Friday
22 Feb 2019

ലോകാരാധ്യനായ മഹാന്‍

By: Web Desk | Friday 21 September 2018 9:30 AM IST

 ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍

സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും കവിയുമായിരുന്ന ശ്രീനാരായണ ഗുരുദേവന്‍ 1856 ഓഗസ്റ്റ് 20-ാം തീയതി ജനിക്കുകയും 1928 സെപ്തംബര്‍ 20-ാം തീയതി സമാധിയാകുകയും ചെയ്തു. (അദ്ദേഹത്തിന്റെ ജനനവര്‍ഷത്തെ സംബന്ധിച്ച് ചില തര്‍ക്കങ്ങളുണ്ട്. 1854, 1855, 1856 എന്നീ വര്‍ഷങ്ങള്‍ പറയാറുണ്ടെങ്കിലും 1855 ആണ് ശിവഗിരി മഠം അംഗീകരിച്ചിട്ടുള്ളത്). ഈഴവസമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ മേധാവിത്വത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. കേരളത്തിലെ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനിയായ സാമൂഹിക പരിഷര്‍ത്താവാണ് ശ്രീനാരായണഗുരു. അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക – ഉച്ചനീചത്വങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. ബ്രാഹ്മണരേയും മറ്റ് സവര്‍ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനുപകരം ഗുരുദേവന്‍ വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണരുടെ ഉന്നമനത്തിനുവേണ്ടി യത്‌നിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം. സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഡോ. പല്‍പ്പുവിന്റെ പ്രേരണയുടെ ഫലമായി അദ്ദേഹം 1903ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്എന്‍ഡിപി) സ്ഥാപിച്ചു. ”മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം.
ജനനം, ബാല്യം, വിദ്യാഭ്യാസം
തിരുവനന്തപുരത്തെ ശ്രീകാര്യത്തിനടുത്ത് ചെമ്പഴന്തിയിലെ മണയ്ക്കല്‍ ക്ഷേത്രത്തിനു അല്‍പം വടക്കുവശത്താണ് ശ്രീനാരായണ ഗുരുദേവന്‍ ജനിച്ച വയല്‍വാരം വീട് സ്ഥിതിചെയ്യുന്നത്. ഒരേക്കറോളം വിസ്തീര്‍ണമുള്ള സ്ഥലത്തിന്റെ മധ്യഭാഗത്ത് കിഴക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മൂന്നുമുറികളുള്ള ആ വീടിന് ഏതാണ്ട് 300 വര്‍ഷം പഴക്കമുണ്ട്. വയല്‍വാരം വീട്ടുകാര്‍ക്ക് ഇലഞ്ഞിക്കല്‍ എന്ന ഒരു തായ്‌വഴിയും ഉണ്ട്. കൊല്ലവര്‍ഷം 1032 ചിങ്ങമാസം ‘ചതയം’ നക്ഷത്രത്തിലാണ് ഗുരുദേവന്‍ ജനിച്ചത്. പിതാവ് അധ്യാപകനായിരുന്നു, പേര് മാടനാശാന്‍. അമ്മ കുട്ടിയമ്മ. തേവിയമ്മ, കൊച്ചു,മാതു എന്ന് മൂന്ന് സഹോദരിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
മണയ്ക്കല്‍ ക്ഷേത്രത്തിനു കിഴക്കുതാമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു അദ്ദേഹത്തിനെ എഴുത്തിനിരുത്തിയത്. എട്ടുവീട്ടില്‍ മൂത്തപിള്ളയില്‍ നിന്ന് അദ്ദേഹം സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ കൃതികളിലും പ്രാവീണ്യം നേടി. കൂടാതെ തമിഴ്, സംസ്‌കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം ആര്‍ജ്ജിച്ചു. ചൊല്ലിക്കൊടുക്കുന്നത് ഉടനുടന്‍ ഗ്രഹിച്ച അദ്ദേഹത്തിന്റെ അസാധാരണമായ ഓര്‍മ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞത് അദ്ദേഹം ‘ലോകാരാധ്യനായ മഹാനാകും’ എന്നാണ്. പിതാവില്‍ നിന്നും അമ്മാവനില്‍ നിന്നും അദ്ദേഹം വൈദ്യവും ജ്യോതിഷവും ഹൃദിസ്ഥമാക്കി. അതിനുശേഷം ഉപരിപഠനത്തിനായി കായംകുളത്തുള്ള രാമന്‍പിള്ള ആശാന്റെ മുന്നില്‍ പിതാവും അമ്മാവനും കൂടി കൊണ്ടെത്തിച്ചു. രാമന്‍പിള്ള ആശാന്‍ രഘുവംശത്തിലെ ഈരണ്ട് ശ്ലോകം ദിവസവും പഠിപ്പിച്ചപ്പോള്‍ ഗുരുദേവന് തൃപ്തിവന്നില്ല. അതിനാല്‍ അദ്ദേഹം മേഘസന്ദേശം, ശാകുന്തളം എന്നിവ കാലേക്കൂട്ടി പഠനം നടത്തുകയും രാമന്‍പിള്ള ആശാന്‍ ഇവ പഠിപ്പിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ഗുരുദേവന്‍ ഇവ ഗ്രഹിച്ചുകഴിഞ്ഞുവെന്ന് ആശാന് മനസിലാകുകയും ചെയ്തു. ആശാന്‍ അദ്ദേഹത്തെ പാഠശാല ചട്ടമ്പി (നേതാവ്)യാക്കുകയും ചെയ്തു. സഹപാഠികളുടെ സംശയങ്ങള്‍ ദുരീകരിക്കുക അദ്ദേഹത്തിന്റെ ഇഷ്ടജോലിയായി തീര്‍ന്നു. അലങ്കാരം, തര്‍ക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേയ്ക്ക് അധ്യയനം തുടങ്ങിയപ്പോഴും അദ്ദേഹത്തിന് വളരെ വേഗം പഠിച്ചുതീര്‍ക്കുവാന്‍ സാധിച്ചു.
യൗവ്വനകാലം
സഹോദരിമാരുടെ നിര്‍ബന്ധത്തിനുവഴങ്ങി പിതാവിന്റെ ഭാഗിനേയിയെ അദ്ദേഹത്തിന് വിവാഹം കഴിക്കേണ്ടിവന്നു. സഹോദരിമാര്‍തന്നെ പോയി അദ്ദേഹത്തിനുവേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയുംകൂട്ടി വീട്ടില്‍ തിരിച്ചെത്തുന്നതിനുമുമ്പേ അദ്ദേഹം നാടുവിട്ടുപോയി. ഭാര്യാഭര്‍ത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ലായെന്നതുകൊണ്ടുതന്നെ ആ ബന്ധം താമസിയാതെ ഒഴിഞ്ഞുപോയി. അദ്ദേഹം വീടുവിട്ടിറങ്ങി നേരെ പോയത് അഗസ്ത്യകൂടം മലയിലേയ്ക്കാണ്. മലയിലെ കൊടുംകാട്ടില്‍ ഇരുന്നും നടന്നും വിശ്രമിച്ചു. കുറെക്കാലം കഴിച്ചുകൂട്ടിയശേഷം കോട്ടാര്‍ മലയിലെത്തി. കുറച്ചുകാലത്തിനുശേഷം വീട്ടുകാരുടെ നിര്‍ബന്ധംമൂലം 1885 ല്‍ പിതാവ് മരിച്ചതിനുശേഷം ഗ്രാമങ്ങളില്‍ നിത്യസഞ്ചാരം ആരംഭിച്ചു. അപ്പോഴേയ്ക്കും കടല്‍ത്തീരത്തും മലകളിലും പോയിരുന്ന് ധ്യാനം നടത്തുക പതിവായി. അതിനുശേഷം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ആത്മമിത്രമായി തീര്‍ന്ന ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടു. ചട്ടമ്പിസ്വാമികള്‍ തൈക്കാട് അയ്യാവ് എന്ന യോഗിയെ ഗുരുദേവനെ പരിചയപ്പെടുത്തി. അയ്യാവിന്റെ കീഴില്‍ അദ്ദേഹം ഹഠയോഗം മുതലായ വിദ്യകള്‍ അഭ്യസിച്ചു. തുടര്‍ന്ന് അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലും രണ്ട് പഠനകളരികള്‍ ആരംഭിച്ചു. ഈ കാലഘട്ടത്തില്‍ ക്രിസ്ത്യാനി യുവാക്കളുടെയും നായര്‍ യുവാക്കളുടെയും പുലയസമുദായക്കാരുടെയും ധാരാളം സൗഹൃദവും പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് പലയിടങ്ങളിലും പലരുടെയും മാറാരോഗങ്ങള്‍ ഭേദമാക്കുകയും പല അത്ഭുതപ്രവൃത്തികള്‍ ചെയ്തതായും മരുത്വാമലയില്‍ തപസ് ചെയ്തതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
സന്യാസത്തിലേയ്ക്ക്
അദ്ദേഹം എന്നാണ് സന്യാസം ആരംഭിച്ചതെന്ന് കൃത്യമായി രേഖകളില്ല. മരുത്വാമലയിലാണ് അദ്ദേഹം സന്യസിച്ചതും അവിടെ നിന്ന് ജ്ഞാനം ലഭിച്ചതായും കരുതപ്പെടുന്നു. 1888 ല്‍ അരുവിപ്പുറത്ത് അദ്ദേഹം എത്തുകയും അവിടത്തെ പ്രകൃതിരമണീയതയില്‍ ആകൃഷ്ടനാകുകയും ആ വര്‍ഷത്തെ ശിവരാത്രി ദിനത്തില്‍ അവിടെ ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.
1904ല്‍ ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയില്‍ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വര്‍ക്കലയില്‍ ഒരു സംസ്‌കൃതവിദ്യാലയം സ്ഥാപിച്ചു. തുടര്‍ന്ന് തൃശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ അമ്പലങ്ങള്‍ നിര്‍മ്മിച്ചു. 1912ല്‍ ശിവഗിരിയില്‍ ഒരു ശാരദാദേവി ക്ഷേത്രവും നിര്‍മ്മിച്ചു. 1913ല്‍ ആലുവയില്‍ അദൈ്വത ആശ്രമം സ്ഥാപിച്ചു. ”ഓം സാഹോദര്യം സര്‍വത്ര” എന്ന തത്വത്തില്‍ അധിഷ്ഠിതമായിരുന്നു അദൈ്വത ആശ്രമം. ചുരുക്കത്തില്‍ ‘ദൈവത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. 1918 – 1923 കാലഘട്ടങ്ങളില്‍ അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിച്ചു. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അതില്‍ ശ്രദ്ധേയനായിരുന്നു നടരാജഗുരു. അദ്ദേഹമാണ് 1923ല്‍ ശ്രീനാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
ഗുരുദര്‍ശനങ്ങള്‍…..ജാതി സങ്കല്‍പ്പങ്ങള്‍
ജാതി സങ്കല്‍പ്പത്തെക്കുറിച്ച് ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിന് ഉണ്ടായിരുന്നത്. ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചില്ല. ജാതിലക്ഷണം, ജാതിനിര്‍ണയം എന്നീ കൃതികളില്‍ അദ്ദേഹം ജാതി സങ്കല്‍പ്പത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരുദേവന്‍ അനുശാസിച്ചത്. അദ്ദേഹത്തിന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ‘ആത്മോപദേശ ശതകം’ എന്ന ഗ്രന്ഥത്തില്‍ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.
ദൈവസങ്കല്‍പം
ഗുരുദേവന്‍ ശങ്കരാചാര്യരുടെ നേരനുയായി ആയിരുന്നു എന്നുപറയാം. അദൈ്വത സിദ്ധാന്തത്തില്‍ ആത്മാവാണ് പരമപ്രധാനം, ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല. ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് അനുശാസിച്ചത് ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച്, സാക്ഷാല്‍ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത്. ‘വസുധൈവകുടുംബകം’ എന്ന വിശാല കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ കാലികപ്രാധാന്യമുള്ളതാണ്. വര്‍ത്തമാനകാലഘട്ടത്തിലെ ഭീതിജനകമായ പ്രകൃതിദുരന്ത സാഹചര്യങ്ങള്‍ സമചിത്തതയോടും സംയമനത്തോടും കൈകാര്യം ചെയ്യണമെങ്കില്‍ ജാതീയമോ സാമുദായികമോ മതപരമോ സാമ്പത്തികമോ ആയ അതിര്‍വരുമ്പുകളെ തച്ചുടച്ചേ തീരു.