August 11, 2022 Thursday

ലോക കേരള സഭ: സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകം

Janayugom Webdesk
January 3, 2020 10:05 pm

പ്രവാസി മലയാളി സമൂഹത്തിന്റെ കേരളവുമായുള്ള ബന്ധം കൂടുതല്‍ സുദൃഢവും ഔപചാരികവും നിയമസാധുതയുള്ളതുമാക്കി ഉറപ്പിക്കുന്നതിന് അടിത്തറ പാകിക്കൊണ്ടാണ് രണ്ടാമത് ലോക കേരള സഭ സമാപിച്ചത്. കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിര്‍ണായക സ്ഥാനമാണ് പ്രവാസി മലയാളികള്‍ക്ക് ഉള്ളത്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ സര്‍വെ റിപ്പോര്‍ട്ട് 2017 ല്‍ 90,000 കോടി രൂപ പ്രവാസികളില്‍ നിന്നും കേരളത്തില്‍ എത്തിച്ചേര്‍ന്നതായി കണക്കാക്കുന്നു. അത് സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ 35 ശതമാനമാണ്. 2012 ലെ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് ഏറ്റവുമധികം വരുമാനം നല്‍കുന്ന പ്രവാസി സമൂഹമാണ് കേരളത്തിന്റേത്. അക്കൊല്ലം 49,965 കോടി രൂപയായിരുന്നു രാജ്യത്തേക്ക് പ്രവാസി മലയാളികള്‍ അയച്ചത്. പ്രവാസികള്‍ അയയ്ക്കുന്ന പണത്താല്‍ നിയന്ത്രിക്കപ്പെടുന്ന സമ്പദ്ഘടനയാണ് കേരളത്തിന്റേതെന്ന് നിസംശയം പറയാനാവും. ഏതാണ്ട് മുപ്പതു ലക്ഷം മലയാളികള്‍ ഗള്‍ഫ് നാടുകളടക്കം വിദേശ രാജ്യങ്ങളില്‍ തൊഴിലും ബിസിനസ് സംരംഭങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. അവരുടെ അധ്വാനത്തിന്റെ ഫലം കേരളത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും വികസനത്തിനുമായി വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമുക്കായിട്ടില്ല. ആസൂത്രിത വികസന കാഴ്ചപ്പാടിന്റെ അഭാവത്തില്‍ പ്രവാസികളില്‍ നിന്നുള്ള വരുമാനം അവരുടെയും നാടിന്റെയും സുരക്ഷിത ഭാവിക്കായി വിനിയോഗിക്കാനും വേണ്ടത്ര കഴിഞ്ഞിട്ടില്ല. മലയാളികള്‍ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ വലിയ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍ക്കാണ് വിധേയമാകുന്നത്. തല്‍ഫലമായ അനിശ്ചിതത്വം ആശങ്കാജനകമാണ്. കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തിയാല്‍ മാത്രമെ ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ പ്രവാസികള്‍ക്കും കേരളത്തിനും കഴിയു.

ലോക കേരള സഭ അംഗീകരിച്ച കരട് ബില്‍ പ്രവാസികളെ സംബന്ധിച്ചും കേരളത്തിന്റെ സമ്പദ്ഘടനയില്‍ അവര്‍ വഹിക്കേണ്ട പങ്കിനെ സംബന്ധിച്ചും സുപ്രധാനമായ ചുവടുവയ്പാണ്. ലോക കേരള സഭ ആഗ്രഹിക്കുംവിധം പ്ര­വാസി സമൂഹത്തിന് കേരളവുമായുള്ള ബന്ധത്തിന് നിയമസാധുത നല്‍കാന്‍ കേരള നിയമസഭ സന്നദ്ധമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ­ത്തരമൊരു നിയമനിര്‍മ്മാണം കേരളത്തിന്റെ പുന­ര്‍­നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് അനന്തമായ സാധ്യതകള്‍ തുറന്നുനല്‍കുന്ന ഒന്നായിരിക്കണം. പ്രവാസി മലയാളികള്‍‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ തൊഴിലിലും മറ്റ് സംരംഭങ്ങളിലും ഏര്‍പ്പെട്ട് അയച്ചുനല്‍കുന്ന പണത്തിന്റെ സിംഹഭാഗവും ഉല്‍പാദനക്ഷമമോ സാമ്പത്തിക വള­ര്‍­ച്ചയെ ഉത്തേജിപ്പിക്കുന്നതോ ആയ മേഖലകളിലല്ല വിന്യസിക്കപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂട. അക്കാര്യത്തില്‍ പ്രവാസി മലയാളിസമൂഹത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. പ്രവാസി മലയാളി സമൂഹത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ എല്ലാ കഴിവുകളും കേരളത്തിന്റെ പൊതു സമ്പത്തിന്റെ ഭാഗമായി മാറണം. നിര്‍മ്മിത ബുദ്ധിയടക്കം ആധുനിക ശാസ്ത്രസാങ്കേതിക വിദ്യാരംഗത്ത് നേതൃസ്ഥാനം വഹിക്കുന്ന ഒട്ടനവധി മലയാളികള്‍ ഉണ്ട്. അത്തരക്കാരെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം ലോക കേരളസഭയുടെ അടിത്തറയും ഉള്ളടക്കവും വിപുലീകരിക്കാന്‍ നമുക്ക് കഴിയണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ പൊതു താല്‍പര്യത്തിന് ഊന്നല്‍ നല്‍കുന്ന ഒരു സംവിധാനമായിരിക്കണം ലോക കേരള സഭയുടെ തുടര്‍ ലക്ഷ്യം. ഈ ധാരണയോടുകൂടി വേണം ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടി വിലയിരുത്തപ്പെടേണ്ടത്. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യങ്ങളെ ഹനിക്കും വിധം രാഷ്ട്രീയ അതിപ്രസരം ലോക കേരളസഭയുടെ പ്രവര്‍ത്തനത്തില്‍ കടന്നുകൂടാതിരിക്കാന്‍ തികഞ്ഞ കരുതല്‍ കൂടിയേ തീരു.

എല്ലാ മലയാളികളും എന്നപോലെ വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ് പ്രവാസി മലയാളികളും. പ്രവാസികള്‍‍ പാര്‍ക്കുന്ന വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളടക്കം സന്ദര്‍ശകരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആദരിക്കാനും ആതിഥ്യമരുളാനുമുള്ള ഉയര്‍ന്ന സാംസ്കാരിക ബോധം അവര്‍ക്കുണ്ട്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപരി നാടിന്റെ പൊതു താല്‍പര്യമാണ് അവരെ നയിക്കുന്നത്. ലോക കേരളസഭ ഏതെങ്കിലും ഒരു പ്രത്യേക ഗവണ്‍മെന്റിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഒന്നല്ല. കേരളത്തിന്റെ ദൈനംദിന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടിവരുന്ന ഗണ്യമായ ഒരു വിഭാഗത്തെ ഉള്‍ക്കൊള്ളാനും നാടിന്റെ സമഗ്ര പുരോഗതിയില്‍ അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള ഒന്നായി ലോക കേരള സഭ വളര്‍ന്നു വികസിക്കേണ്ടതുണ്ട്. രണ്ടാം ലോക കേരളസഭ ആ ദൗത്യത്തിന് ശക്തമായ അടിത്തറയാണ് പാകിയത്.

Eng­lish sum­ma­ry: World Ker­ala Coun­cil: Crit­i­cal to State’s Growth


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.