January 28, 2023 Saturday

കൊറോണ കാലത്തെ ഭൂമി

സുനിൽ കുമാർ കരിച്ചേരി
April 22, 2020 4:15 am

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയൊരു മഹാമാരിയുടെ ഇടയിലാണ് ഇപ്രാവശ്യം ലോക ഭൗമദിനം കടന്നെത്തുന്നത്. ഏപ്രിൽ 22 ലോക ഭൗമദിനമായി ആചരിക്കാൻ തുടങ്ങിയത് 1970 മുതലാണ്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ ദിനാചരണത്തിന് 50 വയസ്സ് പൂർത്തിയാകുമ്പോൾ, വൈറസ് എന്ന അതിസൂക്ഷ്മ ജീവി ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന ഭീതിദമായ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തിലെ സകല രാജ്യങ്ങളേയും ആയുധശക്തികൊണ്ടും, പണാധിപത്യംകൊണ്ടും ചൊൽപ്പടിക്ക് നിർത്തി ലോക പൊലീസ് ചമഞ്ഞിരുന്ന ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയാണ് ഏറ്റവും വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നതെന്നത് പുതിയ ചിന്തകൾക്ക് വഴിതുറക്കുന്നു. യുറോപ്യൻ ശക്തികളായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്. യുകെ, ജർമ്മനി ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ പതിനായിരങ്ങൾ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ഏഷ്യൻ വൻ ശക്തിയായ ചൈനയിലെ വുഹാനിൽ ഉദയം ചെയ്ത വൈറസ് അവിടേയും ഭീകര താണ്ഡവമാണ് നടത്തിയത്. ഇറാനിലും സ്ഥിതി വ്യത്യസ്തമല്ല. ഗൾഫ് രാജ്യങ്ങളിലും പിടിമുറുക്കാനുള്ള ശ്രമത്തിലാണ് കൊവിഡ് 19. അമേരിക്കയിൽ മാത്രം ആറ് ലക്ഷത്തോളം രോഗികളും 30,000 ത്തിൽ ഏറെ മരണവും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.

ഇന്ത്യ ഒരു പരിധിവരെ വൈറസ് വ്യാപനം തടഞ്ഞു നിർത്തുന്നുണ്ടെങ്കിലും സ്ഥിതി മെച്ചമാണെന്ന് പറയാൻ സാധിക്കില്ല. ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്തി കേരളം ലോകത്തിന് തന്നെ പുത്തൻ മാതൃക കാണിച്ചുകൊടുക്കുന്നു. ഏറ്റവും കുറഞ്ഞ തോതിലുള്ള മരണനിരക്കും, രോഗം ഭേദപ്പെട്ടുവരുന്നതിന്റെ ഉയർന്നതോതും ലോകത്തിനാകെ മാതൃകയാണ്. 93 വയസ്സായ മുത്തച്ഛനും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ 250 ൽ ഏറെ ആളുകൾ ഇതിനകം രോഗമുക്തി നേടിക്കഴിഞ്ഞു. കേരളത്തിലെ സുശക്തമായ ആരോഗ്യ സംവിധാനവും അതിനെ ഫലപ്രദമായി ഉപയോഗിച്ച ഭരണാധികാരികളുടെ കഴിവും എടുത്തുപറയേണ്ടതാണ്. വൈറസ് വ്യാപനം തടയുന്നതിനായി പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ നടത്തിവരുന്ന രാപ്പകൽ വ്യത്യാസമില്ലാത്ത കഠിനാധ്വാനം വിലമതിക്കാനാകാത്തതാണ്. സമസ്ത മേഖലയിലേയും ജനങ്ങളെ വലിയ പരാതിക്ക് ഇട നൽകാത്തവിധം സഹായങ്ങൾ നൽകി വീട്ടിൽ തന്നെ ഇരുത്താനായത് വലിയ വിജയമായി കാണേണ്ടിവരും. ആരോഗ്യ മേഖലയിൽ സർക്കാർ സംവിധാനങ്ങൾ സുശക്തമായതിന്റെ വലിയൊരു ഗുണഫലമാണ് നമുക്കുണ്ടാക്കിയിരിക്കുന്നത്. വികസിതമെന്ന് ഊറ്റംകൊണ്ട പല രാജ്യങ്ങൾക്കും ഇന്നത്തെ ഗതി ഉണ്ടായതും സ്വകാര്യമേഖലയെ മാത്രം പ്രോത്സാഹിപ്പിച്ചതിന്റെ അനന്തര­ഫലമാണെന്നും പറയാം. രാജ്യത്തെ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും വേണ്ടത്ര സുസജ്ജമല്ലാത്ത ആരോഗ്യ സംവിധാനങ്ങൾമൂലം കൂടുതൽ ആളുകൾ മരണത്തിന് കീഴടങ്ങേണ്ടിവന്നത്, അതിർത്തി അടച്ചതിന്റെ ഭാഗമായി മംഗലാപുരത്ത് എത്താൻ ആകാതെ കാസർകോട് അതിർത്തിയിൽ പൊലിഞ്ഞ ജീവനുകളും മറക്കുന്നില്ല. ജീവ സാന്നിധ്യംകൊണ്ട് വേറിട്ടു നിൽക്കുന്ന 4600 ദശലക്ഷം വർഷം വയസ്സുണ്ടെന്ന് കരുതപ്പെടുന്ന ഭൂമിയിൽ ഇതിനു മുൻപും ചില പ്രത്യേക കാലഘട്ടങ്ങളിൽ പ്രത്യേകയിനം ജീവജാലങ്ങൾക്ക് വംശനാശം നേരിട്ടിട്ടുണ്ട്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ഏറെ വികാസം പ്രാപിച്ച ജീവിവർഗ്ഗമായ മനുഷ്യൻ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അനേക ലക്ഷങ്ങൾ വലിയ ഭീതിയിലാണ്.

ഭൂമിയുടെ മാറ് പിളർന്ന് താൻ ഉണ്ടാക്കിയ സമ്പാദ്യമൊന്നും ഇതിനെ ചെറുക്കാൻ മതിയാവില്ല എന്ന യാഥാർത്ഥ്യം അവൻ തിരിച്ചറിയുന്നു. വൈറസിന് രാജ്യാതിർത്തികളോ, രാഷ്ട്രീയമോ, ജാതി മത ചിന്തകളോ, സാമ്പത്തിക വേർതിരിവോ ഒന്നും ബാധകമല്ലെന്ന് ബോധ്യപ്പെടുത്തും വിധം ചെറിയ ദ്വീപ് രാജ്യങ്ങളിൽ ഒഴികെ എല്ലായിടത്തും അത് എത്തിയിരിക്കുന്നു. ഇതിൽ നിന്നും ഒരുപാട് പാഠങ്ങൾ നാം പഠിക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന്നാധാരം ഓസോൺപാളിയും, ഹരിതാലയ വാതകങ്ങളുമാണെന്ന് നമുക്കറിയാം. ഇവ രണ്ടും ഇന്ന് ഭീഷണി ഉയർത്തുന്ന അവസ്ഥയിലാണ്. ഭൂമി തണുത്തുറഞ്ഞ് പോകാതിരിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ ചെറിയൊരു മേലാപ്പുള്ളതുകൊണ്ടാണ്. ഈ ചെറുചൂട് അല്പമൊന്ന് കൂടിയാൽ ഭൂമി ചുട്ടുപഴുക്കും. ഭൂമിയിലെ ജീവവാസത്തിന് യോഗ്യമായ 15 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂട് നിലനിർത്തിപ്പോരുന്നതിന് പ്രധാന കാരണം ഹരിതാലയ വാതകങ്ങൾ തന്നെയായിരുന്നു. എന്നാൽ കാലം പുരോഗമിച്ചപ്പോൾ വികസനത്തിന്റെ പേരിൽ നാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ കാർബൺ ഡയോക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ഓസോൺ ശോഷണത്തിനും കാരണമായി തീർന്നു. ഓ­സോൺ പാളിയില്ലാത്ത ഭൂമിയിൽ ജീവൻ നിലനിൽക്കുക പ്രയാസമായിരിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഉൾപ്പെടെയുള്ള വിഷരശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും. ആഗോള താപനത്തിന്റെ ദുരന്തഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞുമലകളുടെ ഉരുകൽ. കഴിഞ്ഞ 100 വർഷത്തിനിടയിൽ 10 മുതൽ 25 സെന്റി മീറ്റർ വരെ മഞ്ഞുരുകി തീർന്നിരിക്കുന്നു.

2000 ത്തോടെ ഹിമാലയൻ മേഖലകളിൽ 1970 കളിലേതിനേക്കാൾ 15 ശതമാനം മഞ്ഞു മലകൾ കുറഞ്ഞതായാണ് കണക്ക്. 2100 ഓടെ ഈ കുറവ് 50 ശതമാനം ആകും എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. മാലിദ്വീപ് ഉൾപ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളും മഞ്ഞു മലകളാൽ മൂടപ്പെട്ട നേപ്പാൾ പോലുള്ള രാജ്യങ്ങളും സമൂഹ മനഃസാക്ഷി ഉണർത്താൻ ചില പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരം പ്രതിഷേധങ്ങളെ ഒന്നും മുഖവിലക്കെടുക്കാൻ ടൺ കണക്കിന് ഹരിതാലയ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്ന വികസിത രാജ്യങ്ങൾ തയ്യാറാവുന്നില്ല. സമുദ്ര ജലനിരപ്പ് ഉയരുന്നതും കടലിലെ ചൂട് വർദ്ധിക്കുന്നതും നമ്മെ ആശങ്കാകുലരാക്കുന്നു. സമുദ്ര താപനിലയിൽ ഉണ്ടാകുന്ന ചെറിയ വർധനപോലും മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടേയും നിലനിൽപ്പിന് ഭീഷണിയാകുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള അന്തരാഷ്ട്ര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്രജല വിതാനം നേരിയ തോതിൽ ഉയർന്നാൽ പോലും പല ദ്വീപ് രാജ്യങ്ങളും കടലിനടിയിൽ അകപ്പെടും. ഉപദ്വീപായ നമ്മുടെ രാജ്യത്തും വലിയ തോതിലുള്ള കഷ്ട നഷ്ടങ്ങൾ ഉണ്ടാവും. ജീവനും, സ്വത്തിനും ഇതുമൂലമുണ്ടാവുന്ന നഷ്ടങ്ങൾ വിവരണാതീതമായിരിക്കും. ഭൂമിയുടെ ഉപരിതല ചൂട് 2050 ഓടെ മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുമെന്നും, 2080 ആകുമ്പോഴേക്ക് ഇത് 3.5 മുതൽ 5.58 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കുമെന്നും കറന്റ് സയൻസ് മാസികയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് ഗുരുതരമായി ബാധിക്കാൻ പോകുന്നത് കാർഷിക വിളകളേയും മറ്റു ജീവജാലങ്ങളേയുമാണ്. കാർഷിക വിളകളുടെ ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകാൻ രൂക്ഷമായ വരൾച്ച കാരണമായി തീരും. നിലവിൽ ലോകത്ത് പടർന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധി നിയന്ത്രണങ്ങൾക്കുമപ്പുറത്തേക്ക് ഉയരുകയും കൃഷിഭൂമികൾ മരുപ്രദേശങ്ങൾ ആകുകയും ചെയ്യും. രൂക്ഷമാകുന്ന ഭക്ഷ്യ പ്രതിസന്ധി ദാരിദ്ര്യത്തിലേക്കു നയിക്കും. കുടിവെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരക്കംപാച്ചിൽ കൂട്ടക്കലാപമായി പരിണമിക്കുമെന്നതിൽ സംശയമില്ല. ആർത്തി മൂത്ത മനുഷ്യൻ മണ്ണും വിണ്ണും കടലും കായലും കാടും മലയും നദിയും മണലും പാറയും മറ്റു ധാതുക്കളും അതേ പ്രകൃതിവിഭവങ്ങൾ വിറ്റ് തിന്നാനുള്ള മത്സരത്തിലാണ്. നാടിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന കുന്നുകളും മലകളും ഓർമ്മ മാത്രമായി മാറിയിരിക്കുന്നു. കേരളത്തിൽ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ നിത്യസംഭവങ്ങൾ ആയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം അതി തീവ്രമഴയ്ക്കും അതിരൂക്ഷ വരൾച്ചക്കും കാരണമാകുന്നു.

2018 ലും 2019 ലും കേരളത്തിൽ ഉണ്ടായതുപോലുള്ള പ്രളയം 2020 ലും സംഭവിച്ചേക്കാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. സൂര്യതാപ വർധനയും, വരൾച്ചയും വലിയ ഭീഷണി ഉയർത്തുന്നു. നദികൾ വറ്റിവരളുന്നു. ഭൂഗർഭ ജലവിതാനം അപകടകരമാം വിധം താഴ്ന്നിരിക്കുന്നു. ലവണജല അധിനിവേശം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പലതരം പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ പുതിയ പുതിയ പകർച്ചരോഗങ്ങൾ കൂടി രംഗപ്രവേശം ചെയ്തതോടെ മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്നു. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് നമ്മെ പഠിപ്പിച്ച മഹാത്മജിയും, “പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ വരുംതലമുറകളെകൂടി ആലോചിച്ചുകൊണ്ടു വേണം അതു ചെയ്യാൻ, പ്രകൃതി അവർക്കും കൂടി അവകാശപ്പെട്ടതാണെന്ന്” നമ്മെ പഠിപ്പിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കാറൽ മാർക്സും നമുക്ക് നൽകിയ സന്ദേശം വളരെ വലുതാണ്. വ്യാവസായിക വിപ്ലവത്തിലൂടെ വളർന്നുവന്ന മുതലാളിത്തവും കോളനി മേധാവിത്വത്തിലൂടെ ലോകം മുഴുവൻ കാൽകീഴിലാക്കിയ സാമ്രാജ്യത്വവും ലാഭത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിൽ കൊന്നൊടുക്കുന്നത് പ്രകൃതിയേയാണ്. വികസനത്തിന്റെ പേരിൽ ലോകത്താകെ നടക്കുന്ന പേക്കൂത്തുകൾ ചെറു ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ കീശ വീർപ്പിക്കാനുള്ള മാർഗ്ഗം മാത്രമായിരിക്കുന്നു. ഈ കൊറോണ കാലത്തെങ്കിലും മനുഷ്യൻ അത്യാർത്തിക്ക് അവധി നൽകുമെന്ന് പ്രത്യാശിക്കാം. നാം ഒറ്റകെട്ടായി നിന്നാൽ നമുക്ക് പ്രകൃതി ദുരന്തങ്ങളേയും കോവിഡ് 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളേയും ചെറുത്ത് തോൽപ്പിച്ച് അതിജീവിക്കാനാകും. ആയതിന് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കൽപ്പവും ശുചിത്വത്തിലൂന്നിയ ജീവിത രീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൂമിയെ സംരക്ഷിച്ച്, പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ച്, പരിസ്ഥിതിയെ സംരക്ഷിച്ച് നമ്മളെ തന്നെ സംരക്ഷിക്കുന്ന പ്രക്രിയയിൽ നാം ഓരോരുത്തര്‍ക്കും പങ്കുചേരാമെന്ന് ലോക ഭൗമ ദിനത്തിന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.