Web Desk

ലണ്ടന്‍

July 12, 2021, 11:57 am

ബ്രിട്ടനില്‍ കൈവിട്ട കളി; ആശങ്കയോടെ ലോകം

Janayugom Online

ലോകരാജ്യങ്ങള്‍ അടുത്ത കോവിഡ് തരംഗത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു.
വേനല്‍ക്കാലത്തിന് പിന്നാലെ കോവിഡ് കേസുകള്‍ കുതിച്ചുയരുകയും വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്ക് രാജ്യം എത്തിച്ചേരുമെന്ന് ടോറി എംപി ഡോ. ഡാന്‍ പൗള്‍ട്ടെര്‍ പറഞ്ഞു. 

കോവിഡ് വകഭേദങ്ങളുടെ തീവ്രവ്യാപനശേഷി മൂലം 2022 ന് മുന്‍പ് സാധാരണജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍ പൗള്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
19ന് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. 

പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലായേക്കുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 8ന് റിപ്പോര്‍ട്ട് ചെയ്ത 68,053 പ്രതിദിന കോവിഡ് കേസാണ് നിലവിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 

വീടിനുള്ളിലും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും ജനങ്ങള്‍ മാസ്ക് ധരിക്കേണ്ടിവരുമെന്ന് യുകെ വാക്സിന്‍ മന്ത്രി നദിം സഹവി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷവും ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മാസ്ക് നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വെയില്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പൊതുജനാരോഗ്യത്തിന് ഭീഷണി അല്ലാതാകുന്ന കാലത്തോളം മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് വെയില്‍സ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശനിയാഴ്ച മാത്രം 32,367 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. 34 കോവിഡ് മരണവും സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് 30,000ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങള്‍ രാജ്യത്ത് പടര്‍ന്നു പിടിക്കുകയാണ്. 

Eng­lish Sum­ma­ry : world in ten­sion because of covid restric­tions relaxed in britain

You may also like this video :