October 1, 2022 Saturday

ലോകം ‘ജീവൻ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഏറ്റെടുക്കുന്നു

ബേബി പോളശ്ശേരി
October 15, 2020 6:07 am

ബേബി പോളശ്ശേരി

എല്ലാവർഷവും ഈ ദിവസം ആഗോള കൈകഴുകൽ ദിനം വന്നുപോകുന്നു. പത്ര, ദൃശ്യമാധ്യമങ്ങൾ ഈ ദിവസത്തെ പ്രാധാന്യം വരകളിലൂടെയും വീഡിയോകളായും ഓർമ്മിപ്പിക്കാറുണ്ട്. ഔദ്യോഗിക ബോധവൽക്കരണങ്ങളും കാലാകാലങ്ങളിൽ വന്നുപോകുന്നുണ്ട്. ചില സ്കൂളുകൾ ഈ ദിനം പേരിനുമാത്രം ആചരിക്കുന്നു. 2020 വർഷത്തെ കൈകഴുകൾ ദിനത്തിന്റെ സന്ദേശം ‘ജീവൻ രക്ഷിക്കുക’ എന്നാണ്. ഈ മഹാമാരി കാലത്ത് കൈ കൈകഴുകി ജീവൻ രക്ഷിക്കുക എന്നത് എത്ര പ്രസക്തമായ മുദ്രാവാക്യം. കോവിഡ് മഹാമാരി വന്നപ്പോഴാണ് ഫലപ്രദമായി കൈകഴുകേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും നാം ശരിയായി മനസിലാക്കുന്നത്.

വർഷംതോറും എത്രയോ കുഞ്ഞുങ്ങൾ വയറിളക്കവും ന്യൂമോണിയ തുടങ്ങിയ ശ്വാസകോശരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങി മറ്റുസ്ഥിരീകരിക്കാത്ത രോഗങ്ങൾ കാരണവും മരണമടയുന്നു, അല്ലെങ്കിൽ ആശുപത്രിവാസം അനുഭവിക്കുന്നു. സാമ്പത്തികവും ശാരീരികവുമായ ക്ലേശങ്ങൾ വേറെ. അതിനൊക്കെ പ്രധാന കാരണം വൃത്തിഹീനമായ കൈകളിൽക്കൂടി രോഗാണുക്കൾ അകത്തെത്തുന്നു എന്നതുതന്നെയാണ്. അതായത് നമുക്ക് ഒരുപാടു കുഞ്ഞുങ്ങളെ കൈകഴുകിക്കൊണ്ട് അസുഖങ്ങളിൽനിന്നു രക്ഷപ്പെടുത്താമായിരുന്നു.
ചുരുങ്ങിയ ചിലവുമാത്രമുള്ള സോപ്പിന്റെയും വെള്ളത്തിന്റെയും അണുപ്രഹരണശേഷി തിരിച്ചറിയാൻ കോവിഡ് കാലംവരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഇത്രയും മാരകശേഷിയുള്ള വൈറസിനെ നശിപ്പിക്കാൻ സോപ്പിനും വെള്ളത്തിനും കഴിയുമെങ്കിൽ മറ്റു രോഗങ്ങളെയും നിഷ്പ്രയാസം നമുക്ക് അകറ്റിനിർത്താമായിരുന്നുവല്ലൊ.

കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും എന്നെഴുതിയ കവി ഭാവനപോലെ അരൂപിയായ വൈറസ് സർവ്വ വ്യാപിയായിരിക്കുന്നു. ഒരു കൊറോണ രോഗി (വാഹകൻ) എവിടെയൊക്കെ പോകുന്നു, എവിടെയൊക്കെ സ്പർശിക്കുന്നു, ഇടപഴകുന്നു അവിടെയെല്ലാം രോഗാണുവ്യാപനം സംഭവിക്കുന്നു. രോഗിയുടെ സഞ്ചാരപഥം എടുക്കുന്നതും തുടർന്ന് സാധ്യതയുള്ളവർ ക്വാറന്റൈനിൽ പ്രവേശിക്കപ്പെടുന്നതും നാം കാണുന്നുണ്ടല്ലൊ. അവിശ്വസനീയവും അത്ഭുതകരവുമാണ് രോഗാണുവിന്റെ വ്യാപനവഴികൾ. ശ്രദ്ധിച്ചാൽ മനസിലാകും രോഗാണു പകരുന്നത് പ്രധാനമായും കൈകളിൽക്കൂടിയാണെന്ന്. അവിടെയാണ് കൈ കഴുകുന്നതിന്റെ, പ്രത്യേകിച്ച് സോപ്പിട്ടു കഴുകുന്നതിന്റെ പ്രാധാന്യം വരുന്നത്. കൊറോണ വൈറസ് മാത്രമല്ല മുൻസൂചിപ്പിച്ചതുപോലെ മറ്റനേകം രോഗങ്ങളും വന്നതും ചികിൽസിക്കേണ്ടിവന്നതും ആശുപത്രിവാസം അനുഭവിക്കേണ്ടിവന്നതും ഈ കൈകളിൽക്കൂടി രോഗാണു അകത്തുചെന്നതു കൊണ്ടാണെന്നു നാം മറക്കാതിരിക്കുക.

കോവിഡിനു ശേഷമുള്ള കാലം ലോകക്രമത്തിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. പല ലോകരാജ്യങ്ങളും അഭിവാദ്യം ചെയ്യാൻ ഇന്ത്യയുടെ തനതായ ‘കൂപ്പുകൈ’ ശീലം പിന്തുടരാൻ തുടങ്ങിയിരിക്കുന്നു എന്നത് ശുഭോദർക്കമാണ്. ഔദ്യോഗിക കണക്കുകൾ വരുന്നതേയുള്ളു എങ്കിലും കൈകൾ സോപ്പിട്ടു കഴുകുക എന്നശീലം വന്നതിനുശേഷം കുട്ടികളുടെയും അസുഖങ്ങൾ വളരെ കുറഞ്ഞിട്ടുണ്ടെന്നുള്ളത് ഒരു വാസ്തവമാണ്. കുഞ്ഞുങ്ങൾക്കു മാത്രമല്ല വലിയവർക്കും കൈകളിൽക്കൂടി പകർന്നു കിട്ടുന്ന രോഗങ്ങൾ വളരെ കുറഞ്ഞിരിക്കുന്നു. ഈ സാമൂഹ്യാവബോധം കൊണ്ടുവരാൻ ഇന്നത്തെ മഹാമാരി ഒരു നിമിത്തമായി എന്നു നമുക്കു കരുതാം. നമ്മുടെ ആരോഗ്യ വിഭാഗത്തിന്റെയും മറ്റു സന്നദ്ധ സംഘടനകളുടേയും നിരന്തരമായ ബോധവല്ക്കരണ പരിശ്രമങ്ങളും പൊതുജന പിന്തുണയുമാണ് അതു സാധ്യമാക്കിയതെന്ന് നമുക്ക് അഭിമാനിക്കാം.

അൽപ്പം മുൻപ് സ്ഥിതി വ്യസ്തസ്ഥമായിരുന്നുവല്ലൊ! കല്യാണങ്ങൾ മാമാങ്കങ്ങളായി വളർന്നപ്പോൾ. തിരക്കും സമയക്കുറവും മൂലം ഇടികൂടി ഭക്ഷണം കഴിക്കുക എന്ന രീതി. ഭക്ഷണത്തിനു മുൻപ് കൈകഴുകുക എന്ന ശീലം കുറഞ്ഞു വന്നു. മനസമാധാനത്തിനു കൈയ്യൊന്നു നനയ്ക്കൽ മാത്രം. അതായത് കൂട്ടത്തോടെ ഭക്ഷണം കഴിക്കാനിരിക്കുന്നിടത്തുനിന്നു കൈകഴുകൽ പ്രക്രിയ ഏതാണ്ട് അപ്രത്യക്ഷമാകുകയോ അഥവാ വഴിപാട് പ്രക്രിയ ആകുകുകയോ ചെയ്തിരുന്നു. പല സദ്യകൾക്കും ഇരുന്നതിനുശേഷം ഗ്ലാസിൽ കൊണ്ടുവച്ച വെള്ളംകൊണ്ട് കൈ നനക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. ശുചിമുറിയിൽ പോയിവന്നാൽ കൈകൾ നിർബന്ധമായും സോപ്പിട്ടു കഴുകുക എന്നത് ഒരു ശീലമായി വളർത്തേണ്ടതുണ്ട്. മുതിർന്നവർ അതു ചെയ്യാത്തതുകൊണ്ടാണ് കുഞ്ഞുങ്ങളിലേക്ക് മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടരാനിടവരുന്നത്. മുലയൂട്ടുന്ന അമ്മമാർ അവരുടെ കൈകൾ ശുദ്ധമായിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതാണ്. കൈകൾ കൊണ്ട് മുലക്കണ്ണുകൾ തൊടുക, കുപ്പിയിൽ പാൽ കൊടുക്കുമ്പോൾ നിപ്പിളിൽ തൊടുക, ഭക്ഷണം കൈകൊണ്ട് കൊടുക്കുക മുതലായവക്കു മുൻപ് കൈ നിർബന്ധമായി സോപ്പിട്ടു കഴുകേണ്ടതാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൈകഴുകൽ ശീലങ്ങളെപ്പറ്റി ഒരു സർവെ ഫലം കഴിഞ്ഞ വർഷാവസാനം പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ നാം 11-ാം സ്ഥാനക്കാരാണ്. സാക്ഷരതയിലും വൃത്തിയിലും വെടുപ്പിലും ഒന്നാം സ്ഥാനത്താണ് എന്ന് സ്വയം അഭിമാനിക്കുന്ന മല്ലൂസ്, മര്യാദയ്ക്കു കൈകഴുകിയിരുന്നില്ലെന്നല്ലേ അനുമാനിക്കേണ്ടത്? പക്ഷെ നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിം ഒന്നാം സ്ഥാനം കൊണ്ടുപോയി.
ഭക്ഷണത്തിനു മുൻപ് കേരളീയർ 53.8 ശതമാനം പേർ സോപ്പിട്ടു കൈകഴുകുന്നു. 43.8 ശതമാനം വെള്ളം മാത്രം ഉപയോഗിക്കുന്നു. 1.8 ശതമാനം കൈകൾ കഴുകാറില്ലത്രെ! മറിച്ച്, സിക്കിം യഥാക്രമം 87.8ശതമാനം, 11.7 ശതമാനം, 0 ശതമാനം. അതിശയകരമായ, നമ്മൾക്കില്ലാതെപോയ അവബോധം! പ്രാഥമിക കൃത്യത്തിനു ശേഷം കേരളം 88 ശതമാനം സോപ്പുപയോഗിക്കുമ്പോൾ സിക്കിമിൽ 99.5 ശതമാനം ജനതയും സോപ്പുപയോഗിക്കുന്നു.
ഈ കോവിഡ് മഹാമാരിക്കു ശേഷം നമ്മൾ കേരളീയരുടെ സോപ്പിട്ടു കൈകഴുകൽ ശീലം കുത്തനെ കൂടി എന്ന് അനുമാനിക്കാം. ശരിയായ കണക്കുകൾ വരട്ടെ. പക്ഷേ ഇന്ത്യ, ശരാശരി ഇപ്പോഴും 35 ശതമാനത്തിൽ നിൽക്കുന്നു എന്ന് ഈയിടെ വായിച്ചു. നാം കേരളീയർ ഒന്നാം സ്ഥാനത്തേത്താൻ ഇനിയും കൈകൾ കഴുകിക്കഴുകി മുന്നേറേണ്ടതുണ്ട് എന്നല്ലേ ഇതിൽ നിന്നു മനസിലാക്കേണ്ടത്. നമ്മൾ ഒന്നാമതാകും സംശയമില്ല, ജീവൻ രക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.