24 April 2024, Wednesday

ഇന്ന് ലോക ഹൃദയദിനം: ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യം: മന്ത്രി വീണാ ജോർജ്ജ്

Janayugom Webdesk
തിരുവനന്തപുരം
September 29, 2021 8:39 am

ലോക ഹൃദയദിനത്തിൽ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓർക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ലോകത്ത് ഏറ്റവുമധികം ആളുകൾ മരണമടയുന്നത് ഹൃദ്രോഗങ്ങൾ മൂലമാണ്. അതിനാല്‍ തന്നെ ഹൃദയാരോഗ്യം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ‘ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും ഹൃദ്രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായും അവരുടെ ഹൃദയാരോഗ്യം ഉറപ്പു വരുത്തുന്നതിനായും പരിശ്രമിക്കാം എന്നാണ് ഈ സന്ദേശം ഓർമ്മിപ്പിക്കുന്നത്. ശരിയായ ഭക്ഷണ രീതി സ്വീകരിച്ചും, കൃത്യമായി വ്യായാമം ചെയ്തും പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കിയും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാം. ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.

രക്ത ധമനികളെ ബാധിക്കുന്ന രോഗങ്ങൾ, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങൾ, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ ഇവയെല്ലാം ഹൃദ്രോഗങ്ങളിൽ പെടുന്നു. അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോൾ, രക്താതിമർദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. കൃത്യമായി വ്യായാമം ചെയ്യുക, ദിവസവും അര മണിക്കൂർ നടക്കുക, സൈക്കിൾ ചവിട്ടുക, നീന്തുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഉപ്പും, അന്നജവും, കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മുഴുവനായോ, സാലഡുകളായോ, ആവിയിൽ വേവിച്ചോ പച്ചക്കറികളും, പഴവർഗങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ശരീരഭാരം ക്രമീകരിക്കുക തുടങ്ങിയവയിലൂടെ ഹൃദ്രോഗങ്ങൾ ചെറുക്കാൻ സാധിക്കും. രക്തമർദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം. മാനസിക പിരിമുറുക്കം തിരിച്ചറിയുകയും അത് ലഘൂകരിക്കാനുള്ള വഴികൾ തേടുകയും വേണം. കോവിഡ് കാലത്ത് ആരോഗ്യ പ്രശ്നങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വീട്ടിൽ കഴിയുമ്പോൾ കൃത്യമായ ദിനചര്യ പിന്തുടരുക, ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, മതിയായ അളവിൽ ഉറങ്ങുക, സാമൂഹ്യബന്ധങ്ങൾ നിലനിർത്തുവാനായി സമൂഹമാധ്യമങ്ങൾ, ഫോൺ എന്നിവ ഉപയോഗിക്കുക, സുഹൃത്തുക്കളെ ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസ് തുറന്ന് സംസാരിക്കുകയും ചെയ്യുക. ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് സർക്കാർ മേഖലയിലുള്ള കാത്ത് ലാബുകൾ ഏറെ സഹായകരമാണ്. പ്രധാന മെഡിക്കൽ കോളജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ അഞ്ച് ജില്ലകളിൽ ജില്ലാ, ജനറൽ ആശുപത്രികളിൽ കാത്ത് ലാബ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.