ടൈമിന്റെ 11-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെഹ്ദി തെറാമിക്ക് പിഴച്ചില്ല. അനായാസം ലക്ഷ്യം കണ്ട് താരം ഇറാനുവേണ്ടി തന്റെ രണ്ടാം ഗോളടിച്ചു. 

Eng­lish Sum­ma­ry: World Cup 2022: Eng­land hit six in Qatar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.