ഇന്ന് ലോക ഹൃദയദിനം

Web Desk
Posted on September 29, 2018, 8:00 am

Dr.Rajalekshmi.S  MD, DM, FACC, FESC, FICC, Senior  Con­sul­tant, Car­di­ol­o­gist, SUT Hos­pi­tal

സെപ്തംബര്‍ 29 ലോകഹൃദയദിനമായി ലോകമെമ്പാടും ആചരിക്കുകയാണ് എന്താണിതിന്റെ പ്രാധാന്യം?

ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇന്നത്തെ പരിപാടികളുടെ ഉദ്ദേശം. ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കണക്കുകള്‍ പ്രകാരം ഓരോവര്‍ഷവും ഏകദേശം 17.5 ദശലക്ഷത്തിലേറെ പേരാണ് ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരണമടയുന്നത്. ഒന്നാം നമ്പര്‍ കൊലയാളിയായി ഹൃദ്രോഗം മാറികഴിഞ്ഞു. ഇതില്‍ 85 ശതനവും തടയാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം. ഇതെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുവാനാണ് ഇങ്ങനെയൊരു ദിവസം തിരഞ്ഞെടുത്ത് World Heart Day ആയി ആചരിക്കുന്നത്.

World Heart Fed­er­a­tion ന്റെ ഈ വര്‍ഷത്തെ Theme ‘ഒരു വാഗ്ദാനം എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം നമ്മുടെ എല്ലാവരുടേയും ഹൃദയം’ എന്നതാണ്. ഹൃദയാരോഗ്യ സംരക്ഷണത്തിനായി നാം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തും എന്നുള്ളതിനാണ് വാഗ്ദാനം.
ഹൃദ്രോഗം എങ്ങനെ തടയാം ?

ജീവിതശൈലി രോഗങ്ങളായ പ്രമേഹം അമിത രക്തസമ്മര്‍ദം, അമിതകൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതു മൂലം ഹൃദ്രോഗ സാദ്ധ്യത കുറയുന്നു.
നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദയാരോഗ്യ സംരക്ഷണത്തിന് വലിയ പ്രയോജനം ചെയ്യും എന്തൊക്കെയാണവ?

1. ആരോഗ്യകരമായ ഭക്ഷണരീതി
2. ക്രമമായ വ്യായാമം
3. പുകവലി ഉപേക്ഷിക്കുക എന്നിവയാണ്

ആരോഗ്യകരമായ ഭക്ഷണരീതി എന്താണ് ?

വറുത്തതും പൊരിച്ചതുമായ ആഹാരം, ഫാസ്റ്റ് ഫുഡ്, ബേക്കറി സാധനങ്ങള്‍, മൈദ, ആട്ടിറച്ചി, മാട്ടിറച്ചി എന്നിവ ഒഴിവാക്കുക. പഞ്ചാസര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പച്ചക്കറി, പഴങ്ങള്‍ എന്നീ നാരടങ്ങിയ വസ്തുക്കള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. നമ്മുടെ ജീവിതരീതി മാറിയിരിക്കുന്നു. ചെറുപ്പക്കാര്‍ക്ക് 8 മുതല്‍ 12 മണിക്കൂര്‍ വരെ കംപ്യൂട്ടറിന്റെ മുന്നില്‍ ചിലവഴിക്കേണ്ടി വരുന്നു. ജോലിക്കിടിയില്‍ കഴിക്കാന്‍ പറ്റുന്ന സ്‌നാക്‌സ്, വെജിറ്റബള്‍ പഫ്‌സ്, പഴംപൊരി, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവ പതിവാകുന്നു. ഇത് ജീവിത ശൈലി രോഗങ്ങള്‍ക്ക് വഴിതുറക്കുന്നു.

ഭക്ഷണരീതിയോടൊപ്പം പ്രാധാന്യമുള്ള കാര്യമാണ് വ്യായമം. ചിട്ടയായ വ്യായമം ശീലിക്കുക. 45 മിനിട്ട് ചടുലമായ നടത്തം ആണ് ഉത്തമം. ഇത് ആഴ്ചയില്‍ 5 ദിവസമമെങ്കിലും ശീലിക്കുക.
പുകവലി, രോഗങ്ങളെ ത്വരിതപ്പെടുത്തുന്നു. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. പണ്ട് 60 വയസ്സുകാരെ കീഴ്‌പ്പെടുത്തിയിരുന്ന ഹൃദ്രോഗം ഇപ്പോള്‍ 30–40 കളിലുള്ളവരെ ബാധിക്കുന്നു. കുഴഞ്ഞു വീണുള്ള മരണം, ആബുലന്‍സിന്റെ നിലവിളി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

ഹൃദയദിനം ഒരു ചടങ്ങുമാത്രമാക്കാതെ നമുക്ക് വാഗ്ദാനങ്ങളോട് നീതിപുലര്‍ത്താം.