ഇന്ന് ലോക ക്ഷീരദിനം; ഉല്‍പ്പന്ന വിപണനത്തിലൂടെ കൂടുതല്‍ പാല്‍ വില

Web Desk
Posted on June 01, 2019, 9:09 am

അഡ്വ. കെ രാജു
(വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി)

കഴിഞ്ഞ 30 വര്‍ഷക്കാലം കൊണ്ട് ലോകത്തിലെ പാലുല്‍പാദനത്തില്‍ 58 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 1987 ലെ ആകെ ഉല്‍പാദനമായ 522 മില്യണ്‍ മെട്രിക്ടണ്ണില്‍ നിന്നും 2018 ല്‍ 829 മില്യണ്‍ മെട്രിക്ടണ്ണിലെത്തി നില്‍ക്കുന്നു. ഇതില്‍ ഏറ്റവും സന്തോഷകരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പാലുല്‍പാദനത്തില്‍ ലോക രാഷ്ട്രങ്ങളെയെല്ലാം പിന്തളളി ഒന്നാം സ്ഥാനത്തുളളത് നമ്മുടെ രാജ്യമാണ് എന്നതാണ്.
ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ കണക്ക് പ്രകാരം 2017–18 വര്‍ഷത്തെ ഇന്ത്യയിലെ പാലുല്‍പാദനം 176.3 മില്യണ്‍ മെട്രിക്ടണ്‍ ആണ്. ഇത് വിവിധ രാജ്യങ്ങളിലുളള ആകെ പാലുല്‍പാദനത്തിന്റെ 21 ശതമാനത്തോളം വരും. 2016–17 വര്‍ഷത്തെ ഇന്ത്യയിലെ ആകെ പാലുല്‍പാദനം 165.4 മില്യണ്‍ മെട്രിക്ടണ്‍ ആയിരുന്നു. എന്നാല്‍ 2017–18 വര്‍ഷം ഇത് 6.6 ശതമാനം വര്‍ധനവോടുകൂടിയാണ് 176.35 മില്യണ്‍ മെട്രിക്ടണ്ണിലെത്തി നില്‍ക്കുന്നത്. 2021–22 വര്‍ഷത്തോടുകൂടി ഇന്ത്യയിലെ മൊത്തം പാലുല്‍പാദനം 254.5 മില്യണ്‍ മെട്രിക്ടണ്ണിലെത്തിച്ചേരുമെന്നാണ് കണക്ക് കൂട്ടുന്നത്.
ആനന്ദ് മാതൃകാ സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ ധവള വിപ്ലവത്തിന് തുടക്കം കുറിച്ച് നമ്മുടെ രാഷ്ട്രത്തെ പാലുല്‍പാദനത്തില്‍ മുന്‍പന്തിയിലെത്തിച്ച ആദരണീയനായ ഡോ. വര്‍ഗ്ഗീസ് കുര്യനെ നമുക്ക് ഈ അവസരത്തില്‍ അനുസ്മരിക്കാതിരുന്നുകൂടാ.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (എഫ്എഒ) ആഹ്വാനപ്രകാരം ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായി ആചരിച്ച് വരികയാണ്. പാലിനെ ആഗോള ഭക്ഷണം ആയി കണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കാനും ക്ഷീരോല്‍പാദന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത്.
പാലുല്‍പാദനം സംസ്ഥാനത്തിനകത്തും പുറത്തും വര്‍ധിക്കുന്നുണ്ടെങ്കിലും, ഉല്‍പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാര വര്‍ധനവിന്റെ കാര്യത്തില്‍ മറ്റ് വികസിത രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം പിറകിലായതിനാല്‍ കുറച്ചുകൂടി ഈ വിഷയത്തില്‍ ഊന്നല്‍ നല്‍കേണ്ടത് ആവശ്യമാണ്. കേരളത്തെ സംബന്ധിച്ച് മികച്ച ഗുണനിലവാരമുളള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും അവയെപ്പറ്റിയുളള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിലും നാം കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കൃത്യതയാര്‍ന്ന ഇടപെടലും സഹകരണ മേഖലയുമായി കൈകോര്‍ത്തുളള പ്രവര്‍ത്തനങ്ങളും കൊണ്ട് ഇന്ന് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ എവിടെയും ലഭിക്കാത്ത ഏറ്റവും ഉയര്‍ന്ന പാല്‍വിലയാണ് ലഭിച്ചു വരുന്നത്. എന്നാല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ പ്രതേ്യകിച്ച് തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലിന്റെ സംഭരണവില നമ്മുടെ പാല്‍ വിലയേക്കാള്‍ വളരെ താഴെയാണ്. അതുപോലെ തന്നെ കര്‍ണാടകയിലെ പാലുല്‍പാദനം 71.37 ലക്ഷം മെട്രിക്ടണ്ണും തമിഴ്‌നാട്ടിലേത് 77.42 ലക്ഷം മെട്രിക്ടണ്ണുമാണ്. ഇതെല്ലാം കൊണ്ടുതന്നെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വാഭാവികമായും കേരളത്തിലേക്കുളള പാലിന്റെ വരവ് വര്‍ധിക്കുന്നു. പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടാണെങ്കില്‍ കൂടിയും, ക്ഷീര വികസന വകുപ്പിന് കീഴിലുളള രണ്ട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കൃത്യമായ ഗുണനിലവാര പരിശോധനാ രീതികള്‍ ഇന്ന് നിലവിലുണ്ട്. ഗുണനിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമായ പാല്‍ കേരളത്തിലേക്ക് കടന്നു വരുന്നത് തടയാന്‍ നമുക്ക് ഒരു പരിധിവരെ സാധിക്കുന്നുണ്ടെങ്കിലും ഗുണ നിലവാരമുളള നല്ല പാല്‍, വില കുറവാണ് എന്ന ഒരു കാരണം കൊണ്ട് മാത്രം അതിര്‍ത്തി കടന്നു വരുന്നത് തടയാന്‍ നമുക്ക് സാധിക്കുകയില്ല.
ഇന്ത്യയില്‍, മികച്ച പാല്‍ വില കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഒരു സംസ്ഥാനമെന്നിരിക്കെ ഇതിനകം തന്നെ പാലിന്റെ കാര്യത്തില്‍ ഏകദേശം സ്വയം പര്യാപ്തത കൈവരിക്കുന്ന രീതിയിലുള്ള ഉല്‍പാദന വര്‍ധനവ്, കണക്കുകളില്‍ നിന്നും വ്യക്തമാണ്. കേരളത്തിലെ 2017–18 വര്‍ഷത്തെ പാലുല്‍പാദനം 25.76 ലക്ഷം മെട്രിക്ടണ്ണാണ്. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവിലുണ്ടാകുന്ന ഈ വര്‍ധനവിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന കാര്യം നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ആയതിനാല്‍ ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഗുണ നിലവാരമുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ, കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന രീതിയിലുള്ള മികച്ച പാല്‍വില എക്കാലവും ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളൂ. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ പ്രധാനമായും നെയ്യ്, വെണ്ണ, തൈര് എന്നിയവുടെ ഔഷധ ഗുണങ്ങള്‍ പുരാതനകാലം മുതലേ തെളിയിക്കപ്പെട്ടവയാണ്. ദേശീയ ക്ഷീര ഗവേഷണ കേന്ദ്രങ്ങളില്‍ നടത്തിയ പല പഠനങ്ങളും ഇത് ശരിവച്ചിട്ടുമുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി സഹകരണ മേഖലയില്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന യു-എച്ച്ടി പാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കിയത്. ഇത് കൂടാതെ ജനങ്ങളുടെ പോഷകാംശക്കുറവ് പരിഹരിക്കുന്നതിനായി വൈറ്റമിന്‍ എ, ഡി എന്നിവ ചേര്‍ന്ന പാല്‍ സഹകരണ മേഖല വഴി വിപണിയില്‍ എത്തിക്കഴിഞ്ഞു.
ഏറ്റവും അത്യാധുനിക രീതിയില്‍ തയാറാക്കി അഞ്ച് പാളികളുളള പ്രത്യേക പാക്കറ്റില്‍ ലഭിക്കുന്ന ഉല്‍പ്പന്നമായതുകൊണ്ട് തന്നെ ഇത് 90 ദിവസം മുതല്‍ 180 ദിവസം വരെ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ കേടുകൂടാതിരിക്കും. സാധാരണ നാം വാങ്ങിക്കുന്ന പാസ്ച്യുറൈസ്ഡ് പാല്‍ തണുപ്പിച്ച് സൂക്ഷിച്ചില്ലെങ്കില്‍ എട്ട് മണിക്കൂറിനുളളില്‍ കേടാകും.
ഈ ഉല്‍പ്പന്നം തണുപ്പിച്ച് സൂക്ഷിക്കേണ്ട എന്ന പ്രതേ്യകത ഉളളതുകൊണ്ട് തന്നെ പാലിന്റെ സംസ്‌കരണ ശാലയിലായാലും, വിപണനക്കാര്‍ക്കായാലും, ഉപഭോക്താക്കള്‍ക്കായാലും വലിയ ഒരു ശതമാനം ഊര്‍ജ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ ഈ ഉല്‍പന്നം ഏത് സമയത്തും എവിടെയും ലഭ്യമാക്കാനും സാധിക്കും. അതി ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുന്നതുകൊണ്ട് തന്നെ, വളരെ സുരക്ഷിതമായ ഈ പാല്‍, ആശുപത്രികളിലെ ഉപയോഗത്തിനും ചെറിയ കുട്ടികള്‍ക്കുളള ഉപയോഗത്തിനും വളരെ മികച്ചതാണ്.
വളരെ സങ്കീര്‍ണമായ നിര്‍മാണ പ്രക്രിയ ആവശ്യമുളള പാലുല്‍പ്പന്നമായ ചീസ് പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ധാരാളം മാംസ്യവും കൊഴുപ്പും ധാതു ലവണങ്ങളും വൈറ്റമിനുകളും അടങ്ങിയ ഈ ഉല്‍പ്പന്നം ആരോഗ്യകരമായ ഭക്ഷണ ക്രമത്തില്‍ നാം ഉള്‍പ്പെടുത്തേണ്ടതാണ്. അതുപോലെ തന്നെ പാലിലെ എല്ലാ പോഷകങ്ങളും നിലനിര്‍ത്തി മനുഷ്യ ശരീരത്തിന് ഗുണപ്രദമായ പ്രതേ്യകതരം ബാക്ടീരിയകളെ ഉപയോഗിച്ച് പാലിനെ പുളിപ്പിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളായ തൈര്, യോഗര്‍ട്ട് മുതലായ പ്രോബയോട്ടിക് ഉല്‍പ്പന്നങ്ങളും നമ്മുടെ ദിവസേനയുളള ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. ശരീരത്തിലെ ശരിയായുളള ദഹനപ്രക്രിയയ്ക്കും പ്രതിരോധ ശക്തിക്കും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വളരെ പ്രയോജനം ചെയ്യും.
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു ഉല്‍പ്പന്നമാണ് നെയ്യ്. പോഷകഗുണം കൊണ്ടും ഔഷധ മൂല്യം കൊണ്ടും വളരെ മികച്ച ഉല്‍പ്പന്നമാണിത്. ഒമേഗ മൂന്ന്, ഒമേഗ ഒന്‍പത് മുതലായ ഫാറ്റി ആസിഡുകളാലും വിറ്റാമിന്‍ എ, ഡി മുതലായ വൈറ്റമിനുകളാലും സമ്പുഷ്ടമായ ഈ ഉല്‍പ്പന്നം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലും പ്രതിരോധ ശക്തി നിലനിര്‍ത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആയുര്‍വേദം അനുസരിച്ച് നമ്മുടെ ഓര്‍മശക്തിയും കുഞ്ഞുങ്ങളുടെ ഗ്രഹണ ശേഷിയും വര്‍ധിപ്പിക്കുന്നതില്‍ നെയ്യ് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. നെയ്യില്‍ അടങ്ങിയിരിക്കുന്ന കോഞ്ചുഗേറ്റഡ് ലിനോലെയിക്ക് ആസിഡ് അര്‍ബുദ സാധ്യത ചെറുക്കുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ഒരു ഉല്‍പ്പന്നമാണ് നവജാത ശിശുക്കള്‍ക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ‘ഇന്‍ഫന്റ് ഫൂഡ്‌സ്’. കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ ഏകദേശം 10.4 ശതമാനം അതായത് 35 ലക്ഷത്തോളം കുഞ്ഞുങ്ങളാണുളളത്. അതനുസരിച്ച് ഇന്നത്തെ വിപണി വില വച്ചുനോക്കിയാല്‍ പ്രതിവര്‍ഷം ഏകദേശം 2000 കോടി രൂപയുടെ വിപണിയില്‍ നാം മറ്റു ആഗോള കമ്പനികളോട് മത്സരിച്ച് കടന്നുകയറിയാല്‍ മാത്രമേ നമുക്ക് ശോഭനമായ ഒരു ഭാവി സ്വപ്‌നം കാണാന്‍ കഴിയുകയുള്ളൂ. അതിനായി നൂതന സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും വിപണിയെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ രംഗത്തെ പഠനങ്ങളനുസരിച്ച് ഇന്ത്യയില്‍ ഇത്തരം അതിമൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണി ഏകദേശം 10 മുതല്‍ 12 ശതമാനത്തോളം വളര്‍ച്ചനിരക്ക് പ്രതിവര്‍ഷം കാണിക്കുന്നു.
അതിമൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ നവജാത ശിശുകള്‍ക്കുള്ള ഇന്‍ഫന്റ് ഫുഡ്, കുഞ്ഞുങ്ങള്‍ക്കുള്ള ബേബി ഫുഡ് അതുപോലെ കൗമാര പ്രായക്കാര്‍ക്കുള്ള ഊര്‍ജദായകമായ ഭക്ഷണങ്ങളും, പാനീയങ്ങളും എന്നിങ്ങനെ വൈവിധ്യമേറിയ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലും വിപണനത്തിലും ഭാവിയില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍, ഉല്‍പാദന ചെലവ് കൂടിവരുന്ന സാഹചര്യത്തില്‍ പാലിന്റെ വിപണനവില കൂട്ടാതെ, സംഭരണവില കൂടുതല്‍ നല്‍കിക്കൊണ്ട് കര്‍ഷകരെ ഈ രംഗത്ത് സംരക്ഷിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കി വരുന്ന പോഷകാഹാര പദ്ധതികളില്‍ യു-എച്ച്ടി പാല്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇത്തരം അതിമൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഭാവിയില്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതോടെ കേരളത്തിലെ ക്ഷീര കര്‍ഷകരുടെ ഭാവി പ്രകാശമാനമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇതിന് ആഭ്യന്തരമായി സംഭരിക്കുന്ന പാലിന്റെ രാസഗുണനിലവാരത്തോടൊപ്പം അണു ഗുണനിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ പല വിധത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മികച്ച അണു ഗുണനിലവാരമുള്ള പാല്‍ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകനും സംഘത്തിനും പ്രോത്സാഹന വില നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.
കാര്‍ഷിക മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന ക്ഷീര മേഖലയുടെ നിലനില്‍പ്പുതന്നെ നമ്മുടെ ക്ഷീരകര്‍ഷകരാണ്. അവരുടെ അഭിവൃദ്ധിയാണ് നാം മുന്നില്‍ കാണേണ്ടത്. അതിനുളള പ്രയാണത്തിന്റെ ഭാഗമായിത്തന്നെയാണ് ഉല്‍പാദിപ്പിക്കുന്ന പാലിന്റെ അളവിലും ഗുണനിലവാരത്തിലും വര്‍ധനവ് ഉണ്ടാകുന്നതിനൊപ്പം കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കപ്പെടണം എന്ന കാഴ്ചപ്പാട് ഇവിടെ പ്രസക്തമാകുന്നത്.
മേല്‍ സൂചിപ്പിച്ച വിവിധ തരത്തിലുളള പദ്ധതികളുമായി നമ്മുടെ നാട്ടിലെ ക്ഷീര കര്‍ഷകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനു വേണ്ടി ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് അറിയിച്ചുകൊണ്ട് ഈ ലോകക്ഷീര ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുന്നു.