22 July 2024, Monday
KSFE Galaxy Chits Banner 2

ലോകകേരള സഭാ സമ്മേളനം; കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ: മുഖ്യമന്ത്രി

* യൂറോപ്യൻ രാജ്യങ്ങളിലും നിയമസഹായം 
* ഇന്ത്യൻ എംബസി വനിതാ സെൽ രൂപീകരിക്കണം
* ലോക കേരളസഭ സമാപിച്ചു 
Janayugom Webdesk
തിരുവനന്തപുരം
June 15, 2024 9:44 pm

പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ നടപടികൾ കൈക്കൊള്ളാനായി പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും ലോകകേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ പ്രവാസിക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. ഉത്സവ സീസണിൽ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കും.

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓൺലൈൻ സംഗമങ്ങൾ നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2019ല്‍ ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികൾക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. ഇതിലൂടെ 315 കോടിയോളം നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നൽകിയിട്ടുണ്ട്. 2019ലെ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് 23 ജനുവരി മുതൽ നൽകിത്തുടങ്ങി. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതർക്കും അപകടം സംഭവിക്കുന്നവർക്കും തൊഴിൽ നഷ്ടമാകുന്നവർക്കും സംരക്ഷണം നൽകാൻ പദ്ധതി വികസിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കും രോഗബാധിതർക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴിൽ നഷ്ടമായി തിരികെ വന്നവർക്ക് വായ്പാ ധനസഹായ പദ്ധതികള്‍ നടപ്പിലാക്കി. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷക്കുള്ള ക്രിട്ടിക്കൽ ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്. നോർക്ക ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യവും നിർവഹിക്കപ്പെടും. 

ലോകമെങ്ങുമുള്ള പ്രവാസികൾക്ക് പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ലോക മലയാളികളെ കൂട്ടിയിണക്കുന്നതിനുമാണ് ലോക കേരളം പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. പോർട്ടലിന്റെ പ്രവർത്തനങ്ങളിൽ പരമാവധി മലയാളികളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനും ആശയങ്ങൾ കൈമാറാനും പ്രവാസികൾ പ്രേരിപ്പിക്കണം. കേരളത്തിൽ രൂപപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം നൽകുന്നതിന് പ്രവാസികളായ ഏഞ്ചൽ ഇൻവെസ്റ്റേഴ്സിന്റെ ഏജൻസികൾ രൂപീകരിക്കുന്നതിനുള്ള നിർദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തർദേശീയ അംഗീകാരം നേടുന്ന സന്ദർഭമാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിർദേശം നടപ്പിലാക്കാൻ ശ്രമിക്കും.

ഗൾഫിലെ തുറമുഖങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ നോർക്കാ റൂട്സും മാരിടൈം ബോർഡും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികൾക്കുള്ള നിയമസഹായം നൽകിവരുന്നുണ്ട്. ഈ മാതൃകയിൽ യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കൽ പരിഗണിക്കും. തിരിച്ചെത്തുന്ന പ്രവാസികളിൽ മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനങ്ങളുണ്ട്. ഇത് വിപുലപ്പെടുത്തി പ്രാദേശിക തലത്തിൽ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കും. വിദേശരാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യൻ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:World Ker­ala sab­ha; Pravasi Mis­sion on the mod­el of Kudum­bashree: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.