25 April 2024, Thursday

ത്രീ ലയണ്‍സിന്റെ ഗര്‍ജ്ജനം

ആഫ്രിക്കന്‍ രാജാക്കന്മാര്‍ക്ക് കണ്ണീര്‍ മടക്കം
Janayugom Webdesk
ദോഹ
December 5, 2022 11:11 pm

ആഫ്രിക്കന്‍ കരുത്തിനു മുമ്പില്‍ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് വ­മ്പന്‍ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട്. സെനഗലിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ജോര്‍ദാന്‍ ഹെന്‍ഡേ­ഴ്‌സന്‍, നായകന്‍ ഹാരി കെയ്ന്‍, ബു­ക്കായോ സാക്ക എന്നിവരാണ് ഇംഗ്ലീഷ് സ്കോറര്‍മാര്‍. കളിയുടെ ആദ്യ അര മണിക്കൂറിലേറെ സെനഗലിനു മുന്നില്‍ പരുങ്ങിയ ഇംഗ്ലണ്ടിനെയാണ് കണ്ടത്.

ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാനാവാതെ അവര്‍ നിസഹായരായി. എന്നാല്‍ ആദ്യ ഗോള്‍ നേടിയതിനു പിന്നാലെ ഇംഗ്ലണ്ട് സടകുടഞ്ഞെഴുന്നേറ്റു. കൗണ്ടർ അറ്റാക്കുകളിലായിരുന്നു സെനഗലിന്റെ ശ്രദ്ധ. 23-ാം മിനിറ്റില്‍ കളിയില്‍ ലീഡ് നേടാനുള്ള നല്ലൊരു അവസരം സെനഗല്‍ പാഴാക്കി. ഡയാറ്റയുടെ ക്രോസിനൊടുവില്‍ ലഭിച്ച ബോള്‍ പക്ഷെ സെനഗല്‍ താരം സെര്‍ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പാഴാക്കുന്നതാണ് കണ്ടത്. സെനഗലിനെ സംബന്ധിച്ച് ഉറപ്പായും ലീഡ് നേടാമായിരുന്ന അവസരമായിരുന്നു ഇത്. മറുഭാഗത്ത് ഇംഗ്ലണ്ട് ആദ്യത്തെ അര മണിക്കൂറില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പാടുപെട്ടു.

ഗോളിലേക്കു ഒരു ഷോട്ടു പോലും തൊടുക്കാന്‍ യൂറോപ്യന്‍ പവര്‍ഹൗസുകള്‍ക്കായില്ല. 31-ാം മിനിറ്റില്‍ അപകടം പിടിച്ചൊരു മുന്നേറ്റം പിക്ഫോർഡ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന് തുണയായി. 38-ാം മിനിറ്റില്‍ വീണ ഗോളിലൂടെയാണ് ഇംഗ്ലണ്ട് ഉണർന്ന് കളിക്കാന്‍ തുടങ്ങിയത്. അതുവരെ ആക്രമണത്തിന് മൂർച്ച പോരായിരുന്നു. ബെല്ലിങ്ഹാമിന്റെ അസിസ്റ്റില്‍ ജോർദാന്‍ ഹെന്‍ഡേഴ്സനാണ് ഇംഗ്ലണ്ടിനായി ആദ്യം വല കുലുക്കിയത്. ഇഞ്ചുറിടൈമി­ല്‍­(45+3) ഫോഡന്റെ അസിസ്റ്റില്‍ ഹാരി കെയ്ന്‍ ടീമിന്റെ ലീഡ് രണ്ടാക്കിയുയർത്തി. പിന്നാലെ രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ ശക്തമാക്കിയ ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തിയതോടെ സെനഗലിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. മധ്യഭാഗത്ത് കെയ്ന്‍ നഷ്ടപ്പെടുത്തിയ പന്ത് റാഞ്ചി മുന്നേറിയ ഫില്‍ ഫോ­ഡനാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതുവിങ്ങിലൂടെ കയറി ഫോഡന്‍ നല്‍കിയ പാസ് ബുകായോ സാക്ക അനായാസം വലയിലെത്തിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ സാക്കയുടെ മൂന്നാം ഗോള്‍.

eng­lish sam­mury: world cup eng­land vs sene­gal, Eng­land’s lop­sided three-goal win over Senegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.