Web Desk

സാന്റിയാഗോ

June 04, 2021, 9:36 pm

ഫുട്ബോള്‍ ലോകകപ്പ് യോഗ്യത: അര്‍ജന്റീനയ്ക്ക് ചിലിയുടെ പൂട്ട്

കൊളംബിയയ്ക്കും ബൊളീവിയയ്ക്കും തകര്‍പ്പന്‍ ജയം
Janayugom Online

ഫിഫ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ചിലിയുടെ സമനില പൂട്ട്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഇതോടെ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ മറികടന്ന് ഒന്നാമതെത്താനുള്ള അര്‍ജന്റീനയുടെ മോഹത്തിന് തിരിച്ചടിയേറ്റു. ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ചില്‍ ഒരു മത്സരം മാത്രം ജയിക്കാനായ ചിലി ഏഴാം സ്ഥാനത്താണ്.
24-ാം മിനിറ്റില്‍ നായകന്‍ ലയണല്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയിരുന്നു. ലൗട്ടരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസി വലയിലെത്തിച്ചത്. വാറിന്റെ തുണയോടെയാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ 36-ാം മിനിറ്റില്‍ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിലൂടെ ചിലി സമനില പിടിക്കുകയായിരുന്നു. ഗാരി മെഡലിന്റെ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ഒഴിഞ്ഞ വലയിലേക്ക് ചെത്തിയിടുകയായിരുന്നു സാഞ്ചസ്. മെസിക്ക് ഫ്രീകിക്കില്‍ നിന്ന് രണ്ട് സുവര്‍ണ ഗോളവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഒന്ന് ഗോള്‍കീപ്പര്‍ കുത്തിയകറ്റുകയും മറ്റൊന്ന് ബാറിലിടിച്ച് മടങ്ങുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ പെറുവിനെതിരെ കൊളംബിയയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയ വിജയം നേടിയത്. കൊളംബിയ 40-ാം മിനിറ്റില്‍ യെരീ മീനയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് പെറു ഡിഫന്റര്‍ മിഖായേല്‍ ട്രാക്കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. രണ്ടാംപകുതിയും കൊളംബിയ സ്വന്തമാക്കിയപ്പോള്‍ 49-ാം മിനിറ്റില്‍ മത്യസ് യുറിബിയും 55-ാം മിനിറ്റില്‍ ലൂയിസ് ഡയസും പട്ടിക പൂര്‍ത്തിയാക്കി. വൈ­കാതെ 59-ാം മിനിറ്റില്‍ കൊളംബിയന്‍ ഡിഫന്റ്‍ ഡാനിയേല്‍ മുനോസും ചുവപ്പ് കാര്‍ഡ് കണ്ടു.

വെനസ്വേലയെ ബൊളീവിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ബൊളീവിയ്ക്കായി മാര്‍സലോ മാര്‍ട്ടി­ന്‍സ് ഇരട്ട ഗോള്‍ നേ­ടി. ഡീഗോ ബെജാരനോയാണ് മറ്റൊരു സ്കോറര്‍. വെനസ്വേലയുടെ മറുപടി ജോണ്‍ ചാന്‍സലറിന്റെ ഏക ഗോളില്‍ ഒരുങ്ങി. ഉറുഗ്വായ്-പാരഗ്വായ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Eng­lish sum­ma­ry; World Cup qual­i­fi­er: Chile locks Argentina

You may also like this video;