ലോകം ‘സാമ്പത്തിക ശിശിരത്തിൽ’

Web Desk
Posted on October 25, 2019, 10:10 pm
p a vasudevan

മേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തു. ട്രംപ് അല്ലെങ്കില്‍ മറ്റൊരാള്‍ എന്നതിലധികം വലിയൊരു പ്രശ്നത്തിലാണ് ഈ സൂപ്പര്‍ പവര്‍. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തികവളര്‍ച്ചയുമൊക്കെ, ദരിദ്രരാജ്യങ്ങളുടെ മാത്രം പ്രശ്നമാണെന്ന അവസ്ഥ കഴിഞ്ഞു. ഇന്ന് അമേരിക്കയടക്കമുള്ള വമ്പന്‍മാരുടെയും പ്രശ്നമിതുതന്നെയാണ്. അമേരിക്ക, ചെെന, ജപ്പാന്‍, ഇന്ത്യ, ബ്രിട്ടന്‍, ജര്‍മ്മനി, തുടങ്ങിയ വമ്പന്‍മാരും ഏതാണ്ട് അമ്പതോളം മറ്റു രാജ്യങ്ങളും പ്രതിരോധമില്ലാത്തൊരു സാമ്പത്തിക തളര്‍ച്ചയിലാണ്. പെട്ടെന്നൊരു വഴിയും കാണാനാവുന്നില്ലെന്നതാണ് കൂടുതല്‍ ദുര്‍ഘടമായത്.

ഇതിനൊക്കെ ഒരു കാരണം വേണമല്ലോ. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സംഭവിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി തീര്‍ത്തും അമേരിക്കയുടെ സൃഷ്ടിയായിരുന്നു. സബ് പ്രെെം ക്രെെസിസ് എന്ന ആ വിനാശകരമായ അവസ്ഥ അവരുടെ ആര്‍ത്തിയും ധൂര്‍ത്തും വരുത്തിവച്ച ദുരവസ്ഥയായിരുന്നു. അതില്‍ അവരും ചെന്നുപതിച്ചു. ഇപ്പോഴിതാ വീണ്ടും തത്തുല്യമായൊരവസ്ഥ. ഇതും മനുഷ്യന്റെ അഹങ്കാരവും ആര്‍ത്തിയും വെെരാഗ്യവും സൃഷ്ടിച്ചതാണ്. ഇന്നത്തെ പതനം അമേരിക്ക‑ചെെന വ്യാപാരയുദ്ധത്തിന്റെ സൃഷ്ടിയാണ്. വ്യാപാരയുദ്ധമെന്ന ‘ട്രെയ്ഡ്‌വാര്‍’, മിലിറ്ററി യുദ്ധത്തെക്കാള്‍ ദൂരവ്യാപകമായ ദുരിതം വിതയ്ക്കുന്നതാണ്. യുദ്ധം നിര്‍ത്താന്‍ സാധിക്കുന്നത്ര എളുപ്പത്തില്‍ വ്യാപാരയുദ്ധം നിര്‍ത്താനും പുനരുദ്ധാരണം നടത്താനും സാധിക്കില്ല. ആരാണ് വമ്പന്‍ എന്നതാണ് പ്രശ്നം- ചെെനയോ, അമേരിക്കയോ. അതോടെ ഒളിയമ്പുകളും തെളിയമ്പുകളും തുടങ്ങി. സാമ്പത്തികശാസ്ത്ര പാഠപുസ്തകങ്ങളില്‍ അതിനു പറ്റിയ ദിവ്യാസ്ത്രങ്ങളുണ്ട്. ഒരു ജനതയെ മുഴുവനും നശിപ്പിക്കാന്‍ പോന്ന വിദ്യകള്‍.

ചെെന‑അമേരിക്ക വ്യാപാരയുദ്ധം ലോക സമ്പദ്ഘടനയെ തന്നെ തളര്‍ത്തിക്കഴിഞ്ഞു. രണ്ടുപേര്‍ക്കും നമ്പര്‍ വണ്‍ ആവണം. രണ്ട് രാജ്യങ്ങളും പരസ്പരം ഇറക്കുമതി ചുങ്കങ്ങള്‍ ചുമത്തി, മറുകക്ഷിയുടെ കയറ്റുമതി പരിമിതപ്പെടുത്തുന്നു. മില്യണ്‍ കോടികളുടെ താരിഫുകളാണ്, വിവിധ ഉല്‍പ്പന്നങ്ങളില്‍ ചുമത്തിയത്. അത് മറുപക്ഷത്തിന്റെ കയറ്റുമതി കുറയ്ക്കും. അവിടത്തെ ഉല്‍പ്പാദനം, തൊഴില്‍, ജനങ്ങളുടെ വരുമാനം എന്നിവ കുറയ്ക്കും. അതായത് താരിഫ് യുദ്ധം ലോക വികസനത്തോടൊപ്പം കുടുംബങ്ങളില്‍ ദുരിതവും ഉണ്ടാക്കി, ഗാര്‍ഹികാരോഗ്യം തകര്‍ക്കും. ഇത് അനുഭവപ്പെട്ടുതുടങ്ങി. മാന്ദ്യത്തില്‍ നിന്ന് പിന്നോട്ട് പോക്കും തകര്‍ച്ചയും സംഭവിക്കും. അത്തരമൊരു സാധ്യത വിദൂരമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞുകഴിഞ്ഞു. ആഗോള വ്യാപാരം 2019ല്‍ 1.2 ശതമാനമാണ് പ്രവചിക്കപ്പെട്ടത്. 2009ലെ വന്‍ തകര്‍ച്ചയില്‍ അത് മെെനസ് 13 ശതമാനമായിരുന്നു. ലോക വ്യാപാരസംഘടന ശക്തമായ താക്കീത് നല്‍കിക്കഴിഞ്ഞു. ഇക്കണക്കിന് തൊഴില്‍, ഉപജീവനം എന്നിവയില്‍ ഇനിയും ഗുരുതരമായ പതനമുണ്ടാവുമെന്നും അതിന്റെ ഫലം പ്രവചനാതീതമാവുമെന്നും ഈ സംഘടനയുടെ പഠനം പറഞ്ഞുകഴിഞ്ഞു.

ചെെനയും അമേരിക്കയും പരസ്പരം മത്സരിച്ച് താരിഫ് പ്രയോഗങ്ങള്‍ തുടങ്ങിയിട്ട് കുറച്ചായി. ഇത് ഉപഭോക്താക്കളുടെ ചെലവ് വര്‍ധിപ്പിക്കും, ഡിമാന്റ് കുറയ്ക്കും, ആവഴി നിക്ഷേപവും കുറയ്ക്കും. അതായത് ഉല്‍പ്പാദനവും ഉപഭോഗവും, നിക്ഷേപവും, തൊഴിലും, വരുമാനവും, കുറയ്ക്കുക എന്ന തുടര്‍ ഫലങ്ങള്‍ സംഭവിക്കുന്നതോടെ മാന്ദ്യം, അഥവാ ഒരുതരം ‘സാമ്പത്തിക ശെെത്യം’ സംഭവിക്കുന്നു. ഏതു പേരില്‍ വിളിച്ചാലും ഇതാണ് അവസ്ഥ. ബ്രെക്സിറ്റിന്റെ ആശങ്കയില്‍ ബ്രിട്ടന്‍ ഭയത്തിലും, അനിശ്ചിതത്വത്തിലുമാണ്. ഇപ്പോള്‍ത്തന്നെ അവിടെ കനത്ത തൊഴിലില്ലായ്മ, വരുമാനത്തകര്‍ച്ച, വ്യാപാരമാന്ദ്യം എന്നിവ നിലനില്‍ക്കുന്നുണ്ട്. അത് ലഘൂകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നില്ല. ‘ഓക്സ്ഫെഡ് ഇക്കണോമിക്സി‘ലെ ആഗോള സാമ്പത്തിക പ്രവചന വിദഗ്ധര്‍, വെെകാതെ വരാന്‍ പോവുന്ന, ഇനിയും മോശമാവുന്ന അവസ്ഥയെക്കുറിച്ചാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയില്‍ വന്‍തോതില്‍ പണം ട്രഷറി ബോണ്ടുകളിലേക്ക് മാറ്റപ്പെട്ടത്, നിക്ഷേപത്തില്‍ ഇനിയും വരാവുന്ന കുറവാണ് സൂചിപ്പിക്കുന്നത്. ലാഭത്തെക്കാള്‍, സുരക്ഷിതത്വമാണ് അവര്‍ കാംക്ഷിക്കുന്നത്. ക്രൂഡോയിലിന്റെ വില കുറഞ്ഞു. പ്രധാന കാരണം, കുറയുന്ന വാണിജ്യ പ്രവര്‍ത്തനങ്ങളാണ്. അത്തരം ഘട്ടത്തില്‍ ക്രൂഡോയിലിന്റെ ചോദനം കുറയും, തുടര്‍ന്ന് വിലയും. അമേരിക്കന്‍ ഡോളറിന്റെ മൂല്യം മറ്റു കറന്‍സികളുമായുള്ള താരതമ്യത്തില്‍ വര്‍ധിച്ചതും അവിടെ സങ്കീര്‍ണ പ്രശ്നങ്ങളുണ്ടാക്കുന്നു. വിനിമയത്തില്‍ ഡോളര്‍ മൂല്യമുയര്‍ന്നാല്‍, ലോക വിപണിയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. ഉപഭോക്താക്കള്‍ക്ക് അവ വാങ്ങുന്നത് ചെലവേറിയ കാര്യമാവും. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള ഡിമാന്റ് കുറയും. പിന്നെ അമേരിക്കയില്‍ നിക്ഷേപം, ഉല്‍പ്പാദനം, തുടര്‍ന്ന് തൊഴില്‍ വരുമാനം എന്നിവ കുറയും. അമേരിക്കന്‍ ‘ഇക്കണോമിക്ക് വിന്റെര്‍ ഭീഷണി ഇങ്ങനെയാണുണ്ടാവുന്നത്. ട്രംപ് ഇക്കാര്യത്തില്‍ അതീവ പരിഭ്രാന്തനാണ്. അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പോടുകൂടിയാവുമ്പോള്‍, പരിഭ്രാന്തി കൂടും. വിപണി ശോഷിച്ച് തടയാന്‍ ഫെഡറല്‍ റിസര്‍വ് നടത്തുന്ന നടപടികളില്‍ ട്രംപ് തൃപ്തനല്ല.

സെന്‍ട്രല്‍ ബാങ്ക്, ട്രംപ് ആവശ്യപ്പെടുന്നത്ര പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ഈ വര്‍ഷം രണ്ടുതവണ പലിശനിരക്ക് കുറച്ചെങ്കിലും അതിന്റെ ഫലങ്ങള്‍ വിപണിയില്‍ പ്രകടമാവാത്തതിലും പ്രസിഡന്റിന് രോഷമുണ്ട്.

വ്യാപാരയുദ്ധം അതിന്റെ മറ്റൊരു വശമാവുന്നു. ചെെനയില്‍ നിന്നുള്ള 112 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് താരിഫ് ചുമത്തി. ചെെന പ്രതികാരമായി 75 ബില്യണ്‍ ഡോളറിന്റെ ചുങ്കം അമേരിക്കന്‍ ഇറക്കുമതിക്കുമേല്‍ ചുമത്തി. ഇനിയും 550 ബില്യണ്‍ ഡോളര്‍ താരിഫ് ചെെനീസ് ഉല്‍പ്പ‍ന്നങ്ങള്‍ക്കുമേല്‍ ചുമത്തുമെന്ന് ട്രംപ്. ചെെന ഉടനെ പകരം വീട്ടും. അതാണ് രാഷ്ട്രീയത്തിന്റെ ധനശാസ്ത്രം. ഇതെത്ര ദൂരം പോവുമെന്നറിയില്ല. എന്താണീ താരിഫ് യുദ്ധത്തിന്റെ സിദ്ധാന്തം. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ഇറക്കുമതിക്കുമേല്‍ താരിഫ് ചുമത്തി ആ ഉല്‍പ്പന്നം ഇറക്കുമതിരാജ്യത്ത് കൂടിയ വിലയ്ക്കാവും എത്തുക. അതായത് ഇറക്കുമതി രാജ്യത്തുണ്ടാക്കുന്ന അതേ ഉല്‍പ്പന്നത്തെക്കാള്‍ കൂടിയ വിലയാവുമ്പോള്‍, ഉപഭോക്താക്കാള്‍ സ്വദേശീയ സാധനങ്ങളാവും വാങ്ങുക. അതായത് അവരുടെ കയറ്റുമതി കുറയും. ഫലത്തില്‍ താരിഫ് ചുമത്തിയ രാജ്യത്തെ ഉല്‍പ്പന്ന ഉപഭോഗവും ഉല്‍പ്പാദനവും കൂടും. ഇതാണ് താരിഫ് യുദ്ധത്തിന്റെ ധനശാസ്ത്രം.

ഈ രണ്ടു രാജ്യങ്ങള്‍ക്കും തല്‍ക്കാലം ഗുണമുണ്ടാവുമെങ്കിലും ആഗോളവിപണി ചുരുങ്ങും. ചെറിയ രാജ്യങ്ങളിലെ ഡിമാന്റും നിക്ഷേപവും തൊഴിലും കുറയും. ആഗോളവിപണി ശോഷിച്ചാല്‍ വരുന്നതാണ് മാന്ദ്യം. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഈ പ്രക്രിയ 2018 ആരംഭത്തിലെ തുടങ്ങിയിട്ടുണ്ട്. ഫാക്ടറി ഓര്‍ഡര്‍ കുറഞ്ഞാല്‍ വന്‍തോതില്‍ തൊഴില്‍ കുറയും. കുറഞ്ഞു. അമേരിക്കയിലെ 75 ശതമാനം വ്യാപാരവും ഉപഭോക്താക്കളാണ് നിയന്ത്രിക്കുന്നതെന്നോര്‍ക്കുക. ചെെന വ്യാപാരം കുറച്ചതോടെ ജപ്പാന്‍, ഇന്ത്യ, സൗത്ത് കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളും മാന്ദ്യം അനുഭവിച്ചുതുടങ്ങി. അമേരിക്കയിലേക്കുള്ള കയറ്റുമതി, താരിഫ് കാരണം കുറഞ്ഞതോടെ ജര്‍മ്മനിയില്‍ നിന്നുള്ള മെഷനെറിയുടെ പര്‍ച്ചേസ് വന്‍തോതിൽ കുറച്ചു. ഇതോടെ ശക്തരായ ജര്‍മ്മനിയും മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. അതിന്റെ ഫലങ്ങള്‍ യൂറോപ്പ് മുഴുവനും പടര്‍ന്നു. ജര്‍മ്മന്‍ കമ്പനികളുടെ ഉല്‍പ്പാദനവും കയറ്റുമതിയും കുറഞ്ഞതോടെ അവിടത്തെ തൊഴിലവസരങ്ങളും ഉപഭോക്തൃ ചെലവഴിക്കലും വല്ലാതെ കുറഞ്ഞു. ജര്‍മ്മനിയും മാന്ദ്യത്തിലെത്തി. ബ്രിട്ടന്റെ സമ്പദ്ഘടനയും ‘സ്ലോഡൗ­ണി‘ലാണ്. നിക്ഷേപങ്ങള്‍ വളരെ കുറഞ്ഞതോടെ ഉല്‍പ്പാദനവും ജോലിയും കുറഞ്ഞു. പോരാത്തതിന് അവിടെ ശക്തമായ ‘ബ്രെക്സിറ്റ്’ പ്രശ്നങ്ങളും ഉണ്ട്.

ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. 2008ല്‍ ആഗോളമാന്ദ്യമുണ്ടായിട്ടും പിടിച്ചുനിന്ന ഇന്ത്യ സകല മേഖലകളിലും തകര്‍ച്ചയിലാണ്. അത് മറ്റൊരു വിശദപഠനം വേണ്ടതിനാല്‍ തല്‍ക്കാലം മാറ്റിനിര്‍ത്തുന്നു. ഇനിയും ആഗോള സാമ്പത്തിക ‘ശെെത്യ’മുണ്ടായാല്‍ പുറത്തുവരാന്‍ വളരെ ബുദ്ധിമുട്ടാവും. വ്യക്തികളുടെ സ്വാര്‍ത്ഥം ലോകത്തെ ഉറക്കിക്കിടത്തുന്നതിനു മുമ്പ് ചെറിയ രാജ്യങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ട്. കാരണം ആഗോള നിലനില്‍പ്പില്‍ നമ്മളും ഉണ്ടല്ലോ.