10 October 2024, Thursday
KSFE Galaxy Chits Banner 2

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അംഗങ്ങള്‍ 2020‑ല്‍ പ്രാദേശിക സമ്പദ്ഘടനകള്‍ക്കു നല്‍കിയത് 38 ബില്യണ്‍ ഡോളര്‍

Janayugom Webdesk
കൊച്ചി
November 30, 2021 4:05 pm

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അംഗങ്ങള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ സാമൂഹ്യ‑സാമ്പത്തിക വികസനത്തിനായി 2020‑ല്‍ നല്‍കിയത് 37.9 ബില്യണ്‍ ഡോളറാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നികുതികള്‍, ശമ്പളം, വിതരണക്കാര്‍ക്കുള്ള പണം നല്‍കല്‍ തുടങ്ങിയവയിലൂടെയാണ് വിവിധ രാജ്യങ്ങളുടെ ജിഡിപിക്ക് ഈ തുക ലഭ്യമാക്കിയത്.  സ്വര്‍ണ വില്‍പനയിലൂടെ ആകെ ലഭിച്ച വരുമാനത്തിന്റെ 63 ശതമാനം വരുന്നതാണിത്.  വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അംഗങ്ങളായ കമ്പനികള്‍ രണ്ടു ലക്ഷം പേര്‍ക്കാണ് പ്രത്യക്ഷ ജോലി നല്‍കുന്നത്.

ഇതില്‍ 95 ശതമാനത്തോളം പേര്‍ അതാതു രാജ്യങ്ങളിലെ പൗരന്‍മാരുമാണ്.  ഇതിനു പുറമെ 12 ലക്ഷം പേര്‍ക്ക് പ്രാദേശിക വിതരണക്കാര്‍ വഴിയുള്ള ജോലിക്കും പിന്തുണ നല്‍കുന്നുണ്ട്. ദേശീയതലത്തിലെ ശരാശരി വേതനത്തേക്കാള്‍ ആറിരട്ടി ഉയര്‍ന്ന തോതിലെ വേതനമാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അംഗ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന 38 രാജ്യങ്ങളില്‍ ജീവനക്കാര്‍ക്കുളള വേതനമായി 8.7 ബില്യണ്‍ ഡോളറാണ് 2020‑ല്‍ നല്‍കിയത്. നികുതികളായി 7.6 ബില്യണ്‍ ഡോളറും നല്‍കിയിട്ടുണ്ട്.

ഈ വ്യവസായ മേഖല സമൂഹത്തിനും സമ്പദ്ഘടനയ്ക്കും നല്‍കുന്ന സംഭാവനകളും മൂല്യങ്ങളുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇഎസ്ജി ടാസ്‌ക്ഫോഴ്സ് ചെയറും ന്യൂക്രെസ്റ്റ് മൈനിങ് സിഇഒയുമായ സന്ദീപ് ബിശ്വാസ് പറഞ്ഞു. സ്വര്‍ണ മേഖലയിലെ നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തില്‍ പ്രാദേശിക സമൂഹത്തിനു നേട്ടങ്ങളുണ്ടാക്കുമെന്നും മൈനിങ് കാലാവധി കഴിഞ്ഞാലും ഇതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഉത്തരവാദിത്തമുള്ള സ്വര്‍ണ ഖനന സ്ഥാപനങ്ങള്‍ പ്രാദേശിക, ദേശീയ സമ്പദ്ഘടനകളെ പിന്തുണക്കുന്ന രീതിയില്‍ എത്ര പ്രധാനപ്പെട്ട പങ്കാണു വഹിക്കുന്നതെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് ഈ റിപോര്‍ട്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ടെറി ഹെയ്മാന്‍ പറഞ്ഞു.

eng­lish sum­ma­ry; World Gold Coun­cil mem­bers donate $ 38 bil­lion to local economies by 2020

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.