സാധ്യതകള്‍ മാറി മറിയുന്നു; അവസാന നാലില്‍ ആരൊക്കെ

Web Desk
Posted on June 26, 2019, 1:21 pm

സജിത്ത് പി

ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിലെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത മത്സരം. ഇതോടെ ഇനിയുള്ള മത്സരങ്ങളിലെ ഓരോ പോയിന്റും നിര്‍ണ്ണായകമാകും. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ന്യൂസിലന്റ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ ടീമുകള്‍ സെമിഫൈനലിലേയ്ക്ക് മുന്നേറും. നാലാമത്തെ ടീമിനെ പ്രവചിക്കുക ഇപ്പോള്‍ അസാധ്യം. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ക്ക് സെമിഫൈനലില്‍ എത്താന്‍ തുടര്‍വിജയങ്ങള്‍ അനിവാര്യമാണ്. ഒരു ടീമിന് ഒന്‍പത് മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീം സെമിഫൈനലില്‍ കളിക്കും. അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി കഴിഞ്ഞു. ഇപ്പോള്‍ പോയിന്റ് നിലയില്‍ ഒന്നാമത് ഓസ്‌ട്രേലിയയാണ്. രണ്ടാമത് ന്യൂസിലാന്റും. ഓസ്‌ട്രേലിയയ്ക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റും, ന്യൂസിലന്റിന് ആറ് മത്സരങ്ങളില്‍ നിന്നായി 11 പോയിന്റുമാണ് ഉള്ളത്. ഇന്ത്യ അഞ്ച് മത്സരങ്ങളില്‍ നിന്നുമായി 9 പോയിന്റുമായി മൂന്നാമതുണ്ട്.

ന്യൂസിലന്റിന് ഇനി പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളുമായാണ് മത്സരം. എല്ലാ മത്സരങ്ങളും കടുത്തതാണെങ്കിലും ഇപ്പോഴത്തെ ടീമിന്റെ ഫോം അനുസരിച്ച് അനായാസം സെമിഫൈനലില്‍ കടക്കാനാകും. ഓസ്‌ട്രേലിയയ്ക്ക് ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായുള്ള മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതുവരെ കളിച്ച കളികളില്‍ ഇന്ത്യയോട് മാത്രമാണ് അവര്‍ പരാജയം അറിഞ്ഞത്. ബാക്കി എല്ലാ കളികളും ആധികാരികമായി വിജയിച്ചിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് വെല്ലുവിളിയാവുക ന്യൂസിലന്റുമായുള്ള മത്സരം മാത്രമാണ്. ടൂര്‍ണ്ണമെന്റില്‍ നിന്നും ഇതിനകം പുറത്തായ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയില്ല. പോയിന്റ് നിലയില്‍ മൂന്നാമതുള്ള ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളുമായാണ്. ഇതില്‍ ഇപ്പോഴത്തെ നിലയില്‍ ഇന്ത്യ കടുത്ത മത്സരം പ്രതീക്ഷിക്കുന്നത് ഇംഗ്ലണ്ടില്‍ നിന്നുമാണ്. ഇന്ത്യ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് വിജയം നേടിയപ്പോള്‍ ന്യൂസിലന്റുമായുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ദുര്‍ബലരെന്ന് കരുതിയ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയത്. ടൂര്‍ണ്ണമെന്റില്‍ ഇപ്പോള്‍ ഏറ്റവും കുറച്ച് മത്സരങ്ങള്‍ കളിച്ചിരിക്കുന്നതും ഇന്ത്യയാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് മടങ്ങിയതും ബൗളര്‍ ഭുവനേശ്വര്‍കുമാറിന്റെ പരിക്കും ടീമിന് തിരിച്ചടിയായി. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമി നടത്തിയ ഹാട്രിക് പ്രകടനം ബൗളിംഗില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

ഇംഗ്ലണ്ട് പോയിന്റ് നിലയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്ത് ആണെങ്കിലും ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീടീമുകളും സെമിഫൈനല്‍ ലക്ഷ്യമിട്ട് ഉജ്ജ്വല പോരാട്ടമാണ് നടത്തുന്നത്. ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് ഇന്ത്യ, ന്യൂസിലന്റ് എന്നീ ശക്തമായ ടീമുകളുമായുള്ള മത്സരങ്ങളാണ്. ഇന്നലെ ഓസ്‌ട്രേലിയയുമായുള്ള തോല്‍വി അവരുടെ സെമിഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ ശക്തരായ ഇംഗ്ലണ്ടിനെ പാകിസ്ഥാനും ശ്രീലങ്കയും അട്ടിമറിച്ചതാണ് അവരുടെ സെമിഫൈനല്‍ സാധ്യത അനിശ്ചിതത്വത്തിലാക്കിയത്. ഏഴ് മത്സരം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശിന് ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ്. ഇപ്പോഴത്തെ ഫോം വെച്ച് നോക്കുകയാണെങ്കില്‍ ന്യൂസിലന്റ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്ക് പുറമേ ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവയില്‍ ഏതെങ്കിലും ഒരു ടീമാണ് സെമിഫൈനല്‍ കളിക്കാന്‍ സാധ്യത.

ടൂര്‍ണമെന്റിലെ മികച്ച ടീമുകളില്‍ ഒന്നായി കരുതിയ ദക്ഷിണാഫ്രിക്ക 7 മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്. അഫ്ഗാനിസ്ഥാനെതിരെ ആയിരുന്നു അവരുടെ ഏകവിജയം. വളരെ പ്രതീക്ഷയോടെ വന്ന വെസ്റ്റ് ഇന്‍ഡീസിന് 6 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. ചില മത്സരങ്ങളില്‍ അവസാനം വരെ വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും അവസാന ഓവറുകളില്‍ മത്സരം കൈവിട്ടുപോകുകയായിരുന്നു. ബംഗ്ലാദേശിനെതിരെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും വിജയിക്കാനാകാത്തത് അവിശ്വസനീയമായിരുന്നു. ആന്‍ഡ്രൂ റസല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും തിരിച്ചടിയായി. അഫ്ഗാനിസ്ഥാന്റെ കാര്യമെടുത്താലും ഇന്ത്യയ്ക്ക് എതിരെയുള്ള മത്സരം ഒഴിച്ചാല്‍ കാര്യമായ പോരാട്ടമില്ലാതെയാണ് ഓരോ മത്സരത്തിലും കീഴടങ്ങിയത്. ഒരുമത്സരം പോലും ജയിക്കാത്ത ഏക ടീമും അഫ്ഗാനിസ്ഥാനാണ്. മഴയും ചില മത്സരങ്ങളില്‍ വില്ലനായി. പാകിസ്ഥാന്‍-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക‑വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്-ശ്രീലങ്ക, ഇന്ത്യ‑ന്യൂസിലന്റ് തുടങ്ങിയ മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചിരുന്നു.

ഈ ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ മുന്നില്‍ ാേസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. 500 റണ്‍സാണ് താരത്തിന്റ സംഭാവന. 496 റണ്‍സുമായി ഓസ്‌ട്രേലിയയുടെ തന്നെ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ 476 റണ്‍സുമായി തൊട്ടു പിന്നാലെയുണ്ട്.

ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചത് ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗനാണ്. 22 എണ്ണം. 18 സിക്‌സറുകള്‍ പറത്തിയ ആരോണ്‍ഫിഞ്ച് തൊട്ടുപിറകിലുണ്ട്. ഇന്ത്യന്‍ ടീമില്‍ 6 സിക്‌സറുകള്‍ പറത്തി രോഹിത് ശര്‍മ്മയാണ് മുന്നില്‍.

ബൗളിംഗില്‍ 19 വിക്കറ്റിട്ട ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍കാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചര്‍ 16 വിക്കറ്റുമായി രണ്ടാമതും പാകിസ്ഥാന്റെ മുഹമ്മദ് അമീര്‍ 15 വിക്കറ്റുമായി മൂന്നാമതുമുണ്ട്.

ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തത് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ആണ്. 166 റണ്‍സ്. ഓസ്‌ട്രേലിയയുടെ തന്നെ ആരോണ്‍ഫിഞ്ച്, ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയി എന്നിവര്‍ 153 റണ്‍സും നേടി.

ഇതുവരെയുള്ള മത്സരങ്ങളില്‍ മികച്ച ബൗളിംഗ് കാഴ്ചവെച്ചത് 29 റണ്‍്‌സ് വഴങ്ങി 5 വിക്കറ്റ് നേടിയ ഷക്കീബ് അല്‍ ഹസനാണ്. 30 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത പാകിസ്ഥാന്റെ മുഹമ്മദ് അമീര്‍, 31 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ന്യൂസിലാന്റിന്റെ ജെയിംസ് നാഷാം, 46 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിരാണ് തൊട്ടുപിന്നില്‍. ടൂര്‍ണമെന്റിലെ മികച്ച ടീം സ്‌കോര്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ 397 റണ്‍സാണ്. ഇംഗ്ലണ്ട് ആ മത്സരത്തില്‍ 150 റണ്‍സിനാണ് വിജയിച്ചത്.