ലോക ഭക്ഷ്യദിനം- ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്ന കേരള മാതൃക

Web Desk
Posted on October 15, 2019, 10:48 pm

കെ ദിലീപ്

1945 ഒക്ടോബർ 16ന് ഐക്യരാഷ്ട്രസഭ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ഓരോ വർഷവും ലോക ഭക്ഷ്യദിനം കടന്നുവരുന്നത്. പക്ഷെ, 1979 ലാണ് ഈ ദിവസം ലോക ഭക്ഷ്യദിനമായി ആഘോഷിക്കാനുള്ള തീരുമാനം എഫ്എഒയുടെ സമ്മേളനം കൈക്കൊണ്ടത്. ഹംഗറിയിൽ നിന്ന് ഡോ. പാൽറൊമാനിയുടെ നേതൃത്വത്തിലെത്തിയ പ്രതിനിധിസംഘത്തിന്റെ പ്രമേയം അടിസ്ഥനമാക്കി ലോകത്തിന്റെ മുന്നിൽ രണ്ടു ഭാഗം ജനതയെയും ഗ്രസിച്ചിരിക്കുന്ന ദാരിദ്ര്യത്തെയും വിശപ്പിനെയും കുറിച്ച് ലോക രാഷ്ട്രങ്ങളെ ബോധവാൻമാരാക്കുക എന്നതായിരുന്നു ലക്ഷ്യം. ഓരോ വർഷവും ലോക ഭക്ഷ്യദിനത്തിന് ആ വര്‍ഷത്തെ ഒരു പുതിയ ലക്ഷ്യം എഫ്എഒ പ്രഖ്യാപിക്കാറുണ്ട്. 1981 ൽ ഭക്ഷണമാണ് ആദ്യം എന്ന പ്രഖ്യാപനത്തിൽ തുടങ്ങി 2018 ൽ നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി 2030നകം ലോകത്ത് പട്ടിണി നിർമാർജ്ജനം ചെയ്യുക എന്ന പ്രവചന സ്വഭാവമുള്ള പ്രഖ്യാപനത്തിലെത്തി നിൽക്കുന്നു. ഈ വർഷം വിശപ്പുരഹിത ലോകത്തിനായുള്ള ആരോഗ്യകരമായ ഭക്ഷണം എന്നതാണ് ലക്ഷ്യമിടുന്നത്.

ഈ ലക്ഷ്യത്തിന് ഇന്നത്തെ ലോകത്ത് സവിശേഷമായ ഒരു പ്രസക്തിയുണ്ട്. ഈ കഴി‍ഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ലോക വ്യാപകമായി തന്നെ മനുഷ്യരുടെ ഭക്ഷണ ശീലങ്ങളിൽ വലിയ മാറ്റം വന്നു. മനുഷ്യർ അതാത് ഋതുക്കളിൽ ലഭ്യമാവുന്ന വിവിധ പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളും മത്സ്യമാംസാദികളും ഭക്ഷിക്കുന്ന സ്വഭാവത്തിൽ നിന്ന് സംസ്കരിച്ച ഭക്ഷ്യപദാർഥങ്ങൾ, ധാരാളം പൂരിത അന്നജങ്ങളും കൊഴുപ്പും പഞ്ചസാരയുമൊക്കെ വലിയതോതിൽ ചേർത്ത ഫാസ്റ്റ്ഫുഡ്, ജങ്ക് ഫുഡ് എന്നൊക്കെ വിളിക്കപ്പെടുന്ന അനാരോഗ്യകരമായ ഭക്ഷണം സ്ഥിരമായി കഴിക്കുന്ന രീതിയിലേയ്ക്ക് ലോകമാകെ തന്നെയുള്ള മനുഷ്യർ മാറിക്കഴിഞ്ഞു. ഈ മാറ്റം ലോക ജനതയിൽ മറ്റൊരു വിരോധാഭാസത്തിനും കാരണമായി വികസിത, വികസ്വര രാഷ്ട്രങ്ങളിലാകെ തന്നെ പൊണ്ണത്തടിയന്മാരെയും ഭക്ഷണമില്ലാതെ മെലിഞ്ഞ് വയറൊട്ടിയ പട്ടിണി പാവങ്ങളെയും ഒരുമിച്ച് കാണുവാൻ തുടങ്ങി. ജങ്ക് ഫുഡ് കഴിച്ച് പൊണ്ണത്തടിയന്മാരായ 700 മില്യൺ പ്രായപൂർത്തിയായവരും 160 മില്യൺ കുട്ടികളും. അതേസമയം തന്നെ പട്ടിണികൊണ്ട് മെലിഞ്ഞൊട്ടിയ 820 മില്യൺ ജനങ്ങളും ഈ ലോകത്ത് ഒരുമിച്ച് കഴിയുന്നു. അമിത ഭക്ഷണവും ദാരിദ്ര്യവും ഒരുപോലെ മനുഷ്യന്റെ ആരോഗ്യം കാർന്നുതിന്നുന്നു. അനാരോഗ്യകരമായ ഭക്ഷണം മൂലമുണ്ടാവുന്ന ജീവിതശൈലി രോഗങ്ങൾ, ഹൃദ്രോഗം, ചിലതരം ക്യാൻസർ, പ്രമേഹം തുടങ്ങിയവ ഒരു ഭാഗത്തും പട്ടിണിമൂലമുള്ള മാരകമായ പോഷകാഹാര കുറവ് കാരണമുള്ള രോഗങ്ങൾ മറുഭാഗത്തും. ലോക രാഷ്ട്രങ്ങൾ ആരോഗ്യ പരിപാലനത്തിനായി മാത്രം മാറ്റിവച്ചിരിക്കുന്ന ബജറ്റ് തുക രണ്ട് ട്രില്യൺ അമേരിക്കൻ ഡോളറാണ്. ഈ സാഹചര്യമാണ് ലോക ഭക്ഷ്യ‑കാർഷിക സംഘടനയുയർത്തുന്ന വിശപ്പുരഹിത ലോകത്തിനായുള്ള ആരോഗ്യകരമായ ഭക്ഷണം എന്ന ലക്ഷ്യത്തെ ഇന്ന് പ്രസക്തമാക്കുന്നത്, ഒന്നുകിൽ അനാരോഗ്യകരമായ ഭക്ഷണം അല്ലെങ്കിൽ പട്ടിണി എന്ന അവസ്ഥയിൽ നിന്നും വിശപ്പുരഹിത ലോകത്തിനായുള്ള ആരോഗ്യകരമായ ഭക്ഷണം എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനമാണ്.

നിരന്തരമായി പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരെയുള്ള പ്രവർത്തനങ്ങൾ ലോകമെമ്പാടും ഏകോപിപ്പിക്കുന്നതിൽ ഐക്യരാഷ്ട്ര സംഘടന പ്രധാനമായ പങ്കു വഹിക്കുന്നു. ആഭ്യന്തര യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളുമൊക്കെ വിവിധ കാലഘട്ടങ്ങളിൽ മിക്കവാറുമെല്ലാ വികസ്വര രാജ്യങ്ങളിലും പട്ടിണി സൃഷ്ടിച്ചിട്ടുണ്ട്. യു എൻ ഏജൻസികൾ ഇത്തരം പ്രദേശങ്ങളിൽ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ നിന്ന് ഒരു പടികൂടി ഉയർന്ന് കഠിനമായ ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ഈ നൂറ്റാണ്ടിലെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കുവാനും ഭക്ഷണം ആരും നൽകുന്ന ഔദാര്യമല്ല മനുഷ്യന്റെ അവകാശമാണ് എന്ന നിലയിൽ നിയമനിർമ്മാണം നടത്തേണ്ടതിന്റെ ആവശ്യകത ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുവാനും ഐക്യരാഷ്ട്രസംഘടനയ്ക്ക് സാധിച്ചു. സാർവ ലൗകിക മനുഷ്യാവകാശ പ്രഖ്യാപനം, സാമ്പത്തിക സാമൂഹ്യ‑സാംസ്കാരിക അവകാശങ്ങളെ സംബന്ധിച്ച ഇന്ത്യയും പങ്കാളിയായ അന്തർദേശീയ ഉടമ്പടി ഇവയെല്ലാം അംഗരാഷ്ട്രങ്ങൾ ഭക്ഷണം ഒരു പൗരന്റെ അവകാശമായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയിലെ 47-ാം അനുച്ഛേദത്തിൽ ജനങ്ങളുടെ പോഷകാഹാര നിലവാരം, ജീവിത നിലവാരം, പൊതു ആരോഗ്യം ഇവ ഉയർത്തുക എന്നത് രാഷ്ട്രത്തിന്റെ പ്രാഥമിക കർത്തവ്യങ്ങളിൽ ഒന്നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൗരന്റെ അവകാശമാണ് എന്ന അവബോധം വളരുവാൻ ഇവയെല്ലാം കാരണമായി. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ 2011 ഡിസംബർ 22ന് ഇന്ത്യൻ പാർലമെന്റിൽ ഭക്ഷ്യഭദ്രത ബിൽ അവതരിപ്പിക്കുന്നതിൽ എത്തിച്ചേർന്നു. ഇന്ത്യയിലെ പൗരന്മാർക്ക് ഭക്ഷ്യ, പോഷക ഭദ്രത ഉറപ്പുവരുത്തുന്ന, ദരിദ്രരിൽ ദരിദ്രരായവർക്ക് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്ന, സൗജന്യ ഭക്ഷ്യധാന്യം ലഭിക്കാതിരുന്നാൽ അർഹരായ പൗരന്മാർക്ക് പകരം പണം നൽകാൻ വ്യവസ്ഥ ചെയ്യുന്ന, സ്ത്രീകൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും പതിനാലു വയസുവരെയുള്ള കുട്ടികൾക്കും അങ്കണവാടികളിലൂടെ പോഷകാഹാരം ഉറപ്പുവരുത്തുന്നു. ഈ നിയമം 2013 സെപ്റ്റംബർ 10ന് ഇന്ത്യയിൽ നിലവിൽ വന്നു. തികച്ചും ജനപക്ഷത്ത് നിന്ന് രൂപം കൊടുത്തതാണ് ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം സൗജന്യമായി  ഭക്ഷ്യധാന്യത്തിന് അർഹതയുള്ള വിഭാഗത്തിൽപ്പെട്ട പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനായി വകുപ്പുതലത്തിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനവും സംസ്ഥാനതലത്തിൽ ഭക്ഷ്യ കമ്മിഷന്റെ രൂപീകരണവും നിർദേശിക്കുന്നു. കേരളം ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിൽ വലിയ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ്. ജില്ലാതലത്തിൽ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചും സംസ്ഥാന ഭക്ഷ്യകമ്മിഷന് രൂപം നൽകിയും പൗരന്റെ ഭക്ഷ്യാവകാശത്തിന് പരിരക്ഷ ഉറപ്പാക്കുകയും അതിലുപരി ന്യായവില ഷോപ്പുകളിൽ ഇ‑പോസ് മെഷീനുകൾ സ്ഥാപിച്ചും ഇടത്തട്ടുകാരെ ഒഴിവാക്കി വാതിൽപ്പടി വിതരണ സമ്പ്രദായം നടപ്പിലാക്കിയും അർഹരായവർക്ക് കൃത്യമായി റേഷൻ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. ഏതാണ്ട് 90 ശതമാനം വിദ്യാർഥികളും ഉയർന്ന ക്ലാസുകളിൽ പഠിക്കുന്നവരടക്കം സ്കൂളുകളിൽ നിന്നാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്. അങ്കണവാടികളിലൂടെ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മറ്റും ലഭ്യമാവുന്ന പോഷകാഹാര പദ്ധതികൾ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. പൊതുവിതരണം, വനിത ശിശുക്ഷേമം, വിദ്യാഭ്യാസം, പട്ടികവർഗം തുടങ്ങിയ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ കേരളത്തിൽ വലിയ ഒരു പരിധിവരെ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന പൗരന്മാരുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നു. ഭക്ഷ്യഭദ്രത നിയമം 16-ാം വകുപ്പിൽ വിഭാവനം ചെയ്തിട്ടുള്ള പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനും കാലാകാലങ്ങളിൽ സർക്കാരിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി അർദ്ധ ജുഡീഷ്യൽ അധികാരത്തോടെ രൂപീകരിച്ച സംസ്ഥാന ഭക്ഷ്യ കമ്മിഷൻ പൊതുവിതരണ സമ്പ്രദായത്തിന്റെ സുതാര്യതയും ഉറപ്പുവരുത്തുന്നു. കേരളത്തിലെ ഏത് ന്യായവില ഷോപ്പിൽ നിന്നും ഒരു പൗരന് അർഹമായ ഭക്ഷ്യധാന്യം വാങ്ങുവാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യയിൽ പൗരന്റെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിലും കേരളം മാതൃകയാണ്.