വാര്‍ണര്‍ ഷോ; 300 കടന്ന് ഓസ്‌ട്രേലിയ

Web Desk
Posted on June 12, 2019, 10:48 pm

ടോന്റണ്‍: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 41 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 308 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ 45.4 ഓവറില്‍ 266 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയക്ക് കരുത്തായത് ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയും (107) തകര്‍ത്തടിച്ച ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ചുറിയുമാണ് (82).
അവസാന ഓവറുകളില്‍ പാക് ബോളിങ്ങിന് മുന്നില്‍ കളിമറന്ന ഓസ്‌ട്രേലിയക്കായി ഒന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 146 റണ്‍സാണ് കുറിച്ചത്. വാര്‍ണര്‍ 111 പന്തില്‍ 107 റണ്‍സും ഫിഞ്ച് 84 പന്തില്‍ 82 റണ്‍സും എടുത്തു. ഒരു ഘട്ടത്തില്‍ 330ന് മുകളില്‍ നേടുമെന്നു കരുതിയ കംഗാരുപ്പടയെ അവസാന 10 ഓവറില്‍ മികച്ച ബൗളിങിലൂടെ പാകിസ്താന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് ആമിറാണ് കംഗാരുക്കള്‍ക്കു കടിഞ്ഞാണിട്ടത്. 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്. ഏകദിനത്തില്‍ ആമിറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), ഷോണ്‍ മാര്‍ഷ് (23), ഉസ്മാന്‍ ഖവാജ (18), നഥാന്‍ കോള്‍ട്ടര്‍നൈല്‍ (2), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (3) എന്നിവരാണ് പുറത്തായ ഓസീസ് താരങ്ങള്‍. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (1) പുറത്താവാതെ നിന്നു.
ടോസിനു ശേഷം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ട കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ഇറങ്ങിയത്. പരിക്കേറ്റ മാര്‍ക്കസ് സ്‌റ്റോയ്ണിസിനു പകരം ഷോണ്‍ മാര്‍ഷ് ടീമിലെത്തിയപ്പോള്‍ ആദം സാംപയ്ക്കു പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സനും കളിച്ചു.
അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആമിര്‍ മുന്നിലെത്തി. ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മിഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്റ്റ് വീതവും വീഴ്ത്തി.
രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ രണ്ട് റണ്‍സില്‍ നില്‍ക്കെ ഫര്‍ഖാന്‍ സമാനെ പാകിസ്ഥാന് ആദ്യം നഷ്ടമായി. ഒരു ഘട്ടത്തില്‍ ഏഴിന് 200 റണ്‍സെന്ന നിലയിലേക്കു പാക് ടീം വീണിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ സര്‍ഫ്രാസ് റിയാസ് സഖ്യം 64 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ പാക് ടീമിന് വിജയപ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ടീം സ്‌കോര്‍ 264ല്‍ വച്ച് റിയാസ് പുറത്തായതോടെ പാകിസ്താന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 53 റണ്‍സെടുത്ത ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 75 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ് ഹഫീസ് (46), വഹാബ് റിയാസ് (45), നായകന്‍ സര്‍ഫ്രാസ് അഹമ്മദ് (40) എന്നിവരും പൊരുതിനോക്കി. മൂന്നു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരുമാണ് പാകിസ്താനെ എറിഞ്ഞിട്ടത്